'ആടുജീവിതം' മലയാളത്തിന്റെ 'ലോറൻസ് ഓഫ് അറേബ്യ'യാണെന്ന് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. ആടുജീവിതത്തിന്റെ ഓഫീഷ്യൽ വെബ്സെെറ്റ് ലോഞ്ചിലാണ് റഹ്മാന്റെ പ്രതികരണം. യോദ്ധയ്ക്ക് ശേഷം മലയൻകുഞ്ഞ് എന്ന ചിത്രം മലയാളത്തിൽ ചെയ്തുവെങ്കിലും ഒരു മ്യുസീഷ്യൻ എന്ന നിലയിൽ മലയാളത്തിലേക്കുള്ള തിരിച്ചു വരവാണ് ആടുജീവിതം എന്ന് റഹ്മാൻ പറഞ്ഞു. ബ്ലെസ്സിയും പൃഥ്വിരാജും അടക്കമുള്ളവരുടെ ഈ സിനിമയോടുള്ള ആത്മ സമർപ്പണം കണ്ടതിന് ശേഷം സിനിമയോടുള്ള തന്റെ വിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു എന്നും റഹ്മാൻ പറഞ്ഞു.
എ.ആർ റഹ്മാൻ പറഞ്ഞത്:
യോദ്ധയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവാണ് ആടുജീവിതം. അതിനിടയിൽ ഫഹദ് ഫാസിലിനൊപ്പം ഞാനൊരു ചെറിയ സിനിമ ചെയ്തിരുന്നു. എന്നാൽ സംഗീതത്തിലൂടെ പ്രകടിപ്പിക്കാൻ നിരവധി വികാരങ്ങൾ ഉള്ളതിനാൽ ഇത് ശരിക്കും ഒരു സംഗീതസംവിധായകൻ്റെ സിനിമയാണ് . കൂടാതെ ബ്ലസ്സിയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ വളരെ അഭിമാനമുണ്ട്. പൃഥ്വിരാജ് അടക്കുമുള്ള ഈ സിനിമയുടെ മുഴിവൻ ടീമും അവരുടെ ആത്മാവ് ഈ സിനിമയ്ക്ക് വേണ്ടി സമർപ്പിച്ചിട്ടുണ്ട്. അവരെ കാണുമ്പോൾ എനിക്ക് സിനിമയിലുള്ള വിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഇദ്ദേഹം നിർമിച്ചിരിക്കുന്നത് മലയാളത്തിന്റെ ലോറൻസ് ഓഫ് അറേബ്യയാണ്.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 14 വർഷവും കോവിഡ് എന്ന പ്രതിസന്ധിയും താണ്ടിയാണ് ചിത്രം മാർച്ച് 28 ന് തിയറ്ററുകളിലെത്താൻ പോകുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും. നജീബായി മാറാൻ പൃഥ്വിരാജ് സ്വീകരിച്ച ശാരീരികമായ മേക്ക് ഓവറുകൾ സോഷ്യൽ മീഡിയയിലടക്കം ഏറെ ചർച്ചയായിരുന്നു. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. ഛായാഗ്രഹണം സുനില്‍ കെ.സ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി.