കെ.പി.എ.സി ലളിതയുടെ ശ്രദ്ധേയമായ വേഷങ്ങളിലൊന്നാണ് സ്പടികത്തിലെ ആടുതോമയുടെ അമ്മ മേരി. ലളിതയുടെ വിയോഗത്തില്‍ സംവിധായകന്‍ ഭദ്രന്‍ നേരത്തെ സ്പടികവുമായി ബന്ധപ്പെട്ട ഒരു അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. സ്പടികത്തിന്റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തി തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കാന്‍ കുറച്ച് നാളായി ഭദ്രന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് കെപിഎസി ലളിത തന്നോട് ചോദിച്ച കാര്യമാണ് ഭദ്രന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
സ്പടികത്തിന്റെ പുതിയ പതിപ്പ് തിയേറ്ററില്‍ എന്ന് കാണാന്‍ കഴിയുമെന്ന് കെപിഎസി ലളിത ചോദിച്ചിരുന്നതായി ഭദ്രന്‍ ഓര്‍ക്കുന്നു. അതോടൊപ്പം തന്നെ സ്പടികത്തിന്റെ ഭാഗായിരുന്ന മണ്‍മറഞ്ഞ് പോയ ഒരു കൂട്ടം കലാകാരന്‍മാരെയും ഭദ്രന്‍ അനുസ്മരിച്ചു.
'എന്തും സഹിച്ചും കൊടുത്തും മകനെ സ്‌നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു. 'എന്നാണ് ഭദ്രാ,നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തിയറ്ററില്‍ ഒന്നൂടി കാണാന്‍ പറ്റുക...' ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം, ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ 'സ്ഫടിക'ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും.. മരണമില്ലാത്ത ഇത്രയും മഹാരഥന്മാര്‍ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല...', എന്നാണ് ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കെപിഎസി ലളിതയ്ക്ക് പുറമെ തിലകന്‍, നെടുമുടി വേണു, രാജന്‍ പി ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍, ബഹദൂര്‍, എന്‍ എഫ് വര്‍ഗീസ്, പറവൂര്‍ ഭരതന്‍, സില്‍ക്ക് സ്മിത, ഛായാഗ്രാഹകന്‍ ജെ വില്യംസ്, എഡിറ്റര്‍ എം എസ് മണി, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍ എല്‍ ബാലകൃഷ്ണന്‍ എന്നിവരും ഇന്ന് നമ്മോടൊപ്പമില്ല. അവരെയും ഭദ്രന്‍ അനുസ്മരിച്ചു.