രാജ്യത്തെ തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെ അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യഘട്ടത്തില്‍ തുറക്കുക. മാളുകളിലെ തിയേറ്ററുകള്‍ ഒന്നാം ഘട്ടത്തില്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കില്ല.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. സീറ്റുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടണം. മൊത്തം സീറ്റുകളുടെ മൂന്നില്‍ ഒന്നില്‍ മാത്രമേ ആളുകളെ ഇരിക്കാന്‍ അനുവദിക്കൂ.
24 ഡിഗ്രിയോ അതില്‍ കൂടുതലോ ആകണം തിയേറ്ററിനുള്ളിലെ താപനില. പ്രേക്ഷകര്‍ക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായിരിക്കും. കൂടാതെ കൈസ്പര്‍ശം ഉണ്ടാകാത്ത രീതിയിലുള്ള ടിക്കറ്റ് വില്‍പ്പന വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചേക്കും. ഓരോ ഷോ കഴിയുമ്പോഴും തിയേറ്ററുകള്‍ അണുവിമുക്തമാക്കണം. ഇതിനായി സാങ്കേതിക വിദ്യകളുടെ സഹായം സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചേക്കും. അതേസമയം തിയേറ്ററുകള്‍ തുറക്കുന്നതിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധര്‍ക്ക് വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.