Film News

രഞ്ജിത്തിനെതിരായ പരാതി; ചലച്ചിത്ര പുരസ്കാരത്തിലെ ഇടപെടലിൽ അന്വേഷത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി; അന്വേഷണം നടക്കട്ടെയെന്ന് രഞ്ജിത്

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്‌കാരികവകുപ്പിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിലാണ് 2022 ൽ വിനയന്റെ സംവിധാനത്തിൽ പുറത്തുവന്ന ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ നിന്നും ഒഴിവാക്കൻ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടു എന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. ജൂറിയെ സ്വാധീനിക്കാൻ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തിൽ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദ രേഖയും വിനയൻ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് അന്വേഷണം നടക്കട്ടെയെന്നും തെളിവുകൾ ഉണ്ടെങ്കിൽ സമർപ്പിക്കട്ടെയെന്നും അക്കാദമി ചെയർമാൻ രഞ്ജിത് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത് ജൂറിയോട് പറഞ്ഞതായി വിനയൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇതിനെക്കുറിച്ച് മന്ത്രി സജി ചെറിയാന്റെ പി എസ്സിനെ വിളിച്ചു പറഞ്ഞെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും വിനയൻ പറഞ്ഞു. എന്നാൽ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മുഴുവൻ അർഹതപ്പെട്ടവർക്കാണ് അവാർഡുകൾ ലഭിച്ചിരിക്കുന്നതെന്നും ഇതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ അതേ സമയം വിനയന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ രംഗത്ത് വന്നു. സാംസ്‌കാരികവും നവോത്ഥാന പരവുമായ പശ്ചാത്തലമുള്ളൊരു ചിത്രത്തെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാളായ രഞ്ജിത് ചവറ് സിനിമയെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ വീഴ്ചയാണെന്നും കൃത്യമായ അന്വേഷണം വേണമെന്നും ജിസ്മോൻ ആവശ്യപ്പെട്ടു. ഒപ്പം രഞ്ജിത്തിനെ പുറത്താക്കി അവാർഡ് നിർണയത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) എന്ന സംഘടനയും രംഗത്തെത്തി.

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

നസ്രിയയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ അമ്മ, പ്രിയദർശിനി എന്ന പേരിൽ നിന്നാണ് 'സൂഷ്മദർശിനി' എന്ന പേര് വന്നത്: എം സി ജിതിൻ

മിമിക്രി കലാകാരന്മാർ നടന്മാരാകുന്ന സംസ്കാരം തമിഴ് സിനിമയ്ക്കുണ്ടായിരുന്നില്ല, മലയാള സിനിമയാണ് എന്നെ പ്രചോദിപ്പിച്ചത്: ശിവകാർത്തികേയൻ

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

SCROLL FOR NEXT