Film News

ഏഴിമല പൂഞ്ചോല വീണ്ടും പാടി ചിത്ര; 'സ്ഫടികം' റീ റിലീസ് ഉടന്‍

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്പടികം റീ ലോഞ്ചിന് ഒരുങ്ങുകയാണ്. ചിത്രം 4 കെ ഡിജിറ്റല്‍ രൂപത്തിലാണ് പ്രേക്ഷകര്‍ക്കു മുന്‍പില്‍ വീണ്ടും എത്തുന്നത്. സ്ഫടികത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് 2020 ഏപ്രിലില്‍ ചിത്രം റീ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിട്ടതോടെ റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ തിയേറ്ററുകള്‍ വീണ്ടും തുറന്നതോടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയാണ് സ്ഫടികം. സ്ഫടികം റീലോഡ് വരുമ്പോള്‍ അതിലെ ഗാനങ്ങള്‍ക്കും അതേ അനുഭവം ഉണ്ടാകണം എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ചിത്രത്തിലെ ഗാനങ്ങള്‍ വീണ്ടും പുനര്‍ജ്ജനിപ്പിക്കുകയാണെന്ന് ഗായിക കെ.എസ് ചിത്ര തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

ചിത്രയുടെ കുറിപ്പ് :

'കഴിഞ്ഞ സണ്‍ഡേ (24.4.2022) എന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു. മറ്റൊന്നുമായിരുന്നില്ല, 27 വര്‍ഷം മുമ്പ് ഞാന്‍ പാടിയ 'സ്ഫടികം' സിനിമയിലെ മൂന്ന് പാട്ടുകള്‍ അതേ ഭാവത്തിലും രൂപത്തിലും ശബ്ദത്തിലും പുനര്‍ജ്ജനിപ്പിക്കുക! 3 വര്‍ഷം മുന്‍പ് ഭദ്രന്‍ സര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് യാദൃശ്ചികമായ ഒരു കണ്ടുമുട്ടലില്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ വലിയ ഒരു വിഷമ വൃത്തത്തില്‍ ആയി പോയി. അന്നത്തെ ഉര്‍വശിയുടെയും സില്‍ക്ക് സ്മിതയുടെയും ചെറു പ്രായത്തില്‍ സംഭവിച്ച ഒരു സിനിമ, ഇന്ന് പുതിയ സാങ്കേതിക മികവില്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആ പാട്ടുകളിലെ ശബ്ദത്തിനും കോട്ടം തട്ടരുതല്ലോ. പിന്നീട് അദ്ദേഹം തന്ന പ്രോത്സാഹനവും ധൈര്യവും എന്ത് കൊണ്ട് ഒന്ന് ശ്രമിച്ചു കൂടാ എന്ന് എന്നെ ചിന്തിപ്പിച്ചു. അതിന്റെ പുനര്‍സൃഷ്ടിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ഒരു ധൈര്യത്തില്‍ എന്റെ ഈശ്വരനെ ധ്യാനിച്ച് അങ്ങ് പാടി. ആ പാട്ടുകളുടെ രസതന്ത്രം ചോര്‍ന്നു പോവാതെ അതിന്റെ പല സ്ഥലങ്ങളിലും നേരത്തെ പാടിയതിലും 'പൊളിച്ചിരിക്കുന്നു ' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.

മോഹന്‍ലാല്‍ സാറിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹന്‍ലാല്‍ സാറിന്റെ കൂടെ ഒരിക്കല്‍ക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. സ്ഫടികത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്കിയിരിക്കുന്നത് മലയാളത്തിലെ ഹിറ്റ് മേക്കര്‍ കൂടിയായ എസ് പി വെങ്കിടേഷ് സാറ് ആണല്ലോ. കുറച്ചു നാളുകള്‍ക്കു ശേഷം എസ് പി വെങ്കടേഷ് സാറിന്റെ കൂടെ ഒരു റെക്കോര്‍ഡിങ് സെഷന്‍ കൂടി. പി ഭാസ്‌കരന്‍ മാസ്റ്റര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം രചിച്ചിരിക്കുന്നത്.

ഇനി കേട്ട് വിലയിരുത്തേണ്ടവര്‍ നിങ്ങളാണ്.എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് കൂടി വേണ്ടിയുള്ള ഒരു സമര്‍പ്പണമായി ഇത് തീരട്ടെ. 'സ്ഫടികം റീലോഡ് ', 4കെ അറ്റ്‌മോസില്‍ പാട്ടുകളും പടവും, മലയാളികള്‍ എക്കാലവും ഹൃദയത്തില്‍ കൊണ്ട് നടന്ന ഈ ചലച്ചിത്രം ഒരു അനുഭവമായി മാറട്ടെ.'

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

'ആത്മാഭിമാനം, അപമാനം, ആത്മാര്‍ത്ഥത'; പാലക്കാട് ബിജെപിയില്‍ സന്ദീപ് വാര്യര്‍ക്കും സി.കൃഷ്ണകുമാറിനും ഇടയില്‍ സംഭവിക്കുന്നതെന്ത്?

SCROLL FOR NEXT