പ്രിയപ്പെട്ട ഡി.എസ്.എല്‍.ആര്‍ ക്യാമറക്ക് മുകളിലിരുന്ന് ഒരു ഫോട്ടോക്ക് പോസ് ചെയ്യുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?, നിങ്ങളെ താങ്ങാന്‍ ആ ഉപകരണത്തിന് ശേഷി ഇല്ലെങ്കില്‍ കേടുപാടുകള്‍ മൂലമുള്ള ധനനഷ്ടം സഹിക്കേണ്ടിവരും. ഏതായാലും സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷാലു പേയാട് ക്യാമറക്ക് മുകളില്‍ ഇരിക്കുന്ന പോസില്‍ ഒരു ചിത്രം ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ കമന്റുകളിലും മറ്റ് പോസ്റ്റുകളിലും ഫോട്ടോഗ്രഫി പ്രേമികളുടെ ഗ്രൂപ്പുകളിലുമായി തര്‍ക്കവും പ്രതിഷേധവും വിമര്‍ശനവും തുടങ്ങി. ഷാലുവിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റുകളായി വിമര്‍ശനവും തെറിയും വ്യക്തിയധിക്ഷേപവും.
കേരളത്തിലെ ക്യാമറമാന്മാരെല്ലാം മണ്ടന്മാരാണല്ലോ എന്നോര്‍ത്തിട്ട് തനിക്ക് ചിരി വരുന്നുണ്ടെന്നാണ് കമന്റിലെ പൊങ്കാലകളോട് ഷാലുവിന്റെ പ്രതികരണം. തന്നെ സംബന്ധിച്ചിടത്തോളം ക്യാമറ എന്നത് വെറുമൊരു ടൂള്‍ മാത്രമാണ്. അല്ലാതെ ദൈവമായിട്ടൊന്നും കാണാന്‍ കഴിയില്ലെന്ന് ഷാലു പേയാട് 'ദ ക്യു'വിനോട് പറഞ്ഞു.
'ചിലര്‍ പറയുന്നുണ്ട് സ്വന്തം മക്കളെപ്പോലെ കാണണമെന്ന്. ക്യാമറ വെറും മനുഷ്യനിര്‍മ്മിതമായ സാധനമാണ് അതിനെ മക്കളായിട്ട് കാണണം എന്നൊക്കെ പറഞ്ഞാല്‍ ചിരി വരില്ലേ. പൂജിക്കാനും താല്‍പര്യമില്ല. ഒരു കളിപ്പാട്ടം പോലെയാണ് ഞാന്‍ ക്യാമറയെ കാണുന്നത്. നമ്മുടെ കഴിവും ക്രിയേറ്റിവിറ്റിയും മനസിലുളള ഫ്രെയിമുകളുമാണ് എനിക്ക് വലുത്. വന്ന കമന്റുകളില്‍ ഭൂരിഭാഗവും ക്യാമറ ദൈവത്തെ പോലെ കാണണം എന്ന് പറയുന്നവരാണ്. കാസര്‍കോട്, വയനാട്, പാലക്കാട് അങ്ങനെ പല ഇടങ്ങളില്‍ നിന്ന് ഫോണ്‍ വിളിച്ച് ചീത്ത പറയുന്നവരുണ്ട്. ഫോട്ടോ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്റെ ക്യാമറ, എന്റെ ഫേസ്ബുക്ക് അക്കൗണ്ട്, എന്റെ ഫോട്ടോ അത് ഞാന്‍ ഡിലീറ്റ് ചെയ്യേണ്ട ഒരാവശ്യവുമില്ല'. ഷാലു ഇക്കാര്യത്തില്‍ തീര്‍ത്ത് പറയുന്നു.
തനിക്ക് നേരെ വന്ന ചീത്ത വിളികള്‍ക്ക് പരിഹാസം നിറഞ്ഞ മറുപടികളാണ് ഷാലു നല്‍കിയത്. സൈക്കിളിന്റെ വീലിലും കമ്പികളിലും പൈപുകളിലുമൊക്കെ ഞാന്‍ കാമറ തൂക്കി ഇടാറുണ്ട്. ഈ പറയുന്ന ആളുകള്‍ക്കൊന്നും അത് ചിന്തിക്കാന്‍ പോലും പറ്റില്ല. കാരണം ദൈവത്തോട് അങ്ങനൊന്നും ചെയ്യാന്‍ പാടില്ലല്ലോ. ഇനി ഇവര്‍ ക്യാമറ പ്രതിഷ്ഠയാക്കി അമ്പലം പണിയുമോ എന്നാണ് എന്റെ പേടിയെന്നുമാണ് ഷാലു പേയാടിന്റെ പ്രതികരണം. മോഹന്‍ലാല്‍ ചിത്രം മരക്കാറിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് ഷാലു പേയാട്. പ്രിയദര്‍ശന്റെ ഹിന്ദി ചിത്രമായ 'ഹംഗാമ 2' ആണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം.