ജോജു ജോർജ്ജ് സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ഛായാഗ്രാഹകൻ വേണുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഛായാഗ്രാഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്സ് യൂണിയൻ ഓഫ് മലയാളം സിനിമ (കുമാക്ക്). സിനിമയുടെ ചിത്രീകരണ വേളയിൽ ഉണ്ടായേക്കാവുന്ന തൊഴിൽപരവും കലാപരവുമായി എതിരഭിപ്രായങ്ങളും തർക്കങ്ങളും തീർപ്പാക്കുവാൻ അക്രമത്തിന്റെ ഭാഷയിലെ ഭീഷണികളും ഗുണ്ടായിസവും ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് ശക്തമായി പ്രതിരോധിക്കേണ്ടതാണെന്ന് പറഞ്ഞ കുമാക്ക് ഇത്തരം പ്രവണതകളെ ചലച്ചിത്ര വ്യവസായത്തിന്റെ പൊതുനന്മക്കായി തുടക്കത്തിലേ ഇല്ലായ്മ ചെയ്യേണ്ടതാണെന്ന് വ്യക്തമാക്കി. തൊഴിൽ പരമായ, കലാപരമായ വ്യത്യസങ്ങൾ പലപ്പോഴും സിനിമയിൽ ഉണ്ടാകാറുണ്ട്. അതിന്റെ വെളിച്ചത്തിൽ അതിനെയെല്ലാം ഒരു ഭീഷണിയുടെയോ ഗുണ്ടായിസത്തിന്റെ ബലത്തോടെ നേരിടുക എന്നത് മലയാള സിനിമ ഇൻഡസ്ട്രിക്ക് നല്ലൊരു കീഴ്വഴക്കം അല്ലെന്നും ആ ഒരു വിശ്വാസമുള്ളതുകൊണ്ട് അത് ജനങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും ശ്രദ്ധയിലേക്ക് കൊണ്ടു വരാൻ വേണ്ടിയും നിയമ നടപടി സ്വീകരിച്ചിരിക്കുന്ന വേണുവിനോടുള്ള പിന്തുണ അറിയിക്കുന്നതിനുമായാണ് കുമാക്ക് ഇത്തരത്തിലൊരു പത്ര പ്രസ്താവന ഇറക്കിയത് എന്ന് കുമാക്ക് പ്രസിഡന്റ് സണ്ണി ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അനോണിമസ്സായിട്ട് വേണുവിന് പല കോളുകളും മെസേജുകളും വന്നു. നിലവിൽ പറഞ്ഞിട്ടുള്ള സിനിമയുമായി ബന്ധപ്പെട്ട് ആ സ്ഥലത്ത് നിൽക്കുമ്പോഴാണ് ഇത് സംഭവിച്ചിരിക്കുന്നത്. ജനറലി ഇത്തരം ചില ടെൻഡൻസികൾ ഇപ്പോൾ നിലവിലുണ്ട്. തൊഴിൽ പരമായ, കലാപരമായ വ്യത്യസങ്ങൾ പലപ്പോഴും സിനിമയിൽ ഉണ്ടാകാറുണ്ട്. അതിന്റെ വെളിച്ചത്തിൽ അതിനെയെല്ലാം ഒരു ഭീഷണിയുടെയോ ഗുണ്ടായിസത്തിന്റെ ബലത്തോടെ നേരിടുക എന്നത് മലയാള സിനിമ ഇൻഡസ്ട്രിക്ക് നല്ലൊരു കീഴ്വഴക്കം അല്ല. ആ ഒരു വിശ്വാസമുള്ളതുകൊണ്ട് അത് ജനങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും ശ്രദ്ധയിലേക്ക് കൊണ്ടു വരാൻ വേണ്ടിയും വേണുവിനോടുള്ള പിന്തുണ അറിയിക്കാനുമായാണ് കുമാക്ക് ഇത്തരത്തിലൊരു പത്ര പ്രസ്താവന ഇറക്കിയത്. ആ പർട്ടിക്യുലർ സിനിമയുടെ പ്രശ്നം എന്താണെന്നുള്ളതല്ല നമ്മുടെ വിഷയം, തൊഴിൽ ഇടങ്ങളിലുള്ള സേഫ്റ്റിയും അതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇത്തരത്തിൽ അക്രമം ഉപയോഗിച്ച് അതിന് ഒരു സൊലൂഷൻ കണ്ടെത്താൻ ശ്രമിക്കുന്നതും ശരിയല്ല, അതാണ് ഞങ്ങളുടെ പോയിന്റ്. അതിപ്പോൾ വലിയ ക്യാമറമാൻ ആയാലും ചെറിയ ക്യാമറമാൻ ആയാലും എഡിറ്ററായാലും ആരായാലും തൊഴിലിടങ്ങളിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങളുടെ ഒരു പരിഹാര മാർഗം ഗുണ്ടായിസ്സമല്ല.സണ്ണി ജോസഫ് (കുമാക്ക് പ്രസിഡന്റ്)
സിനിമ മേഘലയിലുണ്ടാകുന്ന ഇത്തരത്തിലുള്ള ഭീഷണികളും അനഭിലഷണീയ പ്രവണതകളും ഗൗരവത്തോടെ കണ്ടു അവ അവസാനിപ്പിക്കാൻ കേരള സർക്കാരും പോലീസ് സംവിധാനവും ഫെഫ്ക്ക നേതൃത്വവും കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനും സത്വര നടപടികൾ സ്വീകരിക്കണമെന്നും കുമാക് പ്രസിഡന്റ് സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി സുജിത് വാസുദേവ് എന്നിവർ ആവശ്യപ്പെട്ടു. വേണു സ്വീകരിച്ചിട്ടുള്ള നിയമപരമായ തുടർനടപടികൾക്കു യൂണിയന്റെ പൂർണപിന്തുണ ഉണ്ടായിരിക്കുമെന്നും പ്രസ്താവനയിൽ കുമാക് അറിയിച്ചിട്ടുണ്ട്.
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പണി'. ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ആദ്യം ക്യാമറ മാനായി നിശ്ചയിച്ചിരുന്നത് വേണുവിനെയായിരുന്നു. പിന്നീട് അഭിപ്രായ ഭിന്നതകളെ തുടർന്ന് ചിത്രത്തിൽ നിന്ന് വേണു പിന്മാറിയിരുന്നു. ഇതിനെ തുടർന്ന് ചിലർ ഫോണിലൂടെ വേണുവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും വേണുവിനെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം സ്വന്തം ഇഷ്ട പ്രകാരമാണ് പിന്മാറിയതെന്നും സംഭവത്തെക്കുറിച്ച് മുമ്പ് നടൻ ജോജു ജോർജ്ജ് പ്രതികരിച്ചിരുന്നു.