ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'മഹേഷിന്റെ പ്രതികാരം'. ശ്യാം പുഷ്കരൻ ആയിരുന്നു തിരക്കഥ. ഒരു ഷോർട്ഫിലിമിന് വേണ്ടി ആലോചിച്ചിരുന്ന കഥയായിരുന്നു 'മഹേഷിന്റെ പ്രതികാരം' എന്ന് സംവിധായകൻ ദിലീഷ് പോത്തൻ പറയുന്നു. നാട്ടിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് ശ്യാം പുഷ്കരനുമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് ഷോർട്ഫിലിമിന് പറ്റിയ കഥയാണല്ലോ എന്ന ആലോചനയുണ്ടായത്. ആ കഥയോട് തുടക്കം തോന്നിയ എക്സൈറ്റ്മെന്റ് വളർച്ചയുടെ ഒരു ഘട്ടത്തിലും നഷ്ടപ്പെട്ടില്ലെന്നും സംവിധായകൻ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ സംസാരിച്ചത്.
ദിലീഷ് പോത്തൻ അഭിമുഖത്തിൽ നിന്ന്:
മഹേഷിന്റെ പ്രതികാരം ആദ്യം ഒരു ഷോർട്ഫിലിമിന് വേണ്ടി ആലോചിച്ച കഥയാണ്. വെറുതെ വൈകുന്നേരം സംസാരിച്ചിരുന്ന സമയത്ത് നാട്ടിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് പറയുകയായിരുന്നു. ആ സംഭവത്തോട് ഒരു താൽപര്യം തോന്നി. ഇത് കൊള്ളാലോ, ഇതൊരു ഷോർഫിലിമിനായി ആലോചിക്കാനുളള സംഗതിയുണ്ടല്ലോ എന്ന്. പിന്നീട് ആ ഷോർട്ഫിലിമിന്റെ ആലോചന വളർന്ന് ഒരു സിനിമയിലേയ്ക്ക് എത്തിയതാണ്. പക്ഷെ തൊണ്ടിമുതലിൽ പൂർണ്ണമായ ഒരു തിരക്കഥയുമായാണ് സജീവ് വരുന്നത്. അത് സിനിമയ്ക്ക് വേണ്ടിത്തന്നെ പ്ലാൻ ചെയ്തിരുന്ന കഥയാണ്. തിരക്കഥ വായിക്കുന്നതിലുപരി നമുക്ക് ഒന്ന് സംസാരിക്കാമെന്നാണ് ഞാൻ പറഞ്ഞത്. ഞാനും പൊതുവെ സംസാരപ്രിയനായതുകൊണ്ട് സംസാരങ്ങളാണ് കൂടുതൽ ഉണ്ടാകാറുളളത്. മഹേഷിന്റേം തൊണ്ടിമുതലിന്റേം പ്ലോട്ടുകൾ മാത്രമല്ല ഇത്രയും കാലത്തിനിടയ്ക്ക് ഞാൻ കേട്ടിട്ട് എക്സൈറ്റഡ് ആയിട്ടുളളത്. മറ്റു പല കഥകളും എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടുണ്ട്. പക്ഷെ പലപ്പോഴും ആ ഐഡിയയെ ഡെവലപ് ചെയ്ത് തിരക്കഥയിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ വളർച്ചയിൽ, നമ്മൾ ഉദ്ധേശിക്കുന്ന, നമുക്ക് തൃപ്തികരമായ ഒരു വളർച്ച കിട്ടിക്കോളണം എന്നില്ല. അങ്ങനെ ഞാൻ ഉപേക്ഷിച്ച നിരവധി പൊജക്ടുകളുണ്ട്. കഥ കേൾക്കുമ്പോൾ തന്നെ സിനിമ ചെയ്യാമെന്ന് ഞാൻ തീരുമാനിക്കുന്നില്ല, മറിച്ച് മുന്നോട്ടുകൊണ്ടുപോകാൻ പറ്റുന്ന ഒന്നാണോ എന്ന് ആലോചിക്കും. ആ വളർച്ചയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ എനിക്കതിനോടുള്ള എക്സൈറ്റ്മെന്റ് നഷ്ടപ്പെട്ടാൽ ഞാൻ അത് അവിടെവെച്ച് ഉപേക്ഷിക്കാറാണ് പതിവ്. മഹേഷിനും തൊണ്ടിമുതലിനും തുടക്കം ഉണ്ടായിരുന്ന ആ എക്സൈറ്റ്മെന്റ് വളർച്ചയുടെ ഒരു ഘട്ടത്തിലും നഷ്ടപ്പെട്ടിട്ടില്ല. അതൊരു ഫൈനൽ പ്രൊഡക്ട് ആകുന്നതുവരെ.
ഫഹദിനൊപ്പം അനുശ്രീ, അപർണ ബാലമുരളി, സൗബിൻ സാഹിർ, കെ.എൽ ആന്റണി, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മഹേഷിന്റെ പ്രതികാരം' നിർമ്മിച്ചത് ആഷിഖ് അബു ആയിരുന്നു. 2016 ഫെബ്രുവരി 5ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് തീയറ്ററിലും മികച്ച പ്രതികരണമായിരുന്നു. ആ വർഷത്തെ മികച്ച ജനപ്രിയചിത്രത്തിനുള്ള സംസ്ഥാനചലച്ചിത്ര പുരസ്കാരവും ചിത്രം നേടി.