പുതുമുഖ സംവിധായകര്‍ക്ക് പൈസ കൊടുക്കേണ്ടാത്തത് നല്ല കാര്യമാണെന്ന അജു വര്‍ഗീസിന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. 'ഞങ്ങള്‍ പറയുന്ന കാര്യങ്ങളെ നിങ്ങള്‍ സീരീയസ് ആയി കാണരുത്. ഇന്റര്‍വ്യൂവില്‍ പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് എന്നതിനപ്പുറം അതിന് അത്ര സീരിയസ്നെസ് കൊടുക്കരുതെന്നാണ് ധ്യാന്‍ പറഞ്ഞത്. 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍ വെച്ചായിരുന്നു പ്രതികരണം.
ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്:
ഫണ്‍ടാസ്റ്റിക്കിന്റെ വിഷന്‍ എന്ന് പറയുന്നത് പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുന്നതാണ്. ഫസ്റ്റ് ടൈം ഡയറക്ട് ചെയ്യുന്ന ആള്‍ക്കാര്‍ക്ക് പൈസ സെക്കന്ററിയാണ്. അയാളുടെ ആദ്യത്തെ സിനിമയാണ്, അതില്‍ അയാള്‍ 100 ശതമാനം എഫേര്‍ട്ട് ഇടും, ഹാര്‍ഡ് വര്‍ക്ക് ചെയ്യും.
ആ രീതിയില്‍ അയാളെ ചൂഷണം ചെയ്യാം. തന്റെ ആദ്യ സിനിമ നന്നാവണം എന്നുള്ളത് അയാളുടെ കൂടെ ആവശ്യമാണ്. ഷഹദിനെ (പ്രകാശന്‍ പറക്കട്ടെയുടെ സംവിധായകന്‍ ഷഹദ് നിലമ്പൂര്‍) ഞങ്ങള്‍ സമീപിച്ചത് പൈസ കൊടുക്കണ്ട എന്നുള്ള നിലയിലല്ല. അതൊക്കെ തമാശക്ക് പറയുന്നതാണ്. ഞങ്ങള്‍ പൈസ കൊടുക്കാതിരുന്നിട്ടില്ല. അവന് കിട്ടേണ്ട പൈസയൊക്കെ കിട്ടിയിട്ടുണ്ട്. അവന്‍ ഹാപ്പിയാണ്.
സംവിധായകനല്ല, ഏത് ഡിപ്പാര്‍ട്ട്മെന്റിലെ ആള്‍ക്കാരായാലും ജോലി ചെയ്താല്‍ കാശ് കൊടുക്കണം. എല്ലാ ഡിപ്പാര്‍ട്ട്മെന്റിലെ ആള്‍ക്കാരും പെയ്ഡ് ആണ്. ഞാനുള്‍പ്പെടെ. ഞാന്‍ എഴുതിയതിനുള്ള ശമ്പളം കൃത്യമായി വാങ്ങിയിട്ടുണ്ട്.
സ്വന്തം കമ്പനിയില്‍ നിന്നായാലും എല്ലാവരും പണം വാങ്ങിയിട്ടുണ്ട്. ആരും ഇവിടെ വെറുതെ ജോലി ചെയ്യില്ല. അങ്ങനെ ഒരാളെ ചൂഷണം ചെയ്യാന്‍ പറ്റുമോ. ഇന്റര്‍വ്യൂവില്‍ പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് എന്നതിനപ്പുറം അതിന് അത്ര സീരിയസ്നെസ് കൊടുക്കരുത്. കാഷ്വലി പറഞ്ഞ ഒരു സാധനം എന്നതിനപ്പുറം അതിനെ കാണരുത്.
'ലൗ ആക്ഷന്‍ ഡ്രാമ ചെയ്തപ്പോള്‍ ഞാന്‍ പേയ്ഡ് ആണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ പുതുമുഖ സംവിധായകനാണ് ഞാന്‍. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല ഞാന്‍ വാങ്ങിയ പൈസ. കോടികളാണ് ഞാന്‍ വാങ്ങിയതെന്നും' ധ്യാന്‍ പറയുന്നു.
ജോലി ചെയ്താല്‍ ആരായാലും നമ്മള്‍ പൈസ കൊടുക്കണം. പുതുമുഖ സംവിധായകരെ സംബന്ധിച്ച് പൈസ എന്നതില്‍ അപ്പുറം അവര്‍ക്ക് വേണ്ടത് ഒരു അവസരമാണ്. എന്നാലും ഞങ്ങള്‍ നിര്‍മ്മിച്ച സിനിമകളിലെ എല്ലാ സംവിധായകര്‍ക്കും പൈസ കൊടുത്തിട്ടുണ്ട്. പക്ഷെ പുതുമുഖ സംവിധായകര്‍ നമ്മളോട് ഡിമാന്റ് ചെയ്യില്ലെന്നും ധ്യാന്‍ വ്യക്തമാക്കി.
'ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതിനെ അതിന്റെ സെന്‍സില്‍ എടുക്കണം. വിവാദം ഉണ്ടാക്കുന്നത് പുറത്ത് നിന്നുള്ളവരാണ്. നമ്മള്‍ എന്ത് പറയുന്നു എന്ന് നോക്കി നില്‍ക്കുന്ന കുറേ പേരുണ്ട്. ഭയങ്കര സെന്‍സിറ്റീവാണ് ഇന്നത്തെ ആളുകള്‍. ആ സെന്‍സില്‍ എന്നെയും അജുവിനെയുമൊക്കെ സീരിയസായി കാണാന്‍ തുടങ്ങിയാല്‍ പിന്നെ ഭയങ്കര പ്രശ്നമായിരിക്കു'മെന്നും ധ്യാന്‍ പറഞ്ഞു.
'സംവിധായകന് ശമ്പളം ഓക്കെയാണെങ്കില്‍ ഓക്കെ. ഒരു പുതുമുഖ സംവിധായകന് ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ കൊടുക്കാന്‍ പറ്റുന്നതിന്റെ മാക്സിമം ഞങ്ങള്‍ കൊടുത്തിട്ടുണ്ടെ'ന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.