ബാലെ എന്നത് ഒരു കോമഡിയായി കാണിച്ച് സിനിമ ചെയ്യില്ല എന്ന തീരുമാനത്തിലാണ് 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എടുത്തതെന്ന് സംവിധായകനായ റഷീദ് പറമ്പിലും തിരക്കഥാകൃത്തായ ഫെബിന്‍ സിദ്ധാര്‍ഥും. എല്ലാ സിനിമകളിലും ബാലെ എന്നത് അഭിനയിക്കാനാറിയാത്ത ആളുകളുടെ പരിപാടി ആണെന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാലെ വച്ചിട്ടോ ബാലെക്കാരെ വച്ചിട്ടോ ഒരു കോമഡി ഞങ്ങള്‍ പ്ലേസ് ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നു എന്ന് തിരക്കഥാകൃത്ത് ഫെബിന്‍ സിദ്ധാര്‍ഥ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബാലെ ബേസ് ചെയ്ത് ഒരു ഇന്‍സിഡന്റിന്റെ അടിസ്ഥാനത്തിലുണ്ടായ കഥയാണ് ഭാഗവാന്‍ ദാസന്റെ രാമരാജ്യം എന്ന് ഫെബിന്‍ സിദ്ധാര്‍ഥ് പറയുന്നു. ബാലെ ഷോർട്ട് ഫിലിമിന്റെ സമയത്ത് കുറച്ച് പഠിച്ചിരുന്നു. സിനിമ എന്നത് വലിയ ഒരു ഉത്തരവാദിത്തമാണെന്നതുകൊണ്ടു തന്നെ സീരിയസ്സായി പഠിക്കാന്‍ തീരുമാനിച്ച് യൂട്യൂബിലൊക്കെ ഒരുപാട് തപ്പി. പക്ഷേ എല്ലാത്തിലും മിമിക്രിക്കാര് ചെയ്ത ബാലെ മാത്രമേയുള്ളൂ. എല്ലാത്തിലും അവരെ തീരെ അഭിനയിക്കാനറിയാത്ത ആളുകളായിട്ടാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അന്ന് തന്നെ റഷീദിനെ വിളിച്ച് നമ്മള്‍ ബാലെ ഉപയോഗിച്ചുള്ള കോമഡി ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു എന്ന് ഫെബിന്‍ സിദ്ധാര്‍ഥ് പറഞ്ഞു. ഇക്കാര്യത്തില്‍ ബാലെ കളിക്കുന്നവര്‍ക്കും വിഷമമുണ്ട്, ബാലെയെപ്പറ്റി സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ നിങ്ങളും അതുപോലെ കോമഡിയാക്കി കാണിക്കാനാണോ എന്ന് ചോദിച്ചു എന്ന് റഷീദ് പറയുന്നു.
റഷീദ് പറഞ്ഞത്.
ഞാനും ഇതുവരെ ബാലെ കണ്ടിട്ടില്ല. അത് കാണാന്‍ പോയ സമയത്താണ് മനസ്സിലാകുന്നത് ഇക്കാര്യത്തില്‍ അവര്‍ക്കും വിഷമമുണ്ടെന്ന്. അവര്‍ പറയുന്നത് ഞങ്ങള്‍ കോസ്റ്റ്യും ഇട്ടിട്ടൊന്നും ഒരു സ്‌റ്റേജില്‍ നിന്ന് അടുത്ത സ്‌റ്റേജിലേക്ക് പോകാറില്ല എന്നാണ്. അതൊരിക്കലും അവര്‍ക്ക് ചെയ്യാനും പറ്റില്ല. ഒരു പാട്ട് നടന്നു കൊണ്ടിരിക്കുകയാണെന്ന് വിചാരിക്കുക, ശിവന്റെ വേഷം കെട്ടി സ്റ്റേജില്‍ കയറിയ ആള് ഒരു സെക്കന്റ് ഗ്യാപ്പില്‍ പുറത്തേക്ക് ഇറങ്ങിയിട്ട് മഹര്‍ഷിയായി മാറി വീണ്ടും സ്റ്റേജില്‍ കയറും. മിക്കവാറും ഒരാള് തന്നെയായിരിക്കും നാല് ക്യാരക്ടര്‍ ഒക്കെ ചെയ്യുന്നത്. മേക്കപ്പും കോസ്റ്റ്യുമും ഒക്കെ അവര്‍ തന്നെയായിരിക്കും ചെയ്യുക. ഭയങ്കര അധ്വാനമുള്ള അത്യാവശ്യം നന്നായി തല വര്‍ക്ക് ചെയ്യേണ്ട ഒരു പരിപാടിയാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് വിഷമമുണ്ട് ഞങ്ങളെ സിനിമയില്‍ ഒക്കെ ഇങ്ങനെയാണ് കാണിക്കുന്നത്, നിങ്ങളും അതുപോലെ കാണിക്കാനാണോ എന്ന് ചോദിച്ചു.
ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത് ടി.ജി രവിയും അക്ഷയ് രാധാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഭഗവാന്‍ ദാസന്റെ രാമരാജ്യം'. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്സണ്‍ കല്ലടയിലാണ് ചിത്രം നിര്‍മിക്കുന്നത്. നന്ദന രാജന്‍, ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി , നിയാസ് ബക്കര്‍, മാസ്റ്റര്‍ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുണ്‍ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തമെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. ചിത്രം ജൂലൈ 21ന് തിയറ്ററുകളില്‍ എത്തും