ജവാൻ സിനിമയിൽ ഷാറൂഖ് ഖാനോടൊപ്പം വർക്ക് ചെയ്ത അനുഭവങ്ങൾ പങ്കുവെക്കുകയും താരത്തിന് നന്ദി പറയുകയും ചെയ്ത് സംവിധായകൻ ആറ്റ്ലീ. രാജാക്കന്മാരുടെ കഥകൾ വായിക്കുന്നത് മുതൽ ശരിക്കുള്ള രാജാവുമായി യാത്ര ചെയ്യുന്നതുവരെ താൻ സ്വപ്നം കണ്ട ജീവിതമാണ് ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആറ്റ്ലീ ട്വിറ്ററിൽ ഷാറൂഖ് ഖാന്റെ നന്ദി ട്വീറ്റിന് മറുപടിയായി കുറിച്ചു. ഷാരുഖ് ഖാന് സിനിമയോടുള്ള പാഷനും ഓരോ സിനിമക്കായി നടത്തുന്ന കഠിനാദ്ധ്വാനവും 3 വർഷത്തോളം അടുത്തുനിന്ന് പഠിക്കാനായത് വളരെ പ്രചോദനം നൽകിയെന്നും ഇത് വെറും ആരംഭം മാത്രമാണെന്നും ആറ്റ്ലീ ട്വിറ്ററിൽ കുറിച്ചു.
ആറ്റ്ലീയുടെ ട്വീറ്റിന്റെ പൂർണ്ണ രൂപം :
രാജാക്കന്മാരുടെ കഥകൾ വായിക്കുന്നത് മുതൽ ശരിക്കുള്ള രാജാവുമായി യാത്ര ചെയ്യുന്നതുവരെ ഞാൻ സ്വപ്നം കണ്ട ജീവിതമാണ് ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ലിമിറ്റുകൾക്കപ്പുറം ഈ സിനിമ എന്നെകൊണ്ടുപോയി ഈ സിനിമയിലൂടെ ഒരുപാട്ട് കാര്യങ്ങൾ ഞാൻ പഠിച്ചു. അങ്ങേക്ക് സിനിമയോടുള്ള പാഷനും ഓരോ സിനിമക്കായി അങ്ങ് നടത്തുന്ന കഠിനാദ്ധ്വാനവും 3 വർഷത്തോളം അടുത്തുനിന്ന് പഠിക്കാനായത് എനിക്ക് വളരെ പ്രചോദനം നൽകി. ഇത് വെറും ആരംഭം മാത്രമാണ്. എന്റെയും ടീമിന്റെ എല്ലാവരുടെയും പേരിൽ ഞാൻ നന്ദി അറിയിക്കുന്നു. ദൈവം വളരെ ദയയുള്ളവനാണ് !! എല്ലാവർക്കും നന്ദി.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജവാൻറെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ഷാറൂഖ് ആരാധകരിൽനിന്നും സിനിമാപ്രേമികളിൽ നിന്നും ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ വമ്പൻ ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമായെത്തുന്ന ചിത്രത്തിൽ വ്യത്യസ്ത ലൂക്കുകളിലാണ് ഷാറൂഖ് ഖാൻ എത്തുക എന്നാണ് വിഷ്വൽസ് സൂചിപ്പിക്കുന്നത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിലെത്തും.
റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും.