തുടരെത്തുടരെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്ന ബോളിവുഡിന് പ്രതീക്ഷനല്‍കിക്കൊണ്ട് ബ്രഹ്‌മാസ്ത്രയുടെ പ്രീ റിലീസ് പ്രോമോ വിഡിയോയും പ്രീ റിലീസ് ബുക്കിങ്ങുകളും. സിനിമയുടെ 3ഡി റിലീസിന്റെ മാത്രം ഇരുപത്തിയേഴായിരം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ പ്രീ റിലീസ് പ്രൊമോ വീഡിയോ ഒരു ദിവസത്തിനകം 1 മില്യണ്‍ കാഴ്ചക്കാരെ നേടി മുന്നോട്ടു പോവുകയാണ്. ആലിയ ഭട്ട് - രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ താരജോഡികളായി എത്തുന്ന സിനിമ സെപ്റ്റംബര്‍ 9ന് തിയേറ്ററുകളിലെത്തും.
പി.വി.ആര്‍, ഇനോക്‌സ്, സിനിപോളിസ് എന്നീ പ്രധാന തിയേറ്റര്‍ ശൃംഖലകളിലായി ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇരുപത്തിയേഴായിരം ബുക്കിങ്ങുകള്‍ നടത്തിയത്. വരുന്ന വാരം റെഗുലര്‍ 2ഡി ടിക്കറ്റുകളും ലഭ്യമാവും. കണക്കുകള്‍ പ്രകാരം, ആരംഭ ദിവസം 18 മുതല്‍ 22 കോടിവരെ നേട്ടം ആദ്യ ദിവസത്തില്‍ ചിത്രം നേടുമെന്നാണ് പ്രവചനങ്ങള്‍.
ബ്രഹ്‌മാസ്ത്രയ്ക്ക് നേരെയും ട്വിറ്ററില്‍ ബോയിക്കോട്ട് ക്യാംപെയിന്‍ നടന്നിരുന്നു. നിര്‍മ്മാതാക്കളിലൊരാളായ കരണ്‍ ജോഹറിനെതിരെയും, രണ്‍ബീര്‍, ആലിയ എന്നിവര്‍ക്ക് നേരെയും ഉയര്‍ന്ന ബോയ്കോട്ട് ആഹ്വാനങ്ങള്‍ ബോളിവുഡിന്റെ പതിവ് വിധിയിലേക്ക് സിനിമയെ കൊണ്ടെത്തിക്കുമോ എന്ന ആശങ്കയുമുണ്ട്.
ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്കൊപ്പം, അമിതാബ് ബച്ചന്‍, നാഗാര്‍ജുന എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന സിനിമയില്‍ ഷാരൂഖ് ഖാനും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. 440 കോടി രൂപയാണ് സിനിമയുടെ നിര്‍മ്മാണത്തുക. ഏറ്റവുമധികം ബഡ്ജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ബോളിവുഡ് സിനിമയാണ് ബ്രഹ്‌മാസ്ത്ര. ഹോളിവുഡ് സൂപ്പര്‍ഹീറോ സിനിമകളുടെ സ്വഭാവത്തിലുള്ള പ്രൊമോ വീഡിയോയും മുന്‍പ് റിലീസ് ചെയ്ത ടീസറും പാട്ടുകളും ശ്രദ്ധ നേടിയിരുന്നു.
അമിഷ് തൃപാതിയുടെ ദി ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ എന്ന നോവലിന്റെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. സ്റ്റാര്‍ട്ട് സ്റ്റുഡിയോസ്, വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേഴ്സ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്യുന്ന സിനിമ ധര്‍മ്മ പ്രൊഡക്ഷന്‍സ്, വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേഴ്സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ എന്നീ പ്രൊഡക്ഷന്‍ ഹൗസുകള്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുംഗ്, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.