സമൂഹ മാധ്യമങ്ങളിലെ ട്രോൾ ഗ്രൂപ്പുകളിൽ വൈറലായ തന്റെ ഷേക്ക് ഹാൻഡ് ട്രോളിനെക്കുറിച്ച് നടൻ ബേസിൽ ജോസഫ്. കോഴിക്കോട് നടന്ന കേരള സൂപ്പര്‍ലീഗ് ഫുട്ബോള്‍ ഫൈനലിന്റെ സമാപനച്ചടങ്ങിനിടെ ബേസിൽ കൈനീട്ടിയത് കാണാതെ ഒരു താരം പൃഥ്വിരാജിന് താരം കൈകൊടുത്തതാണ് ട്രോളുകൾക്ക് കാരണമായത്. ടൊവിനോയാണ് ആ ട്രോൾ തനിക്ക് അടക്കം എല്ലാവർക്കും അയച്ചു തന്നത് എന്നും മരണമാസ്സ് സിനിമയുടെ പുജാ സമയത്ത് നടന്ന കാര്യത്തിൽ അവൻ പകരം വീട്ടുകയായിരുന്നുവെന്നും ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞു.
ബേസിൽ ജോസഫ് പറഞ്ഞത്:
ടൊവിനോ സ്വന്തമായിട്ട് ടീമിനെ ഇറക്കിയിട്ടുണ്ടെന്ന് തോന്നുന്നു. രാവിലെ മുതൽ എനിക്ക് എല്ലാവരും മെസേജ് അയച്ചു. സഞ്ജു സാംസൺ സ്റ്റോറി ഇടുന്നു. രാജുവേട്ടൻ എനിക്ക് മെസേജ് അയച്ച് എനിക്ക് രാവിലെ തന്നെ ടൊവിനോ അയച്ചു തന്നിരുന്നു അവൻ ഭയങ്കര ഹാപ്പിയാണെന്ന് പറഞ്ഞു. ഒരു വിധം എല്ലാവരും എനിക്ക് മെസേജ് അയച്ചു. കാരണം ഇവൻ എല്ലാവർക്കും അയച്ചു കൊടുത്തിരുന്നു അത്. എനിക്ക് വരെ അവനാണ് അയച്ചു തന്നത്. അവൻ മറ്റേ മരണമാസ്സ് സിനിമയുടെ പൂജയിൽ നടന്ന കാര്യത്തിന് പകരം വീട്ടുകയായിരുന്നു. സൂഷ്മദർശിനിയുടെ ലൊക്കേഷനിൽ വച്ചാണ് മരണമാസ്സിന്റെ പൂജ നടന്നത്. അത് കഴിഞ്ഞിട്ടാണ് ഞാൻ നേരെ ലൊക്കേഷനിലേക്ക് വരുന്നത്. സമീർ ഇക്കയാണ് ടൊവിയോട് പോയി ഞാൻ എല്ലാവരെയും നടന്ന് അവന്റെ വീഡിയോ കാണിക്കുന്ന കാര്യം പറഞ്ഞു കൊടുത്തത്. അത് കൊച്ചി ടീമിലെ പ്ലേയറായിരുന്നു. എന്നെ കണ്ടു കാണില്ല പുള്ളി കുറച്ചു കൂടി പൊക്കമുണ്ടായിരുന്നെങ്കിൽ കണ്ടേനേ. രണ്ട് പൊക്കമുള്ളവർക്ക് നടുവിൽ എന്നെ കണ്ടില്ല പുള്ളി.
കോഴിക്കോട് ഇഎംഎസ് കോര്പ്പറേഷന് സ്റ്റേഡിയത്തിലെ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനൽ വേദിയിലാണ് ട്രോളുകൾക്ക് ആധാരമായ സംഭവം അരങ്ങേറിയത്. കാലിക്കറ്റ് എഫ്സി - ഫോഴ്സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്സിയുടെ ആമ്പാസഡറായ ബേസിലും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ ഷേക്ക് ഹാൻഡിനായി കൈ നീട്ടിയപ്പോൾ അത് കാണാതെ താരം പൃഥ്വിരാജിന് കൈ കൊടുത്തതാണ് ട്രോളിന് കാരണമായത്. മുമ്പ് മരണമാസ്സ് സിനിമയുടെ പുജാ സമയത്ത് പൂജാരിയുടെ ആരതിയിൽ നോക്കി തൊഴാൻ വന്ന ടൊവിനോയെ കാണാതെ പൂജാരി നടന്നു നീങ്ങിയതും അത് കണ്ട് ബേസിൽ ചിരിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.