യൂട്യൂബിലൂടെ തനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന ഗായകന്‍ എം ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ്. പാറളം പഞ്ചായത്തിലെ വിദ്യാര്‍ഥികളാണ് യൂട്യൂബിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് സംഭവം. എം ജി ശ്രീകുമാർ വിധികർത്താവായ മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ അർഹതയുള്ള മത്സരാർത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകി എന്നാണ് വീഡിയോയിലെ ആരോപണം.
മത്സരത്തിൽ നാലാം സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. നാലം സ്ഥാനം ലഭിക്കാത്തതിൽ പരാതി ഇല്ലെന്ന് മത്സരാത്ഥിയായ കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ മാപ്പു പറയുകയും യൂ ട്യൂബിൽ നിന്ന് വീഡിയോ നീക്കുകയും ചെയ്തിരുന്നു.
എന്നാൽ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയും തെറ്റായ പരാമർശങ്ങളിലൂടെ അപമാനിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് എം ജി ശ്രീകുമാര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടിരുന്നു.