Film News

ഈ വര്‍ഷത്തെ ഇഷ്ട സിനിമകളുടെ ലിസ്റ്റ് പങ്കുവച്ച് ഒബാമ; 'ആര്‍ആര്‍ആര്‍' കാണാന്‍ നിര്‍ദേശിച്ച് പ്രക്ഷകര്‍

2022-ലെ തന്റെ ഇഷ്ടചിത്രങ്ങളുടെ ലിസ്റ്റ് പങ്കുവച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. എല്ലാ വര്‍ഷവും ക്രിസ്മസോടെ തനിക്ക് പ്രിയപ്പെട്ട പുസ്തകങ്ങളും സംഗീതവും സിനിമകളും പങ്കുവയ്ക്കാറുള്ള പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. മികച്ച സിനിമകളില്‍ ചിലത് കാണാന്‍ സാധിച്ച വര്‍ഷമായിരുന്നു 2022 എന്നും, അതില്‍ തനിക്ക് പ്രിയപ്പെട്ട ചിലത് പങ്കുവയ്ക്കുന്നു എന്നും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ഒബാമ പറയുന്നു.

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ 'ദി ഫേബിള്‍മാന്‍സി'ല്‍ നിന്ന് ആരംഭിക്കുന്ന ലിസ്റ്റില്‍ ബറാക് ഒബാമയുടെയും മിഷേല്‍ ഒബാമയുടെയും പ്രൊഡക്ഷന്‍ കമ്പനിയായ ഹയര്‍ ഗ്രൗണ്ട് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി 'ഡിസന്‍ഡന്റും' ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തോടുള്ള പ്രത്യേക ചായ്‌വും ഒബാമ വെളിപ്പെടുത്തുന്നുണ്ട്. ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലെ അലബാമയിലേക്ക് എത്തിച്ച അവസാനത്തെ ആഫ്രിക്കന്‍ അടിമകളുടെ ചരിത്രവും അവരുടെ പിന്തുടര്‍ച്ചക്കാരുടെ ജീവിതവും അടയാളപ്പെടുത്തുന്ന ചിത്രത്തിന്റെ സംവിധായക മാര്‍ഗരറ്റ് ബ്രൗണാണ്.

ഹോളിവുഡ് ബോക്‌സ് ഓഫീസ് ഹിറ്റുകളായ ടോംക്രൂസിന്റെ 'ടോപ്പ് ഗണ്‍: മാവെറിക്കും', 'എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സും' ഒബാമയുടെ ലിസ്റ്റിലുണ്ട്. ടോഡ് ഫീല്‍ഡിന്റെ സൈക്കോളജിക്കല്‍ ഡ്രാമ 'ടാര്‍', കോഗോനാഗയുടെ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ 'ആഫ്റ്റര്‍ യാങ്' എന്നിവയാണ് ലിസ്റ്റിലെ മറ്റ് പ്രധാനപ്പെട്ട ഇംഗ്ലീഷ് ചിത്രങ്ങള്‍.

ആഫ്രിക്കന്‍ പെണ്‍ സൈന്യത്തിന്റെ പോരാട്ട കഥ പറയുന്ന ജീന പ്രിന്‍സ്-ബൈത്ത് വുഡ് ചിത്രം 'ദി വുമണ്‍ കിംഗ്', നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂസ് മികച്ച ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട ഷാര്‍ലറ്റ് വെല്‍സിന്റെ 'ആഫ്റ്റര്‍സണ്‍', ക്രഡിറ്റ് കാര്‍ഡ് തിരിമറി പശ്ചാത്തമാകുന്ന ജോണ്‍ പാറ്റണ്‍ ഫോര്‍ഡിന്റെ 'എമിലി ദി ക്രിമിനല്‍', മാമി റ്റില്‍ ബോബ്ലി എന്ന സ്ത്രീയുടെ നിയമപോരാട്ടം പശ്ചാത്തലമാകുന്ന 'റ്റില്‍' എന്നിവയും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

ഏഷ്യന്‍ ചിത്രങ്ങളില്‍ ഈ വര്‍ഷം ശ്രദ്ധേ നേടിയ പാര്‍ക്ക് ചാന്‍ വൂക്കിന്റെ കൊറിയന്‍ മിസ്റ്ററി ത്രില്ലറായ 'ഡിസിഷന്‍ ടു ലീവ്' ഉള്‍പ്പടെ ഒരുപിടി അന്താരാഷ്ട്ര ചിത്രങ്ങളും ഒബാമയുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്. ഫ്രഞ്ച് ചിത്രങ്ങളായ പെറ്റീറ്റ് മാമന്‍, ഹാപ്പനിംഗ്, ഇറാനിയന്‍ ചിത്രങ്ങളായ 'എ ഹീറോ', 'ഹിറ്റ് ദ റോഡ്', സ്പാനിഷ് കോമഡി ചിത്രം 'ദ ഗുഡ് ബോസ്' എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. 'ഡ്രൈവ് മൈ കാര്‍' എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ നോമിനേഷന് അര്‍ഹനായ ജാപ്പനീസ് ഡയറക്ടര്‍ റൈസുക്കേ ഹാമാഗാച്ചിയുടെ 'വീല്‍ ഓഫ് ഫോര്‍ച്ച്യൂണ്‍ ആന്‍ഡ് ഫാന്റസി'യാണ് ലിസ്റ്റിലെ മറ്റൊരു പ്രമുഖ ചിത്രം.

അതേസമയം, ലിസ്റ്റില്‍ താന്‍ വിട്ടുപോയവ ഏതെങ്കിലുമുണ്ടോ എന്ന് ഒബാമയുടെ ചോദ്യത്തിന് മറുപടിയായി നിര്‍ദേശങ്ങളുടെ പ്രവാഹമാണ് കമന്റ് ബോക്‌സിലുള്ളത്. അന്തരിച്ച പ്രമുഖ നടന്‍ ചാഡ്വിക് ബോസ്മാന്റെ 'ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോറെവര്‍' ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരു വലിയ വിഭാഗം ആവശ്യമുയര്‍ത്തിയിട്ടുമുണ്ട്. എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' കാണാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കമന്റുകളും ട്വീറ്റിന് മറുപടിയായി എത്തുന്നുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT