നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന മെൻഡ് ഗെയിം ത്രില്ലർ 'ചെക്ക് മേറ്റ്' ഓഗസ്റ്റ് 9 മുതൽ തിയേറ്ററുകളിൽ. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി എത്തിയ ‘ചെക്ക് മേറ്റ്’ ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‍ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നത്. വിദേശത്ത് സെറ്റിൽഡ് ആയ ഒരു മലയാളി ബിസിനസ്സുകാരനായാണ് അദ്ദേഹം എത്തുന്നത്. ഫാർമ്മ കമ്പനി ഉടമയായ ഈ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം.
പണം, അധികാരം കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്. ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. സിനിമയുടേതായി പുറത്തിറങ്ങിയ 'വീരൻ' എന്ന വേടൻ പാടിയ ഗാനവും 'കൺമണി എൻ നെഞ്ചിലെ ' എന്ന കെ.എസ് ചിത്ര ആലപിച്ച ഗാനവും അടുത്തിടെ ഏവരും ഏറ്റെടുത്തിരുന്നു.
നമുക്ക് ഒരിക്കലും പരിചിതമല്ലാത്ത ഒരു ടെക്സ്റ്റിലേക്കാണ് ഈ സിനിമ നമ്മളെ കൊണ്ടു പോകുന്നത്. ഈ സിനിമ വാക്സിൻ അല്ലെങ്കിൽ ഒരു ക്ലിനിക്കൽ ട്രയലിന്റെ പശ്ചാത്തലത്തിലാണ് മുന്നോട്ട് പോകുന്നത്. നമ്മളിൽ പലരും പല ആളുകൾ ക്ലിനിക്കൽ ട്രയൽസിന് പോയ കഥ കേട്ടിട്ടുണ്ട്. ക്ലിനിക്കൽ ട്രയൽസ് തെറ്റാണ് എന്ന് പറയാൻ സാധിക്കില്ല, ക്ലിനിക്കൽ ട്രയൽസിൽ കുറച്ച് പേർ ആ സമയത്ത് മരിച്ച് പോയാലും അത് വലിയൊരു ജനതയെ പിന്നീട് രക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പോളിയോ വാക്സിനെക്കുറിച്ച് ഒരു കഥയുണ്ട്. അത് ഉണ്ടാക്കിയ ആൾ അത് ജനങ്ങൾക്ക് ഫ്രീയായിട്ട് കൊടുക്കുകയാണ് ചെയ്തത്. അത് പേന്റന്റ് ചെയ്തിരുന്നുവെങ്കിൽ ആ സമയത്ത് ഇപ്പോൾ അമ്പാനി കല്യാണം നടത്തിയ പോലെ അദ്ദേഹത്തിനും കല്യാണം നടത്താൻ സാധിക്കുമായിരുന്നു. പക്ഷേ അയാൾ അത് ചെയ്തില്ല, ഇത്തവണത്തെ ഈ കൊവിഡ് 19 വന്ന സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തെ പകപ്പിന് ശേഷം ഏങ്ങനെയെങ്കിലും വാക്സിൻ വന്നാൽ മതിയെന്ന് നമ്മൾ എല്ലാവരും ആഗ്രഹിച്ചിരുന്നൊരു പോയിന്റിൽ ഫാർമാസ് ഇത് ഉണ്ടാക്കാൻ തുടങ്ങി. ആദ്യമത് ലോക ജനതയെ രക്ഷിക്കാൻ വേണ്ടിയായിരുന്നു എങ്കിൽ പിന്നീട് അത് കോടികളുടെ ബിസിനസ്സായി. അത് എങ്ങനെ എന്നുള്ളതാണ്. അതിന്റെ ബാക്ക് ഗ്രൗണ്ടാണ് ഈ സിനിമ. ഡയറക്റ്റ് ആയി നമ്മൾ അതിനെ അറ്റാക്ക് ചെയ്യുകയോ അതാണ് എന്ന് പറയുകയോ ചെയ്യുന്നില്ല, ഒരു വാക്സിന്റെ ബാക്ഗ്രൗണ്ടാണ് ഈ സിനിമയ്ക്ക് ഉള്ളത്. ഞാൻ ചെയ്യുന്ന ഫിലിപ്പ് എന്ന കഥാപാത്രം അയാൾ ഗ്രേ ഷേയ്ഡാണ്. വില്ലൻ സ്വഭാവം ഉള്ള ഒരു കഥാപാത്രമാണ്. അയാളെ മുന്നോട്ട് കൊണ്ടു പോകുന്നത് അയാളുടെ ആഗ്രഹങ്ങളാണ്. ഞാൻ ഒരു അഭിലാഷവും ഇല്ലാത്ത ആളാണ്. ഒരു ആഗ്രഹങ്ങളും ഇല്ല എനിക്ക്. അതുകൊണ്ട് തന്നെ ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രം എനിക്കൊട്ടും തന്നെ പരിചിതമല്ലാത്ത എന്നാൽ ഞാൻ ചുറ്റം കണ്ടിട്ടുള്ള പലരുമാണ്. നമ്മുടെ പല നടന്മാരെപ്പോലും നമുക്ക് അതിൽ അനുകരിക്കാൻ സാധിക്കും.അനൂപ് മേനോൻ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പിആർഒ: പി ശിവപ്രസാദ്.