2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് തനിക്ക് തോല്‍വി സംഭവിക്കാന്‍ കാരണം ബിജെപിക്കാര്‍ തന്നെയാണെന്ന് നടന്‍ ഭീമന്‍ രഘു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.ബി ഗണേഷ് കുമാറിനെയാണ് ബിജെപിക്കാര്‍ വരെ പിന്തുണച്ചത്. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വരെ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ഭീമന്‍ രഘു പറയുന്നു.
പാര്‍ട്ടിയില്‍ തനിക്ക് ഇഷ്ടമുള്ള ഒരേ ഒരാള്‍ നരേന്ദ്രമോദിയാണ്. വിമര്‍ശനം ഉണ്ടായിട്ടും മോദി ഇന്ത്യ നന്നാക്കാന്‍ പരിശ്രമിക്കുകയാണ്. ബിജെപിയില്‍ മറ്റാരെയും തനിക്ക് ഇഷ്ടമല്ലെന്നും ഭീമന്‍ രഘു കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഭീമന്‍ രഘുവിന്റെ വാക്കുകള്‍:
അന്നും എനിക്ക് രാഷ്ട്രീയത്തില്‍ വരണമെന്ന ആഗ്രഹം ഇല്ലായിരുന്നു. അന്ന് ഡല്‍ഹിയില്‍ നിന്ന് ഒരു ഫോഴ്‌സ് വന്നിട്ട് ഒരാള്‍ എന്നോട് ചോദ്യം ഒക്കെ ചോദിച്ചിരുന്നു. ഞാന്‍ അയാളുടെ പേര് പറയാന്‍ ഇന്നും ആഗ്രഹിക്കുന്നില്ല. ഒരു ചോദ്യം മാത്രമെ ചോദിച്ചുള്ളു, 'രണ്ട് പേര് ഒരിടത്ത് തെരഞ്ഞെടുപ്പിന് നില്‍ക്കുന്നുണ്ട്. രണ്ട് പേരും ആര്‍ട്ടിസ്റ്റുകളാണ്. താങ്കള്‍ക്ക് അവിടെ നിന്നൂടേ' , എന്ന് ചോദിച്ചു. അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നിന്നാല്‍ ജയിക്കില്ലെന്ന് ഉറപ്പല്ലേ എന്ന് ചോദിച്ചു. അപ്പോള്‍ പറഞ്ഞു, അതെ എന്ന്. പിന്നെ എന്തിനാണ് ഞാന്‍ നില്‍ക്കുന്നതെന്ന് ചോദിച്ചിരുന്നു. എന്തായാലും ഒന്ന് നിന്ന് നോക്കൂ. ഇതിനെ കുറിച്ച് പഠിക്കണമല്ലോ, താന്‍ പൊലീസില്‍ ആയിരുന്നു, സിനിമയിലാണ്. ഇനി രാഷ്ട്രീയം കൂടി അറിയുന്നത് നല്ലതല്ലേ എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ താത്പര്യമില്ലെങ്കിലും നിര്‍ബന്ധമാണെങ്കില്‍ നില്‍ക്കാമെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ബാക്കിയുള്ള കാര്യങ്ങളെ കുറിച്ച് ഒന്നും അറിയില്ല. അന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു. അദ്ദേഹവും എന്നെ വിളിച്ച് നില്‍ക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. അപ്പോഴും ഞാന്‍ പറഞ്ഞിരുന്നു താത്പര്യമില്ല, വേണമെങ്കില്‍ നില്‍ക്കാം എന്ന്. അങ്ങനെയാണ് ഞാന്‍ മത്സരിക്കുന്നത്.
പക്ഷെ എനിക്ക് ബിജെപിയില്‍ ഇഷ്ടമുള്ള ഒരേ ഒരാളെ ഉള്ളു. അത് നരേന്ദ്ര മോദി ജിയാണ്. എനിക്ക് ഇഷ്ടപ്പെടാന്‍ കാരണം, അദ്ദേഹത്തിന്റെ ക്വാളിറ്റി. പയ്യെ നിന്നാല്‍ പനയും തിന്നാം എന്നത് ശരിയാണെന്ന് കാണിച്ച് തരുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴും ഇന്ത്യ മഹാരാജ്യം നന്നാക്കാന്‍ വേണ്ടി അയാള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തെ പറ്റി എന്തൊക്കെയാണ് ആള്‍ക്കാര്‍ പുറത്ത് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊന്നും കേള്‍ക്കാതെ അദ്ദേഹം അദ്ദേഹത്തിന്റെ വഴിയിലൂടെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ആ ഒരു മനുഷ്യനെ മാത്രമെ എനിക്ക് ഇഷ്ടമുള്ളു. ബാക്കി ബിജെപിയിലുള്ള ആരെയും എനിക്ക് ഇഷ്ടമല്ല. അവരൊന്നും സ്‌ട്രേറ്റ്‌ഫോര്‍വേഡല്ല.
അതുപോലെ അമിത് ഷാ. അവര്‍ രണ്ട് പേരും ബിജെപി എന്ന സംഘടനയുടെ ഏറ്റവും വലിയ രണ്ട് തൂണുകളാണ്. പക്ഷെ അവരുടെ ആ ഒരു രീതി കേരളത്തില്‍ ഒട്ടുമില്ല. ബാക്കിയുള്ള സ്ഥലത്തെല്ലാം കുറേ കൂടി അടാപ്റ്റ് ചെയ്ത് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തില്‍ അങ്ങനെ വരുമെന്ന് യാതൊരു പ്രതീക്ഷയുമില്ല.
അന്ന് തെരഞ്ഞെടുപ്പിന് നിന്നതോട് കൂടി, ഞാന്‍ പാര്‍ട്ടിയുടെ ഒരു കാര്യത്തിന് വിളിച്ചാലും ഞാന്‍ പോകാറില്ല. പിന്നെ തെരഞ്ഞെടുപ്പിന് നിന്നതുകൊണ്ട് സിനിമയില്‍ എന്നെ ആളുകള്‍ വിളിക്കാതായി.
പിന്നെ തെരഞ്ഞെടുപ്പിന്റെ കാര്യം പറയുകയാണെങ്കില്‍ പത്തനാപുരത്ത് ബിജെപിക്കാര്‍ക്ക് ഗണേഷുമായി വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നു. പിന്നെ അവരെ ഗണേശ് ഒരുപാട് സഹായിച്ചിട്ടുമുണ്ട്. അതെനിക്ക് അവിടെ ചെന്ന് ആളുകളുമായി ഇടപഴകിയപ്പോള്‍ മനസിലായി. അന്ന് തന്നെ ഞാന്‍ ഗണേഷിനോട് പറഞ്ഞു, ഞാന്‍ ചുമ്മാ വന്നതാണ്, ജയിക്കാനൊന്നും പോകുന്നില്ലെന്ന്. കാരണം ബിജെപിക്കാര്‍ തന്നെ കാലുവാരി. അതെനിക്ക് അവരുടെ നയം കണ്ടപ്പോള്‍ തന്നെ മനസിലായിരുന്നു. ഇനിയൊരു തെരഞ്ഞെടുപ്പ് വന്നാല്‍ ഞാന്‍ പോകില്ല. പക്ഷെ പാര്‍ട്ടിയിലെ ഒരാളെ മാത്രം വിശ്വാസമുണ്ട്. മോദി ജിയെ.