മോഹൻലാലും ചിരഞ്ജീവിയും സൂപ്പർതാരങ്ങളാണെങ്കിലും തികച്ചും വ്യത്യസ്തരായ രണ്ട് അഭിനേതാക്കളാണെന്ന് സംവിധായകൻ മോഹൻ രാജ. അതിനാൽ തന്നെ മറ്റൊരു ലൂസിഫർ തെലുങ്കിൽ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും റീമേക്കിൽ നിന്ന് മാറി ചിരഞ്ജീവിയുടെ ഇമേജിന് ചേർന്ന മാറ്റങ്ങളോടെ പുതുക്കിപ്പണിയാനാണ് ആഗ്രഹിക്കുന്നതെന്നും സംവിധായകൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു സംവിധായകൻ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയോടെ പൂജ ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു. 'മോഹൻലാലിന്റെ ലൂസിഫറിനെ ഇഷ്ടമായതുകൊണ്ട് ചിരഞ്ജീവിക്ക് വേണ്ടി സിനിമയെ അഡാപ്പ്റ്റ് ചെയ്യുകയാണ്. മോഹൻലാലും ചിരഞ്ജീവിയും സൂപ്പർതാരങ്ങളാണെങ്കിലും അവർ തികച്ചും വ്യത്യസ്തമായ അഭിനേതാക്കളാണ്. ചിരഞ്ജീവിയുടെ ഇമേജിന് അനുയോജ്യമായ രീതിയിൽ ചില മാറ്റങ്ങളോടെ ലൂസിഫർ കൊണ്ടുവരാമെന്നാണ് കരുതുന്നത്. റീമേക്ക് എന്നതിനേക്കാൾ അഡാപ്റ്റേഷൻ എന്ന വാക്കാണ് അതിന് അനുയോജ്യം', മോഹൻ രാജ പറയുന്നു.
മലയാളം, തമിഴ് ഭാഷകളിലായിരുന്നു ലൂസിഫർ റിലീസ് ചെയ്തത്. മോഹൻലാലിനൊപ്പം ടൊവിനോ തോമസ്, പൃഥ്വിരാജ്, വിവേക് ഒബ്രോയ്, മഞ്ജു വാര്യർ, സാനിയ ഈയപ്പൻ, ഇന്ദ്രജിത്, സായിക്കുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ദീപക് ദേവായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. മുരളി ഗോപിയുടേതായിരുന്നു തിരക്കഥ. സാംജിത്ത് മുഹമ്മദ് എഡിറ്റിങും സുജിത്ത് വാസുദേവൻ ഛായാഗ്രഹണവും നിർവ്വഹിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ചിത്രം നിർമ്മിച്ചത്. 200 കോടി ആയിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ.