എം. ടി വാസുദേവൻ നായരുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് മനോരഥങ്ങൾ. ആന്തോളജിയിലെ ഒരു ചിത്രമായ വിൽപ്പന സംവിധാനം ചെയ്യുന്നത് എംടിയുടെ മകളും നർത്തകിയുമായ അശ്വതി വി നായരാണ്. ആസിഫ് അലിയും മധുബാലയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ മനോരഥങ്ങളിൽ ഒരു സിനിമ സംവിധാനം ചെയ്യാമെന്ന തീരുമാനം യാദൃച്ഛികമായിരുന്നു എന്ന് അശ്വതി പറയുന്നു. സിനിമ സംവിധാനം ചെയ്യാൻ ധെെര്യമില്ലാതെയിരുന്ന തനിക്ക് അതിന് വേണ്ടി ആത്മവിശ്വസം സന്തോഷ് ശിവൻ അടക്കമുള്ളവരായിരുന്നു എന്ന് അശ്വതി പറയുന്നു. കഴിഞ്ഞ നാല് വർഷത്തെ യാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്നും ഞങ്ങൾ എല്ലാവരും ചേർന്ന് അച്ഛന് നൽകുന്ന ഒരു ആദരമാണ് മനോരഥങ്ങൾ എന്നും അശ്വതി മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവച്ചു.
അശ്വതി പറഞ്ഞത്:
മനോരഥങ്ങളിൽ ഒരു സിനിമ സംവിധാനം ചെയ്യാമെന്ന തീരുമാനം യാദൃച്ഛികമായിരുന്നു. മറ്റു ചിലരെയാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. പിന്നീടൊരു സാഹചര്യത്തിൽ സംവിധാനം ഏറ്റെടുക്കേണ്ടിവന്നു. സ്ത്രീപ്രാധാന്യമുള്ള കഥയാണ് ‘വിൽപ്പന.’ ഒരു സ്ത്രീയുടെ മനോവിചാരങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. തിരക്കഥയും സംഭാഷണവുമെല്ലാം പലവട്ടം വായിച്ചതിനാൽ കാര്യങ്ങളെല്ലാം മനഃപാഠമായിരുന്നു. എങ്കിലും സംവിധാനം ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു. നൃത്തവും അനുബന്ധ സ്റ്റേജ് പ്രൊഡക്‌ഷൻസുമെല്ലാം ചെയ്ത പരിചയവുമായി സിനിമചെയ്യാനിറങ്ങുന്നത് സാഹസമാണെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ഒപ്പമുള്ളവരാണ് ധൈര്യം നൽകിയത്. സന്തോഷേട്ടനെ (സന്തോഷ് ശിവൻ) പോലുള്ളവരുടെ സഹായവും ഉപദേശവും വിലപ്പെട്ടതായിരുന്നു. മുന്നൊരുക്കങ്ങൾ ഒരുപാടുണ്ടായിരുന്നു. ചിത്രീകരണത്തിനായുള്ള സ്ഥലം കണ്ടെത്തിയശേഷം, ഓരോ രംഗവും എങ്ങനെ അവതരിപ്പിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ രൂപരേഖയുണ്ടാക്കി. ആർട്ട്, എഡിറ്റിങ്, മ്യൂസിക് എന്നീ വിഭാഗങ്ങളിൽനിന്നെല്ലാം വലിയ സഹകരണമാണ് ലഭിച്ചത്. ഒരു പകൽസമയത്ത് വീടിനുള്ളിൽ നടക്കുന്ന കഥയാണ് വിൽപ്പന. പ്രേക്ഷകരെ മുഷിപ്പിക്കാതെ രംഗങ്ങൾ പകർത്തുകയെന്നതായിരുന്നു വലിയ വെല്ലുവിളി. കോവിഡ് സമയത്താണ് മനോരഥങ്ങളുടെ ചിത്രീകരണം തുടങ്ങുന്നത്. അതുകൊണ്ടുതന്നെ വെല്ലുവിളികൾ കൂടുതലായിരുന്നു. മുൻകൂട്ടി കണ്ടെത്തിയ സ്ഥലങ്ങൾ പലതും സുരക്ഷാപ്രശ്നങ്ങളാൽ എ കാറ്റഗറിയിൽ ഉൾപ്പെടുന്നത് പതിവായിരുന്നു. ചിത്രീകരണത്തിന്റെയന്ന് രാവിലെത്തന്നെ മറ്റു സ്ഥലങ്ങൾ അന്വേഷിച്ചുപോകേണ്ടിവന്നിട്ടുണ്ട്.
സിനിമ നന്നായെന്നും മോശമായെന്നും അച്ഛൻ പറഞ്ഞിട്ടില്ല. അത്തരം സംസാരങ്ങൾ പൊതുവേ കുറവാണ്. ഇഷ്ടമായി എന്നുതന്നെയാണ് കരുതുന്നത്. കാരണം, പ്രിവ്യൂ ഷോകൾ കണ്ടശേഷം ഒന്നുരണ്ട് സിനിമകളിലെചില രംഗങ്ങളിൽ വരുത്തേണ്ടുന്ന കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയുംചെയ്തു. വിൽപ്പന കണ്ടശേഷം കമന്റുകളൊന്നുമുണ്ടായിരുന്നില്ല എന്നും അശ്വതി പറയുന്നു. ഞങ്ങളെല്ലാം ചേർന്ന് അച്ഛനുനൽകുന്ന ആദരമാണ് മനോരഥങ്ങൾ. നാലുവർഷത്തെ ഈ യാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി എന്നും സിനിമയിലെ മാസ്റ്റേഴ്‌സിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നതാണ് മറ്റൊരു സന്തോഷമെന്നും അശ്വതി കൂട്ടിച്ചേർത്തു.