സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ച് നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി സെപ്റ്റംബറിലേക്ക് മാറ്റി. കോഴിക്കോട് അഞ്ചാം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് കേസ് സെപ്റ്റംബർ 13 ലേക്ക് മാറ്റിയത്. നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലിലാണ് കോടതിയുടെ നടപടി. മോഹൻലാലും ആൻ്റണി പെരുമ്പാവൂരും സെപ്റ്റംബർ 13 ന് കോടതിയിൽ ഹാജരാവണം.
കെ.എ. ദേവരാജന്റെ ചിത്രത്തിന് വേണ്ടി മോഹൻസലാലും ആന്റണി പെരുമ്പാവൂരും 30 ലക്ഷംരൂപയുടെ ചെക്ക് 2007 മാർച്ച് 29-ന് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി. സ്വപ്നമാളിക എന്ന പടത്തെച്ചൊല്ലിയാണ് കേസ്. കോഴിക്കോട് നാലാം ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തേ നൽകിയ സ്വകാര്യ അന്യായം തള്ളിയതിനെതിരേ നൽകിയ അപ്പീലാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നത്.
സംവിധായകനായ കെ എ ദേവരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്നമാളിക. മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്തു എന്ന ഖ്യാതിയോടെ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമ വാരികയിൽ 'തര്‍പ്പണം' എന്ന പേരില്‍ മോഹൻലാൽ എഴുതിയ നോവലാണ് പിന്നീട് എസ് സുരേഷ് ബാബു ഒരുക്കിയ തിരക്കഥയില്‍ സ്വപ്നമാളിക എന്ന ചലച്ചിത്രമായി മാറിയത്. കരിമ്പില്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. സിനിമയുടെ ട്രെയ്ലർ പുറത്തു വന്നിരുന്നു എങ്കിലും സിനിമ എത്തിയില്ല. കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ അനുവാദമില്ലാതെ സംവിധായകന് കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് ചിത്രം വെളിച്ചം കാണാതെപോയതിനുള്ള കാരണമായി പുറത്തുവന്ന വിവരം.
മോഹന്‍ലാലിനൊപ്പം എലീന (വിദേശ താരം), ഷമ്മി തിലകന്, സുകുമാരി, ഊര്‍മ്മിള ഉണ്ണി, ഇന്നസെന്റ്, ബാബു നമ്പൂതിരി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. രാജാമണിയും ജയ് കിഷനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ യേശുദാസും ചിത്രയും ജി വേണുഗോപാലും ഉൾപ്പെടെയുള്ളവർ ആയിരുന്നു ഗാനങ്ങൾ ആലപിച്ചത്. 2008 ലാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിച്ചിരുന്നത്.