കൽക്കി എന്ന ചിത്രം കണ്ടപ്പോൾ തനിക്കിഷ്ടമായില്ലന്നും പ്രഭാസ് ഒരു കോമാളിയെപ്പോലെ ആയിരുന്നു എന്നും നടൻ അർഷാദ് വാർസി. ചിത്രം തനിക്കിഷ്ടമായില്ല. പക്ഷെ അമിതാഭ് ബച്ചൻ തന്നെ ആശ്ചര്യപ്പെടുത്തി. അത്രയും അസാധ്യമാണ് അദ്ദേഹം. ചിത്രത്തിൽ പ്രഭാസിന്റെ കാര്യം സങ്കടകരമായിരുന്നു എന്നും പ്രഭാസ് ഒരു കോമാളിയെപ്പോലെ ആയിരുന്നു എന്നും സാംദിഷ് ഭാട്ടിയക്ക് നൽകിയ പോഡ്‌കാസ്റ്റിൽ അർഷാദ് വാർസി പറഞ്ഞു. മുന്നാഭായ് എംബിബിഎസ്, ഗോൽമാൽ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് അർഷാദ് വാർസി. പ്രഭാസ്, അമിതാബ് ബച്ചൻ, കമൽ ഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി' തിയറ്ററിൽ മികച്ച അഭിപ്രായം നേടിയിരുന്നു. 1000 കോടി കളക്ഷൻ നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.
അർഷാദ് വാർസി പറഞ്ഞത്:
കൽക്കി എനിക്ക് കണ്ടപ്പോൾ ഇഷ്ടമായില്ല. അമിത് ജീ എന്നെ ആശ്ചര്യപ്പെടുത്തിക്കളഞ്ഞു. എനിക്ക് ആ മനുഷ്യൻ എന്താണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ ശക്തി കിട്ടിയാൽ ജീവിതം എളുപ്പമാണ്. അത്രയും അസാധ്യമാണ് അദ്ദേഹം. പക്ഷെ മുഴുവൻ ചിത്രത്തിൽ പ്രഭാസിന്റെ കാര്യത്തിൽ സങ്കടമാണ് തോന്നുന്നത്. ഒരു കോമാളിയെപ്പോലെയായിരുന്നു പ്രഭാസ്. എന്തിനായിരുന്നു അങ്ങനെ ചെയ്തത്? എനിക്ക് ഒരു 'മാഡ് മാക്സ്'ആയിരുന്നു എനിക്ക് കാണേണ്ടിയിരുന്നത്. ഒരു മെൽ ഗിബ്‌സണെ ആയിരുന്നു കാണേണ്ടിയിരുന്നത്. പക്ഷെ അവരെന്താണ് ചെയ്തുവെച്ചിരിക്കുന്നത്? എന്തിനായിരുന്നു അങ്ങനെ സിനിമ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
അക്ഷയ് കുമാർ നായകനായി 2022 ൽ പുറത്തിറങ്ങിയ 'ബച്ചൻ പാണ്ഡെ' ആണ് അർഷാദ് വാർസി അഭിനയിച്ചു പുറത്തിറങ്ങിയ അവസാന ചിത്രം.അതേസമയം ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങിയ ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് കല്‍കി 2898 എഡി. മഹാഭാരതത്തിന് നാഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വൽ എന്ന നിലയിലാണ് കൽകിയെ അവതരിപ്പിച്ചിരിക്കുന്നത്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.