കഴിഞ്ഞ പത്ത് വർഷത്തോളമായി മലയാള സിനിമയിൽ ലഹരി ഉപയോഗം നിലനിൽക്കുന്നുവെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായി ഭാഗ്യലക്ഷ്മി. പല നിർമാതാക്കളും സ്വകാര്യ സംഭാഷണത്തിനിടെ ഇതിനെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിനിമയിൽ അവസരം ചോദിച്ചെത്തുന്ന പെൺകുട്ടികളെ നൈറ്റ് പാർട്ടികൾക്കായി ക്ഷണിച്ച് മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യവും മലയാള സിനിമയിൽ ഇപ്പോൾ നടന്നുവരുന്നുണ്ടെന്നും ഭാഗ്യലക്ഷിമി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭാഗ്യലക്ഷ്മി പറഞ്ഞത്:
ഈ അടുത്ത കാലത്ത് തുടങ്ങിയ ഒരു കാര്യമല്ല ഇത്. ഏകദേശം ഒരു പത്ത് വർഷത്തോളമായി വളരെ രഹസ്യമായി സിനിമ മേഖലയിൽ ഈ ലഹരി ഉപയോഗം നടക്കുന്നുണ്ട്. പല നിർമാതാക്കളും പലപ്പോഴും നമ്മുടെ സ്വകാര്യ സംഭാഷണങ്ങളിൽ അതിനെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുമുണ്ട്. ഒരു രണ്ട് കൊല്ലം മുമ്പ് ഒരു സിനിമയുടെ ഷൂട്ട് കോഴിക്കോട് വച്ച് നടക്കുമ്പോൾ അതിൽ അഭിനയിച്ച ഒരു നടൻ എന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇൻഡസ്ട്രിയിലുള്ള ഒരു നടനെക്കുറിച്ച് എന്നോട് പേരെടുത്ത് തന്നെ പറയുകയുണ്ടായി. ആ നടൻ ഒരു രക്ഷയുമില്ല, രാവിലെ ഒമ്പത് മണിക്ക് ഷൂട്ടിംഗ് തീരുമാനിച്ചിട്ട് സെറ്റിലെത്തുന്നത് 12 മണിക്കാണ്. വന്നാലുടൻ കാരവാനിലേക്ക് കയറിയിരിക്കും. കുറേ കഴിഞ്ഞ ശേഷം ഇയാൾ എന്താണ് ഇറങ്ങി വരാത്തതെന്ന് നോക്കാൻ വേണ്ടി കാരവാനിലേക്ക് ചെന്നപ്പോൾ അതിനുള്ളിലേക്ക് കയറാൻ സാധിക്കാത്ത തരത്തിൽ പുക. ആ പുകപടലങ്ങൾക്കുള്ളിലാണ് അയാൾ ഇരിക്കുന്നതെന്ന് കണ്ട് അവിടെ നിന്നും ശ്വാസം മുട്ടി ഇറങ്ങിപ്പോരുകയായിരുന്നു എന്നു പറഞ്ഞു. പല നടിനടന്മാരും നിർമാതാക്കളും എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതൊന്നും അത്ര ദോഷമുള്ളതല്ലെന്ന് ഒരു നടി തന്നെ എന്നോട് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. സിനിമയിലേക്ക് അവസരം ചോദിച്ചു വരുന്ന പെൺകുട്ടികളെ നൈറ്റ് പാർട്ടികളിൽ ക്ഷണിച്ച് മയക്കു മരുന്ന് ഉപയോഗിക്കാനായി നിർബന്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവണത കൂടി ഇവിടെ നിലനിൽക്കുന്നുണ്ടെന്നാണ് എന്നോട് ഒരാൾ പറഞ്ഞത്. സിനിമയിലെ ഒരു വിഭാഗം ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം വളരെ സത്യമാണ്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ സാധിക്കാത്ത തരത്തിലാണ് ഇത് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.