മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും എന്റര്‍ടെയ്‌നര്‍ സിനിമകള്‍ ഇഷ്ടമുള്ളയാളാണ് താനെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഉള്ളിലെങ്കിലും അത്തരം സിനിമകള്‍ക്ക് കയ്യടിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആറാട്ടിലും അത്തരം മൊമന്റ്സ് ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ദ ക്യു അഭിമുഖത്തിലായിരുന്നു പ്രതികരണം.
ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്:
ഞാന്‍ എന്താണ് ചെയ്യുന്നത് എന്നതില്‍ എനിക്ക് നല്ല വ്യക്തതയുണ്ട്. അതുകൊണ്ട് ആറാട്ടും അങ്ങനെ തന്നെയാണ്. ആറാട്ട് ഞാന്‍ പൂര്‍ണ്ണമായും ഫാന്‍സിന് വേണ്ടി എന്ന് ചിന്തിച്ച് ഉണ്ടാക്കിയ സിനിമയല്ല. എന്നിരുന്നാലും എനിക്ക് ലാലിന്റെയും മമ്മൂക്കയുടെയും അത്തരം സിനിമകള്‍ ഇഷ്ടമാണ്. ഉള്ളിലെങ്കിലും അത്തരം സിനിമകള്‍ക്ക് കയ്യടിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആറാട്ടിലും അത്തരം മൊമന്റ്സ് ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു ആക്ഷന്‍ ഫ്രീക്കാണ്. അതുകൊണ്ട് തന്നെ ചിലരംഗങ്ങള്‍ എടുക്കുമ്പോള്‍, ഒന്നുടെ എടുക്കാം, അല്ലെങ്കില്‍ ലെന്‍സ് മാറ്റി നോക്കാം എന്നെല്ലാമാണ് അദ്ദേഹവും പറയാറ്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍, ആക്ഷന് രംഗങ്ങള്‍ ഡിമാന്റ് ചെയ്യാന്‍ പറ്റുമായിരുന്നു. ഒരു രംഗത്തില്‍ ആറടിപൊക്കത്തില്‍ അദ്ദേഹം ഒരു കിക്ക് ചെയ്യണമെന്ന് എന്റെ മനസിലുണ്ടായിരുന്നു. അത് നിര്‍ബന്ധമായും എടുക്കുകയും ചെയ്തു.
ആറാട്ട് ഫെബ്രുവരി 18നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചത്. കൊവിഡ് സാഹചര്യത്തില്‍ കുറഞ്ഞ സീറ്റിംഗ് കപ്പാസിറ്റിയിലും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കുകള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്ത് വിട്ടിട്ടില്ല.
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. കോമഡിക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കി നിര്‍മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണനാണ്.