മുബൈ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുടെ പശ്ചാത്തലത്തില്‍ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഷാറൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച് ബൈജൂസ് ലേണിങ്ങ് ആപ്പ്. ദേശീയ മാധ്യമമായ ഇക്കണോമിക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആര്യന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് ട്വിറ്ററില്‍ ഉള്‍പ്പടെ പ്രതിഷേധം ഉയര്‍ന്നതിനാലാണ് പരസ്യങ്ങള്‍ താത്കാലികമായി പിന്‍വലിച്ചത്.
ഷാറൂഖ് ഖാന്റെ വന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളിലൊന്നാണ് ബൈജൂസ് ആപ്പ്. 2017 മുതലാണ് ഷാറൂഖ് ബൈജൂസിന്റെ കേരളത്തിന് പുറത്തുള്ള ബ്രാന്റ് അമ്പാസിഡറായി സ്ഥാനമേറ്റത്. ഷാരൂഖ് ഖാന്റെ ബ്രാന്‍ഡ് നിലനിര്‍ത്തുന്നതിനായി മൂന്ന് മുതല്‍ നാല് കോടി രൂപയാണ് ആപ്പ് നല്‍കുന്നതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ആര്യന്റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളി. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മൂണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.