'ലിയോ'യുടെ കൈമാക്സിൽ പ്രേക്ഷകർ ചൂണ്ടിക്കാണിച്ച അപാകതകൾ താൻ മനസ്സിലാക്കുന്നുവെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ലിയോയിലെ ഫ്ലാഷ്ബാക്ക് സീനിൽ ആദ്യം ഗെയിം ഓഫ് ത്രോൺസിലെ റെഡ് വെഡിങ് പോലെ ഒരു പരിപാടി ആണ് പ്ലാൻ ചെയ്തതെന്നും എന്നാൽ സമയ പരിമിതി കാരണം അത് ഉപേക്ഷിക്കുകയായിരുനെന്നും ലോകേഷ് കനകരാജ് പറയുന്നു. നരബലി അടക്കമുള്ള കാര്യങ്ങൾ ചിത്രത്തിൽ ഉൾക്കൊള്ളിച്ചതിന് എതിരെയുള്ള പ്രേക്ഷകരുടെ വിമർശനവും താൻ മനസ്സിലാക്കുന്നുവെന്നും ക്ലൈമാക്സ് ഒന്നുകൂടി താൻ നന്നാക്കേണ്ടതായിരുന്നുവെന്നും നീലം സോഷ്യൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ മാസ്റ്റർ ക്ലാസ് ഡിസ്കഷനിൽ ലോകേഷ് കനകരാജ് പറഞ്ഞു.
ലോകേഷ് കനകരാജ് പറഞ്ഞത്:
ഞാൻ ചെയ്തു വന്ന ചിത്രങ്ങളിൽ നിന്നും ലിയോ കുറച്ച് വ്യത്യസ്തമായി ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന തരത്തിലായിരുന്നു ആ സിനിമയുടെ ഐഡിയ തന്നെ. മറ്റൊന്ന് എന്റെ എല്ലാ പടത്തിലും വില്ലൻ കഥാപാത്രം സ്ട്രോങ്ങായിരിക്കും എന്നാൽ ലിയോയിലേക്ക് വരുമ്പോൾ വില്ലൻ കഥാപാത്രത്തിന്റെ സ്ക്രീൻ പ്രസൻസ് തന്നെ വളരെ കുറവായിരുന്നു. ഞാൻ മരിച്ചു എന്ന് സ്വയം വിശ്വസിക്കുന്ന ഒരാളുടെ കഥയാണ് അത്. ഇരുപത് മിനിട്ടാണ് ഫ്ലാഷ്ബാക്കിനായി ടൈം ഉണ്ടായിരുന്നത് അത് കഴിഞ്ഞു തിരിച്ച് പാർത്ഥിപന്റെ കഥയിലേക്ക് വരണം. അതിനിടെ കൊമേഷ്യൽ ആസ്പെക്ടിൽ എനിക്കുണ്ടായിരുന്ന വെല്ലുവിളി എന്തെന്നാൽ ചിത്രത്തിൽ വിജയ്‌യുടെ ഒരു ഡാൻസ് സോങ് എങ്കിലും വേണം എന്നുള്ളതായിരുന്നു. നോർത്തിലെല്ലാം കൊണ്ടു പോയി ആ സിനിമ എനിക്ക് വിൽക്കണമെങ്കിൽ അതിൽ ഒരു പാട്ടെങ്കിലും എനിക്ക് വേണമായിരുന്നു. പ്രൊഡ്യൂസറുടെ പണം തിരിച്ചു കൊടുക്കേണ്ട ബാധ്യത എനിക്കുണ്ടല്ലോ? ആദ്യത്തെ പ്ലാൻ ഗെയിം ഓഫ് ത്രോൺസിലെ റെഡ് വെഡിങ് പോലെ ഒരു പരിപാടി ചെയ്യാം എന്നായിരുന്നു. എന്നാൽ അങ്ങനെ ചെയ്താൽ എനിക്ക് പാട്ടോ കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോയോ അതിൽ കൊണ്ടു വരാൻ സാധിക്കുമായിരുന്നില്ല. അതിൽ എന്ത് ചെയ്യാം എന്ന് ആലോചിച്ചാണ് പിന്നീട് ഇതിലേക്ക് വരുന്നത്. ആദ്യം മൃഗത്തെ ബലി കൊടുക്കുന്ന രീതിയാണ് ഉദ്ദേശിച്ചത്. പിന്നീടാണ് അറിഞ്ഞത് നരബലി ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ടെന്ന്. തുടർന്ന് നരബലിയെക്കുറിച്ച് പഠിച്ചപ്പോൾ നിറയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഞാൻ മനസ്സിലാക്കിയത്. അതൊന്നും ഒരു കൊമേർഷ്യൽ സിനിമയിൽ പറയാൻ സാധിക്കുമായിരുന്നില്ല. സിനിമയിൽ പറയാൻ സാധിക്കുന്നത് പോലെയാണ് ഞാൻ അത് പറയാൻ ശ്രമിച്ചത്. പക്ഷേ അത് തീർത്തും നടക്കാൻ യാതൊരു സാധ്യതയുമില്ലാത്ത കാര്യമായാണ് ആളുകൾ മനസ്സിലാക്കിയത്. 20 വർഷം പിന്നോട്ട് പോയി കഥ പറഞ്ഞ പോലെയാണ് അത് പലർക്കും തോന്നിയതെന്ന് പറഞ്ഞു. അത് ഞാൻ മനസ്സിലാക്കുന്നു. ഇപ്പോഴാണെങ്കിലും അത് മാറ്റി എഴുതണമെങ്കിൽ എനിക്ക് സമയം വേണം. കൈതിയിലെ പോലെ ഫ്ലാഷ്ബാക്ക് ഇല്ലാതെ കഥ പറഞ്ഞു പോയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ വരില്ലായിരുന്നു. അവിടെ ഒരു പാട്ട് വേണം, വിജയ്‌യുടെ ഒരു ലുക്ക് മാറ്റം വേണം എന്നുള്ളത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ചില കാര്യങ്ങൾ നമ്മൾ വിചാരിച്ച പോലെ പ്രേക്ഷകരിലേക്ക് എത്തില്ല. ഫ്ലാഷ്ബാക്ക് ഞാൻ കുറച്ചുകൂടി വർക്ക് ചെയ്യണമായിരുന്നു