മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന ചിത്രം ഉപയോഗിച്ച് ശരീരത്തെ പരിഹസിച്ച് വ്യക്തിയധിക്ഷേപം നടത്തുന്നുവെന്ന് വിമര്‍ശനം. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് കുഞ്ഞാലിമരക്കാര്‍ സിനിമയുമയെക്കുറിച്ചുള്ള ചര്‍ച്ച മോഹന്‍ലാലിന്റെ ശരീരവും തടിയും ചര്‍ച്ചയാവുന്ന രീതിയിലേക്ക് മാറുന്നത്. മോഹന്‍ലാലിനെതിരായ ബോഡി ഷേമിംഗ് ട്രോളുകളും പ്രചരിക്കുന്നുണ്ട്.
100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഹൈലൈറ്റ് ടീസര്‍ ആശിര്‍വാദത്തോടെ ലാലേട്ടന്‍ എന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഇതിന് ചുവടു പറ്റിയാണ് ബോഡി ഷേമിംഗ് പോസ്റ്റുകളും ട്രോളുകളും.
ഒരുപാട് വീരന്‍മാരെ തടിച്ചവര്‍ അഭിനയിച്ചു ഗംഭീരമാക്കിയിട്ടുണ്ട്. അത്തരം സിനിമകള്‍ ലോക സിനിമകളില്‍ ധാരാളമുണ്ട്. അതു കൊണ്ടു തന്നെ മോഹന്‍ലാലിന്റെ ഉടല്‍, ഉടലിന്റെ ആവിഷ്‌കാരങ്ങളെ പരിഹസിക്കാന്‍ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല. സിനിമ വരട്ടെ ,അതുവരെ എങ്കിലും കാത്ത് നില്‍ക്കണം. (ഈ സ്റ്റില്‍ പരിഹസിക്കാന്‍ ഉപയോഗിക്കുന്നവര്‍!) അത് മിനിമം സെന്‍സില്‍ സിനിമയോട് നാം പുലര്‍ത്തേണ്ട കാവ്യ നീതിയാണ്. മോഹന്‍ലാലിനൊപ്പം. എന്‍ വി മുഹമ്മദ് റാഫി (ഗവേഷകന്‍, ചലച്ചിത്രനിരൂപകന്‍)
കുഞ്ഞാലിമരക്കാര്‍ എന്ന സിനിമ ചരിത്രത്തോട് എത്രമാത്രം നീതിപുലര്‍ത്തുന്നതായിരിക്കുമെന്ന ചര്‍ച്ചകളും സമാന്തരമായി നടക്കുന്നുണ്ട്. നേരത്തെ മോഹന്‍ലാലിന്റെ സിനിമയിലെ ലുക്ക് പുറത്തുവന്നപ്പോള്‍ ഹോളിവുഡ് സിനിമകളിലേതിന് സമാനമായ പടച്ചട്ടയും തലപ്പാവും വിമര്‍ശിക്കപ്പെട്ടിരുന്നു.
പ്രിയദര്‍ശന്‍ സിനിമയിലെ വേഷധാരണം കുഞ്ഞാലിമരക്കാര്‍ എന്ന ചരിത്ര പുരുഷനെ അപഹസിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞാലിമരക്കാര്‍ സ്മാരകവേദി രംഗത്ത് വന്നിരുന്നു. മോഹന്‍ലാല്‍ അണിഞ്ഞ സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും മരക്കാറുടേത് അല്ലെന്നായിരുന്നു സമിതിയുടെ ആരോപണം. ധീരരക്തസാക്ഷിയെ ഭാവനയെ മുന്‍നിര്‍ത്തി അവതരിപ്പിക്കാനുള്ള ശ്രമം നിരാശാജനകമാണെന്നും കുഞ്ഞാലിമരക്കാര്‍ സ്മാരകവേദി പ്രസിഡന്റ് മജീദ് മരക്കാര്‍ ആരോപിച്ചിരുന്നു.
ഇതൊരു ചരിത്ര സിനിമയാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, അതിബുദ്ധിമാന്‍മാര്‍ക്ക് വേണ്ടി ഞാന്‍ സിനിമ എടുക്കാറില്ല. സാധാരണക്കാരായവര്‍ക്ക് വേണ്ടി സിനിമ എടുക്കാറുള്ളത്. ഈ സിനിമ നിങ്ങള്‍ക്ക് രസിക്കണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഇതൊരു ചരിത്ര സിനിമയൊന്നുമല്ല, എംടി സാര്‍ ചന്തുവിനെ മാറ്റിയെഴുതിയത് പോലെ ഞാനും മാറ്റിയെഴുതിയിട്ടുണ്ട്. ഇതൊരു റിയലിസ്റ്റിക് സിനിമയല്ല. ഞാന്‍ പഠിച്ച കുഞ്ഞാലിമരക്കാര്‍ എന്ന സ്വാതന്ത്ര്യസമര സേനാനിയെക്കുറിച്ചാണ് സിനിമ.പ്രിയദര്‍ശന്‍
നാല് ഭാഷകളിലായി പുറത്തുവരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ ദ ക്യു -മാസ്റ്റര്‍ സ്ട്രോക്ക് അഭിമുഖത്തില്‍ പറഞ്ഞിരുന്നു
അറേബ്യന്‍ ചരിത്രത്തില്‍ മരക്കാര്‍ ദൈവതുല്യനും യൂറോപ്യന്‍ ചരിത്രത്തില്‍ അദ്ദേഹം മോശക്കാരനുമാണ്. ഞാന്‍ മൂന്നാം ക്ലാസില്‍ കുഞ്ഞാലിമരക്കാര്‍ എന്നൊരു പാഠം പഠിച്ചിട്ടുണ്ട്. അന്ന് മുതല്‍ എന്റെ മനസിലൂടെ വളര്‍ന്നൊരു ഹീറോയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വലിയ ഹീറോ. എന്റെ കുഞ്ഞാലിമരക്കാര്‍ ആണത്. എന്ത് വിമര്‍ശനം വന്നാലും, നാളെ വരുമെന്നറിയാം. ഇതൊരു സെമി ഫിക്ഷനല്‍ സിനിമയാണ്.പ്രിയദര്‍ശന്‍
ടി ദാമോദരന്‍ മാഷാണ് കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയുടെ ചിന്ത എന്നില്‍ മുളപ്പിക്കുന്നത്. അതിനൊരു തിരക്കഥാരൂപം ഉണ്ടായിരുന്നു. കുഞ്ഞാലി മരക്കാരുടെ ഞാന്‍ വായിച്ചതും മനസിലാക്കിയതുമായ ചരിത്രം അവ്യക്തകള്‍ നിറഞ്ഞതായിരുന്നു, പ്രിയദര്‍ശന്‍ പറയുന്നു.
ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ മരക്കാര്‍ നിര്‍മ്മിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐ വി ശശിയും പ്രിയദര്‍ശനൊപ്പം തിരക്കഥയില്‍ പങ്കാളിയാണ്. കൂറ്റന്‍ വിഎഫ്എക്സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.
മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ദീഖ്, സംവിധായകന്‍ ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനേതാക്കളാണ്.