റോളിങ് സ്‌റ്റോണ്‍ വിവാദത്തില്‍ അറിവിന് പിന്തുണയുമായി കനേഡിയന്‍ റാപ്പറും 'നീയേ ഒലി'യുടെ ഗായകനുമായ ഷാന്‍ വിന്‍സന്റ് ഡീ പോള്‍. താന്‍ എപ്പോഴും അറിവിനൊപ്പമാണെന്നും, മാധ്യമ വാര്‍ത്തകള്‍ക്കും, ചിലരുടെ രാഷ്ട്രീയങ്ങള്‍ക്കും തങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്നും ഷാന്‍ വിന്‍സന്റ് ട്വീറ്റ് ചെയ്ത വാര്‍ത്താകുറിപ്പില്‍ പറയുന്നു. പാ.രഞ്ജിത്തിന്റെ ട്വീറ്റ് ഭിന്നതയുണ്ടാക്കിയെന്നും വിമര്‍ശനമുണ്ട്.
അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട എന്‍ജോയ് എന്‍ജാമിക്കും, സര്‍പ്പാട്ടെ പരമ്പരൈയിലെ നീയേ ഒലി എന്ന ഗാനത്തിനും വരികളെഴുതുകയും, എന്‍ജോയ് എന്‍ജാമി ആലപിക്കുകയും ചെയ്ത അറിവിനെ പാട്ടിന് ലഭിക്കുന്ന അംഗീകാരങ്ങളില്‍ നിന്നുള്‍പ്പടെ മാറ്റി നിര്‍ത്തുന്നു എന്നാരോപിച്ച് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സംഗീത ലോകത്തെ പ്രശസ്ത മാഗസിനായ റോളിങ് സ്‌റ്റോണ്‍ ഈ രണ്ട് ഗാനങ്ങളെയും അടിസ്ഥാനമാക്കി കൊണ്ട് ഇറക്കിയ ആഗസ്റ്റ് ലക്കത്തില്‍ അറിവിനെ ഒഴിവാക്കിയതും വിവാദമായി. എന്‍ജോയ് എന്‍ജാമിയിലെ ഒരു ഭാഗം പാടിയ ധീയും, നീയേ ഒലി ആലപിച്ച ഷാന്‍ വിന്‍സന്റ് ഡീ പോളും മാത്രമായിരുന്നു മാസികയുടെ കവര്‍. ഇവരുടെ അഭിമുഖവും മാസികയിലുണ്ടായിരുന്നു.
സംവിധായകന്‍ പാ.രഞ്ജിത്ത് അടക്കമുള്ളവരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നീയേ ഒലിയുടെയും എന്‍ജോയ് എന്‍ജാമിയുടെയും വരികളെഴുതിയ അറിവിനെ ഒരിക്കല്‍ കൂടി അദൃശ്യനാക്കിയിരിക്കുകയാണ്. ഇത്തരം ഒഴിവാക്കലുകള്‍ക്കെതിരെയായിരുന്നു രണ്ട് ഗാനങ്ങളും സംസാരിച്ചതെന്നും, ഇത് മനസിലാക്കാന്‍ റോളിങ് സ്‌റ്റോണിനും പാട്ടുകളിറക്കിയ മജായ്ക്കും ബുദ്ധിമുട്ടാണോ എന്നും പാ.രഞ്ജിത്ത് ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലുള്‍പ്പടെ നിരവധിപേര്‍ ഇത്തരത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഷാന്‍ വിന്‍സന്റ് ഡി പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അറിവിന് തന്റെ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
'നിരവധി പേര്‍ക്ക് പ്രചോദനമാണ് അറിവ്, ഞങ്ങള്‍ രണ്ടു പേരുടെയും ആശയങ്ങള്‍ ഒന്നാണ്. ഈ ഗാനങ്ങള്‍ക്കു പിന്നില്‍ നിങ്ങളുടെ സംഭാവന എത്രത്തോളം വലുതാണെന്നത് സംശയമില്ലാത്ത കാര്യമാണ്. നിങ്ങളുടെ കഠിനാധ്വാനം തട്ടിപ്പറിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിക്കില്ല. ഈ മേഖലയില്‍ ഇത്രത്തോളം എത്തുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഒരുക്കമാണ്', ഷാന്‍ വിന്‍സന്റ് പറയുന്നു.
സംവിധായകന്‍ പാ.രഞ്ജിത്തിനെതിരായ വിമര്‍ശനവും പ്രസ്താവനയിലുണ്ട്. പാ.രഞ്ജിത്തിന്റെ ട്വീറ്റ് വിമര്‍ശനാത്മക പ്രതികരണങ്ങളുണ്ടാക്കിയെന്നും, ഭിന്നിപ്പിന് തീകൊളുത്തിയെന്നും ഷാന്‍ വിന്‍സന്റ് ആരോപിച്ചു.
'സത്യാവസ്ഥയറിയാതെ അദ്ദേഹത്തിന്റെ ട്വീറ്റ് ലക്ഷങ്ങളിലേക്കെത്തി. അദ്ദേഹത്തിന്റെ ട്വീറ്റില്‍ നീയേ ഒലി എന്ന ഗാനം രചിച്ചത് അറിവാണ് എന്ന് പറയുന്നുണ്ടെങ്കിലും, എന്റെ സംഭാവനകളെ കുറിച്ച് പരാമര്‍ശമുണ്ടായില്ല. ഗാനത്തിലെ എന്റെ ഭാഗങ്ങള്‍ ഞാന്‍ തന്നെയാണ് എഴുതിയത്, എഡിറ്റ് ചെയ്തതും ഞാനാണ്. തമിഴ് ഭാഗങ്ങളാണ് അറിവ് എഴുതിയത്. അതൊരു സഹകരണമായിരുന്നു.'
പാ.രഞ്ജിത്തിന്റെ ട്വീറ്റ് തങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചുവെന്നും ഷാന്‍ വിന്‍സന്റ് ആരോപിക്കുന്നു. പ്രസ്താവനയില്‍ മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ട്. വിവാദങ്ങള്‍ തന്റെ കഴിവുകള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമാണെന്നും ഷാന്‍ വിന്‍സന്റ് ഡി പോള്‍ പറയുന്നു.