Film News

അമ്പത് കടന്ന് ദേവദൂതൻ, സിനിമ അവസാനിപ്പിക്കാൻ സിബി മലയിലിനെ ചിന്തിപ്പിച്ച ചിത്രത്തിന്റെ റി റിലീസ് കളക്ഷൻ

റീ റീലിസിൽ അമ്പതാം ദിനം കടന്ന് മോഹൽലാൽ-സിബി മലയിൽ ചിത്രം ദേവദൂതൻ. ആദ്യ പ്രദർശനത്തിൽ ബോക്സ് ഓഫീസിൽ പരാജയമടഞ്ഞ ചിത്രം റീ മാസ്റ്ററിം​ഗിൽ 4K ദൃശ്യമികവിൽ മികച്ച കളക്ഷൻ നേടുന്നുവെന്ന അപൂർവത കൂടിയാണ് ഇതോടെ ദേവദൂതൻ സ്വന്തമാക്കിയിരിക്കുന്നത്. ജൂലായ് 26 നാണ് ദേവദൂതൻ വീണ്ടും തിയറ്ററുകളിൽ എത്തിയത്. മുമ്പ് മോഹൻലാലിന്റെ തന്നെ സ്ഫടികവും ഇപ്പോൾ മണിച്ചിത്രത്താഴും മലയാളത്തിൽ റീ റീലിസിനെത്തിയിട്ടും അതിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം ദേവദൂതനാണ്. 5.4 കോടി രൂപയാണ് ദേവദൂതന്റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ. റിലീസ് കാലത്ത് സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം റീ റിലീസിൽ ഇത്രയും അധികം വിജയം കൈവരിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ ഇത് ആദ്യം. ആദ്യം 50 തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത സിനിമ രണ്ടാം വാരം നൂറ് സ്ക്രീനിലേക്കും പിന്നീട് 200നടുത്ത് സ്ക്രീനിലേക്കും വ്യാപിപ്പിച്ചിരുന്നു.

മോഹൻലാലിന്റെ വൻ വിജയചിത്രങ്ങളിലൊന്നായ സ്ഫടികം ഫോർ കെയിൽ റീ മാസ്റ്റർ ചെയ്ത് 2023ൽ റീ റിലീസ് ചെയ്തപ്പോൾ 4.95 കോടി രൂപയാണ് ആകെ ​ഗ്രോസ് കളക്ഷനായി നേടിയത്. ഇതിനെയും മറികടന്നാണ് ദേവദൂതന്റെ നേട്ടം. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ സിയാദ് കോക്കറാണ് നിർമ്മിച്ചത്. ഇറങ്ങിയ സമയത്ത് സംവിധായകനെയും നിർമാതാവിനെയും തളർത്തിയും വിഷാദത്തിലാഴ്ത്തിയും പരാജയം സമ്മാനിച്ചൊരു ചിത്രമായിരുന്നു ദേവദൂതൻ. സംവിധായകൻ സിബി മലയിലിന് സിനിമ തന്നെ നിർത്തിക്കളഞ്ഞാലോ എന്നുവരെ തോന്നിപ്പിച്ച പരാജയം. എന്നാൽ 24 വർഷങ്ങൾക്കിപ്പുറമുള്ള ദേവദൂതന്റെ റീ റീലിസ് ചരിത്രം മാറ്റി മറിച്ചു. തിയറ്ററുകൾ ഹൗസ് ഫുള്ളായി, പരാജയ ചിത്രമെന്ന് പണ്ടേതോ കാലത്ത് തഴഞ്ഞു കളഞ്ഞൊരു സിനിമ കാണാൻ ആ സിനിമ ഇറങ്ങിയ കാലത്ത് ജനിച്ചിട്ടു പോലുമില്ലാത്തൊരു തലമുറ കാത്തിരുന്നു. മലയാളത്തിൽ ഒരു പക്ഷേ ദേവദൂതൻ എന്നൊരു ചിത്രത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്നൊരു വിശേഷണമായിരിക്കും ഇത്. വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും, അലീനയും, സെവൻസ് ബെല്ലൽ സൂക്ഷിച്ചു വച്ച ചാപ്പലും അതിലൂടെ ഒഴുകിയ സം​ഗീതവും ഒരിക്കൽ പരാജയത്തിന്റെ കയ്പ്പുനീർ രുചിച്ചിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസപ്പെടുന്നവരായിരിക്കും നമ്മളിൽ ഏറെയും. എന്തുകൊണ്ടാണ് ദേവദൂതൻ 2000 ത്തിൽ പരാജയപ്പെട്ടത്?, മോഹൻലാൽ എന്ന നടന്റെ സൂപ്പർതാര പദവിയോ? അതോ ദേവദൂതൻ എന്ന സിനിമയെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കാത്തതോ? ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് വിവിധ മാധ്യമങ്ങളിലായി സംവിധായകൻ സിബി മലയിലും തിരക്കഥാകൃത്ത് രഘുനാഥ് പലേരിയും നൽകിയ മറുപടികൾ.

സിബി മലയിൽ പറഞ്ഞത്:

എനിക്ക് തോന്നുന്നത് ഒരു വ്യത്യസ്തമായ ചിന്തയായിരുന്നു ദേവദൂതന്റേത് എന്നത് കൊണ്ടായിരിക്കും ഒരു പക്ഷേ ആ സിനിമ ആളുകൾ അന്ന് സ്വീകരിക്കാതെ പോയത്. മലയാളത്തിൽ അത്തരത്തിലുള്ള ഒരു ചിത്രം അവർക്ക് കണ്ട് ശീലമില്ല. പിന്നെ ഒരു എലമെന്റ് എന്ന് പറയുന്നത് നരസിംഹം പോലെയുള്ള ചിത്രങ്ങളിലൂടെ മോഹൻലാൽ എന്ന സൂപ്പർ സ്റ്റാർ ക്രിയേറ്റ് ചെയ്ത താര പരിവേഷമാണ്. ആ താര പരിവേഷത്തിന്റെ ഭാരം ഈ കഥാപാത്രത്തിന് മേലുണ്ടായിരുന്നു എന്നതാണ്. പ്രേക്ഷകർ അത്തരത്തിലുള്ള ഒരാളെയാണ് പ്രതീക്ഷിക്കുന്നത്. ദേവദൂതനിലെ നായക കഥാപാത്രമാകട്ടെ അതിനു നേരെ വിപരീതവും. കഥാപാത്രത്തിന്റെ ഹീറോയിസത്തിനായിരുന്നു അന്ന് പ്രേക്ഷകർ കൂടുതൽ. ആ താൽപര്യത്തെ ഒട്ടും തൃപ്തിപ്പെടുത്തുന്ന കഥയോ കഥാപാമോ ആയിരുന്നില്ല ദേവദൂതന്റേത്. പ്രേക്ഷകർ തിയറ്ററിൽ കാണാൻ വന്ന ഒരു സിനിമയല്ല അവർ കണ്ടത്. മാത്രമല്ല ഇത്തരത്തിലൊരു ഴോണർ അന്നത്തെ പ്രേക്ഷകർക്ക് പരിചിതവുമായിരുന്നില്ല. അതു തന്നെയായിരുന്നു പരാജയത്തിന്റെ പ്രധാന കാരണവും.

രഘുനാഥ് പലേരി പറഞ്ഞത്:

കൃത്യമായി പലർക്കും അന്ന് ദേവദൂതനെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടായിരിക്കില്ല, കഥാപാത്രത്തിന് പകരം നടനെയായിരിക്കും അവർ മുന്നിൽ കണ്ടിട്ടുണ്ടായിരിക്കുക, അതാണ് എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ച് ഞാൻ തിരക്കഥ എഴുതുമ്പോൾ ഞാൻ അഭിനേതാവിനെ കാണുന്നില്ല, ഞാൻ കഥാപാത്രത്തെയാണ് കാണുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ നമ്മൾ ഒരു അഭിനേതാവിനെ എടുക്കുമ്പോൾ ആ അഭിനേതാവിനെ സംബന്ധിച്ചുള്ള ഒരുപാട് കാര്യങ്ങൾ ഈ പ്രേക്ഷകന്റെ മനസ്സിൽ ഉണ്ടായിരിക്കും. അവരെ ഈ കഥപാത്രമായി കാണാതെ നടനായി കാണുമ്പോൾ അവർക്ക് ഇഷ്ടപ്പെടാത്ത തരത്തിലാണ് ആ നടൻ മറ്റ് കഥാപാത്രങ്ങളോട് പെരുമാറുന്നത് എങ്കിൽ ഒരുപക്ഷേ അവർ ആ സിനിമയെ നിരസിക്കാം. അത് സിനിമകളിൽ പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. ഇവിടെ മോഹൻലാൽ എന്ന നടനെ ആയിരിക്കാം ആളുകൾ കണ്ടിട്ടുണ്ടാവുക.അതിനെ ഉൾക്കൊള്ളാനുള്ള മനസ്സ് അന്നത്തെ സാഹചര്യത്തിലെ പ്രേക്ഷകന് കുറവായിരുന്നിരിക്കും. ഒരു പക്ഷേ അത് പിന്നീട് ഉൾക്കൊണ്ട് തലമുറയായിരിക്കാം ഇപ്പോഴുള്ളത്.

'നൂലില്ലാ കറക്കം', ശ്രീനാഥ്‌ ഭാസി പാടിയ 'മുറ'യിലെ ഗാനമെത്തി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്ത്രീ സൗഹൃദ തൊഴിലിടം ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം

'പൊറാട്ട് നാടക'ത്തിന് രാഷ്ട്രീയ പാർട്ടികളെ ട്രോളുന്ന സ്വഭാവമുണ്ട്': സുനീഷ് വാരനാട്

അവസാനമായി സിദ്ദീഖ് സാറിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് 'പൊറാട്ട് നാടകം', അദ്ദേഹം ഇപ്പോഴും ഈ സിനിമയ്ക്ക് പിന്നിലുണ്ട്: ധർമ്മജൻ ബോൾഗാട്ടി

രണ്ടും കൽപ്പിച്ച് ഡബിൾ മോഹനൻ, പൃഥ്വിരാജിന്റെ പിറന്നാളിന് 'വിലായത്ത് ബുദ്ധ' മാസ് ലുക്ക്

SCROLL FOR NEXT