മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബസൂക്ക'. ഭീഷ്മപര്‍വത്തിന് ശേഷം മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമായി കണക്കാക്കുന്ന ബസൂക്കയുടെ സെക്കന്റെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രം സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.
ഞങ്ങൾ നിങ്ങൾക്കായി പ്രത്യേകമായി എന്തെങ്കിലും ഒരുക്കുകയാണ്, ബസൂക്കയുടെ ലോകത്ത് നിന്നുള്ള മനുഷ്യന്റെ മറ്റൊരു രൂപം ഇതാ എന്ന തലക്കെട്ടോടുകൂടിയാണ് ബസൂക്കയുടെ സെക്കന്റ് ലുക്ക് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തു വന്ന ആദ്യത്തെ ലുക്ക് ബെെക്കിൽ എങ്ങോട്ടോ യാത്ര പോകാൻ തയ്യാറെടുക്കുന്ന മമ്മൂട്ടിയുടേതായിരുന്നു. ഒരു കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ കാണാൻ കഴിയുന്ന കറുത്ത സൺ ഗ്ലാസ് വച്ച, മുടി പിന്നിലേക്ക് കെട്ടിയ മമ്മൂട്ടിയുടെ രൂപമാണ് ബസൂക്കയുടേതായി ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഗൗതം മേനോന്‍, ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിലെ സംഗീത സംവിധാനം.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡാണ് അവസാനമായി തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം നവംബർ ഇരുപത്തി മൂന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും.