നടന്‍ എന്നതിനേക്കാള്‍ പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട വേദനയിലാണ് സംവിധായകന്‍ ഫാസില്‍ കോളേജ് പഠന കാലം മുതല്‍ കൂടെയുണ്ടായിരുന്നു സുഹൃത്തിനെയാണ് ഫാസിലിന് നഷ്ടപ്പെട്ടത്. ഏകദേശം 53 വര്‍ഷത്തെ സുഹൃത്ത് ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ആശുപത്രിയില്‍ പോകുന്നതിന് മുമ്പും നെടുമുടി വേണും ഫാസിലിനെ വിളിച്ചിരുന്നു. നെടുമുടി വേണുവിന്റെ വിയോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫാസില്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
ഫാസിലിന്റെ വാക്കുകള്‍: 'വേണുവിന്റെ സിനിമ ജീവിതത്തില്‍ ഒരു ദേശീയ പുരസ്‌കാരം കിട്ടിയില്ല എന്ന ഖേദമെയുള്ളു. ഭരതന്‍ സംവിധാനം ചെയ്ത മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന് ദേശീയ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു. പക്ഷെ അത് കിട്ടിയില്ല എന്നുള്ള ചെറിയ ഖേദം ഒഴിച്ചാല്‍ മലയാളത്തില്‍ എല്ലാം നേടിയതാണ് നെടുമുടി വേണു. വേണുവിന്റെ ജീവിതം എല്ലാവര്‍ക്കും ഒരു മാതൃകയാണ്.
എനിക്ക് നഷ്ടപ്പെട്ടത് വ്യക്തിപരമായി ഒരു വലിയ സുഹൃത്തിനെയാണ്. മരണത്തിലേക്ക് നയിച്ച ഈ ഹോസ്പിറ്റല്‍ ജീവിതത്തിലേക്ക് പോകുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് വേണു എന്നെ വിളിച്ചിരുന്നു. കാലത്ത് 8 മണിസമയത്ത് വിളിച്ചപ്പോള്‍ ഞാന്‍ എന്താണെന്ന് കരുതി. പക്ഷെ കുറേ നാളായില്ലെ വിളിച്ചിട്ട് അത് കൊണ്ട് വെറുതെ വിളിച്ചതാണ്. വേറെ വിശേഷമൊന്നും ഇല്ലല്ലോ പിന്നീട് വിളിക്കാം എന്നാണ് വേണു പറഞ്ഞത്. ഇതായിരുന്നു ഞങ്ങള്‍ തമ്മില്‍ നടന്ന അവസാനത്തെ സംഭാഷണം.'