ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതില്‍ വിമര്‍ശനം അറിയിച്ച് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഉന്നതരെ വെള്ളപൂശുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാത്തതില്‍ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയ ഡബ്ല്യുസിസി അംഗങ്ങളും വിമര്‍ശനം അറിയിച്ചിരുന്നു.
'ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വിടാത്തത് ഉന്നതരെ വെള്ളപൂശാനാണ്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് മണിക്കൂറുകളോളം ഹേമാ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിര്‍ണ്ണായക കണ്ടെത്തലുകള്‍ മൂടിവെക്കാനാണ് ശ്രമം.' - എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു. ദിലീപിന്റെ പേഴ്‌സണല്‍ മൊബൈല്‍ ഫോണടക്കം മൂന്നു മൊബൈല്‍ ഫോണുകള്‍, കംപ്യുട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, രണ്ട് ഐപ്പാഡ്, പെന്‍ഡ്രൈവ് എന്നിവയാണ് പിടിച്ചെടുത്തത്.
ആലുവയിലെ ദിലീപിന്റെ പദ്മസരോവരം എന്ന വീട്, സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഇന്നലെ ഒരേ സമയം റെയ്ഡ് നടന്നത്.