സംവിധായകന് അയാന്‍ മുഖര്‍ജിക്ക് ബ്രഹ്‌മാസ്ത്ര എന്ന വാക്ക് കൃത്യമായി ഉച്ചരിക്കാന്‍ പോലും അറിയില്ലെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. അവര്‍ക്ക് ബ്രഹ്‌മാസ്ത്ര എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാമോ എന്നും വിവേക് ചോദിക്കുന്നു. കുശാല്‍ മെഹ്‌റയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വിവേക് അഗ്നിഹോത്രിയുടെ വിവാദ പരാമര്‍ശം.
'അവര്‍ക്ക് ബ്രഹ്‌മാസ്ത്രയുടെ അര്‍ത്ഥം എന്താണെന്ന് അറിയാമോ? എന്നിട്ട് അവര്‍ അസ്ത്ര വേഴ്‌സിനെ കുറിച്ച് സംസാരിക്കുന്നു. അതെന്താണ്? പിന്നെ സിനിമയുടെ സംവിധായകന്‍, അയാള്‍ക്ക് ബ്രഹ്‌മാസ്ത്ര എന്ന വാക്കിന്റെ ഉച്ചാരണം പോലും അറിയില്ല. തീര്‍ച്ചയായും അയാന്‍ നല്ലൊരു സംവിധായകന്‍ തന്നെയാണ്. എനിക്ക് അയാനിന്റെ വേക്ക് അപ്പ് സിദ്ദും രണ്ടാമത്തെ സിനിമയും എല്ലാം ഇഷ്ടമാണ്. ഒരു നല്ല സിനിമയാണ് അയാള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു അമ്മ കുഞ്ഞിനെ കുറിച്ച് വേവലാതി പെടുന്നത് പോലെ തന്നെ ഞാന്‍ അയാനെ ഓര്‍ത്ത് വേവലാതി പെടുന്നുണ്ട്. ഞാന്‍ വളരെ നിരാശനാണ്. ഇതാണ് എനിക്ക് പറയാനുള്ള പ്രശ്‌നങ്ങള്‍', വിവേക് പറയുന്നു.
കരണ്‍ ജോഹര്‍ സിനിമകളില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ കളിയാക്കുന്നത് എന്തിനാണെന്നും വിവേക് അഗ്നിഹോത്രി ചോദിക്കുന്നു. 'അവര്‍ എല്‍ജിബിടിക്യു ആക്ടിവിസത്തെ കുറിച്ച് സംസാരിക്കുകയും പിന്നീട് അവര്‍ തന്നെ ആ വിഭാഗത്തെ കളിയാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് കരണ്‍ ജോഹറിന്റെ സിനിമകളില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ കളിയാക്കുന്നത്. എന്തിന്? എന്നിട്ട് അവര്‍ ആക്ടിവിസത്തെ കുറിച്ച് സംസാരിക്കുന്നു', എന്നും വിവേക് കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 9നാണ് രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ബ്രഹ്‌മാസ്ത്ര തിയേറ്ററിലെത്തുന്നത്. ചിത്രത്തിലെ ഒരു പാട്ട് പുറത്തിറങ്ങിയ സമയത്ത് രണ്‍ബീര്‍ കപൂര്‍ അമ്പലത്തില്‍ ചെരുപ്പിട്ട് കയറിയെന്ന് ചൂണ്ടിക്കാണിച്ച് ബ്രഹ്‌മാസ്ത്രയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. അതോടൊപ്പം തന്നെ ചിത്രം ബോയ്‌കോട്ട് ചെയ്യണം എന്ന പേരില്‍ ട്വിറ്റര്‍ ക്യാംപെയിനും നടക്കുന്നുണ്ട്.