ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രം കാണണമെന്ന് ആവശ്യപ്പെട്ട ആരാധകന് മറുപടി നൽകി ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ് വുഡ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് രാഘവ ലോറൻസ്, എസ് ജെ സൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ജിഗർതണ്ട ഡബിൾ എക്സ്. ഞങ്ങൾ ഇന്ത്യക്കാർ ജിഗർതണ്ട ഡബിൾ എക്സ് എന്ന ഒരു തമിഴ് സിനിമ നിർമ്മിച്ചിട്ടുണ്ടെന്നും ആ മുഴുവൻ സിനിമയും നിങ്ങൾക്കുള്ള ഒരു ട്രിബ്യൂട്ടാണെന്നും പറഞ്ഞ ഒരു ആരാധകന്റെ കമന്റിനാണ് ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ട്വിറ്ററിലെ ഔദ്ധ്യോഗിക അക്കൗണ്ട് മറുപടി നൽകിയത്. ഈ സിനിമയെക്കുറിച്ച് ക്ലിന്റിന് അറിയാമെന്നും അദ്ദേഹത്തിന്റെ പുതിയ സിനിമയായ ജൂറർ 2 പൂർത്തിയാകുമ്പോൾ അദ്ദേഹം അത് കാണുമെന്നും ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് ക്ലിന്റ് ഈസ്റ്റ് വുഡിന്റെ അക്കൗണ്ട് ആരാധകന് മറുപടി നൽകിയിട്ടുണ്ട്. ഹോളിവുഡ് നടനായ ക്ലിന്റ് ഈസ്റ്റ് വുഡിന് ആദരമെന്നോണമാണ് കാർത്തിക്ക് സുബ്ബരാജ് ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രം ഒരുക്കിയത്.
ക്ലിന്റ് ഈസ്റ്റ് വുഡിന്റെ മറുപടി കാർത്തിക്ക് സുബ്ബരാജ് തന്റെ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇതിഹാസ താരമായ ക്ലിന്റ് ഈസ്റ്റ് വുഡിന് ജിഗർതണ്ട ഡബിൾ എക്സിനെക്കുറിച്ചറിയാം, അദ്ദേഹം ഉടൻ അത് കാണും. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആരാധകരുടെ പേരിൽ ഞാനൊരുക്കിയ ആദരമാണ് ജിഗർതണ്ട ഡബിൾ എക്സ് എന്ന സിനിമയെന്നും സിനിമയെക്കുറിച്ച് അദ്ദേഹം എന്താകും പറയുക എന്നറിയാൻ കാത്തിരിക്കുന്നു എന്നും പറഞ്ഞ കാർത്തിക്ക് കമന്റിട്ട ആരാധകനും ട്വിറ്ററിലെ ജിഗർതാണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിന്റെ ആരാധകർക്കും നന്ദി രേഖപ്പെടുത്തുകയും നിങ്ങളാണ് ഈ സിനിമയെ അദ്ദേഹത്തിലേക്കെത്തിച്ചത് എന്നും പറഞ്ഞു.
2014ൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർത്തണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർത്തണ്ട ഡബിൾ എക്സ്. 1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് ജിഗർതണ്ട ഡബിൾ എക്സ് ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ, നവീൻ ചന്ദ്ര എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ആണ്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീതം. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.