കോഴിക്കോട് ഫാറൂഖ് കോളേജിൽ ഫിലിം ക്ലബ്ബിന്റെ അതിഥിയാക്കി വിളിച്ചതിന് ശേഷം കാരണമറിയിക്കാതെ പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് സംവിധായകൻ ജിയോ ബേബി. പരിപാടിക്കായി കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയതായി അറിയിച്ചത്, കാരണം ഔദ്യോഗികമായി പ്രിൻസിപ്പളിനോട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീട് ഉദ്ഘാടകന്റെ ചില പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ് എന്ന വിദ്യാർഥി യുണിയന്റെ പ്രസ്താവന അറിഞ്ഞെന്നും ജിയോ ബേബി പറഞ്ഞു. അപമാനിക്കപ്പെട്ടതിൽ പ്രതിഷേധം അറിയിച്ച സംവിധായകൻ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഹോമോസെക്ഷ്വാലിറ്റി പ്രമേയമാകുന്ന കാതൽ എന്ന ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയും സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് സംവിധായകന് ഇത്തരമൊരു അപമാനം കോളേജ് അധികൃതരുടെ അടുത്ത് നിന്നുണ്ടാകുന്നത്.
ഇത്തരം സാഹചര്യങ്ങൾ പരിതാപകരമാണെന്ന് ജിയോ ബേബി പറഞ്ഞു. കാതൽ എന്ന സിനിമയിലേക്ക് താൻ എത്തുന്നത് തന്നെ ഒരുപാട് മനുഷ്യർ ഒരു പാട് നാൾ പരിശ്രമിച്ചതിന്റെ ബാക്കിയാണെന്നും ഇത്തരം കാര്യങ്ങൾ സമൂഹത്തിനെ പിന്നോട്ട് വലിക്കുന്നതാണെന്നും ഇത് സമൂഹത്തിന്റെയും വരും തലമുറയുടെയും ഗതികേടാണെന്നും ജിയോ ബേബി ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.
ജിയോ ബേബി പറഞ്ഞത്:
വളരെ പരിതാപകരമാണിത്. ഞാൻ മാത്രമല്ല ഒരു കൂട്ടം മനുഷ്യരുടെ ഭയങ്കരമായ ശ്രമങ്ങളാണ് ഇതൊക്കെ. കാതൽ എന്ന സിനിമയിലേക്ക് ഞാൻ എത്തുന്നത് തന്നെ ഒരു പാട് മനുഷ്യർ ഒരു പാട് നാൾ പരിശ്രമിച്ചതിന്റെ ബാക്കിയാണ്. ഇനിയും ഒരുപാട് ശ്രമങ്ങൾ ഉണ്ടാവേണ്ടതായിട്ടുണ്ട്. ഒരുപാട് മനുഷ്യർ ഇത്തരം കാര്യങ്ങളെ ഒരു തരത്തിലൊക്കെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ പിന്നിൽ നിന്ന് വലിക്കുന്നത് സമൂഹത്തിന്റെ ഗതികേടാണ്. വരുന്ന തലമുറയുടെ ഗതികേടാണ്. തികച്ചും നിരാശജനകമാണ് ഇത്.
ഡിസംബർ അഞ്ചാം തീയതി നിശ്ചയിച്ചിരുന്ന ഫാറൂഖ് കോളേജിലെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനത്തിനും സട്ടിൽ പൊളിറ്റിക്സ് ഓഫ് മലയാളം സിനിമ ടുഡേ എന്ന വിഷയത്തിൽ സംസാരിക്കാനും വേണ്ടിയായിരുന്നു ജിയോ ബേബിയെ ക്ഷണിച്ചിരുന്നത്. എന്തുകൊണ്ട് പരിപാടി റദ്ദാക്കിയെന്ന് ആദ്യം അറിയിച്ചിരുന്നില്ല. പിന്നീടാണ് ഉദ്ഘാടകന്റെ ചില പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ് എന്നതിനാൽ പ്രസ്തുത പരിപാടിയുമായി ഫറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല എന്നാ കോളേജ് യൂണിയൻ ഇറക്കിയ പ്രസ്താവന കണ്ടത്. മാനേജ്മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാൻസൽ ചെയ്തതെന്ന് തനിക്ക് അറിയണമെന്നും ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ടെന്നും അതിനെക്കളേറെ താൻ അപമാനിതനായിട്ടുണ്ടെന്നും പങ്കുവച്ച വീഡിയോയിൽ ജിയോ ബേബി പറയുന്നു. ഇത്തരത്തിൽ ഒരു പ്രതിഷേധം അറിയിച്ചില്ലെങ്കിൽ അത് ശരിയല്ല. എനിക്ക് മാത്രമല്ല, നാളെ ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. എന്റെ പ്രതിഷേധമാണിതെന്നും ഇത്തരം വിദ്യാർത്ഥി യൂണിയൻ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് കൂടെ അറിയേണ്ടതുണ്ട് എന്നും പറഞ്ഞ ജിയോ ബേബി ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്നതായിരിക്കും എന്നും അറിയിച്ചു.