പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ പാർട്ട് വൺ സീസ്‌ഫയറിന്റെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. പൃഥ്വിരാജ് സുകുമാരൻ, പ്രഭാസ്, പ്രശാന്ത് നീൽ, നിർമാതാവ് വിജയ് കിരണ്ടൂർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. പൃഥ്വിയെ ചേർത്തുപിടിച്ചു നിൽക്കുന്ന പ്രശാന്ത് നീലിനെയും പ്രഭാസിനെയും ചിത്രങ്ങളിൽ കാണാം. പൃഥ്വിയും പ്രഭാസും ചേർന്നാണ് കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടത്. ഡിസംബർ 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടിക്ക് മുകളിൽ ആണ് നേടിയത്.
കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പ്രശാന്ത് നീൽ തന്നെയാണ് സിനിമയുടെ കഥയും,തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് 'സലാര്‍' കേരളത്തിലെ തിയേറ്ററുകളില്‍ വിതരണത്തിനെത്തിച്ചത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍,ഡിജിറ്റല്‍ പിആര്‍ഒ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
കഴിഞ്ഞ വർഷം ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡാണ് സലാർ സ്വന്തമാക്കിയത്. ആദ്യ ദിനത്തിൽ 178 കോടിയാണ് സലാർ വാരിക്കൂട്ടിയത്. വിജയ് നായകനായ ലിയോ 148.5 കോടി രൂപയുമായി നേടിയ ഒന്നാം സ്ഥാനമാണ് സലാര്‍ പിടിച്ചെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 129.6 കോടി രൂപയുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്‍ബിര്‍ കപൂറിന്റെ അനിമല്‍ 115.9 കോടി രൂപയുമായി ഓപ്പണിംഗ് കളക്ഷനില്‍ നാലാം സ്ഥാനത്തും പഠാൻ 106 കോടിയുമായി അഞ്ചാം സ്ഥാനത്തുമാണ്.