ധൂമത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് റായൻ എന്ന ചിത്രത്തിലേക്കുള്ള കോൾ വരുന്നത് എന്ന് നടി അപർണ്ണ ബാലമുരളി. സൺപിക്ചേഴ്സിന്റെ ബാനറിൽ ധനുഷ് സാർ സംവിധാനം ചെയ്യുന്ന സിനിമ എന്ന് കേട്ടപ്പോൾ തന്നെ റായനിൽ അഭിനയിക്കണം എന്ന് തോന്നിയിരുന്നുവെന്നും അപർണ്ണ പറയുന്നു. ചിത്രത്തിൽ മേഖല എന്ന കഥാപാത്രത്തെയാണ് അപർണ്ണ അവതരിപ്പിക്കുന്നത്. കഥയും സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും ധനുഷ് നേരിട്ട് വന്നാണ് പറഞ്ഞു തന്നത് എന്നും ഈ കഥാപാത്രം ചെയ്യണോ വേണ്ടയോ എന്ന തീരുമാനം തനിക്ക് അദ്ദേഹം വിട്ടുതരികയായിരുന്നുവെന്നും അപർണ്ണ ബാലമുരളി വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അപർണ്ണ ബാലമുരളി പറഞ്ഞത്:
ധൂമം ഷൂട്ട് നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് സൺപിക്ചേഴ്സിന്റെ കോൾ വരുന്നത്. റായന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ശ്രേയസ് ആണ് വിളിച്ചത്. സൺ പിക്ചേഴ്സ് ധനുഷ് എന്നിങ്ങനെ കുറേ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിലും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഇത്ര ഡയറക്ടായിട്ട് ഒരു സിനിമയ്ക്ക് കോളുകൾ വരിക എന്നത് അങ്ങനെ പതിവില്ലല്ലോ? അത് വളരെ സർപ്രെെസിംഗ് കോളായിരുന്നു എനിക്ക്. ധനുഷ് സാർ ഡയറക്ട് ചെയ്യാൻ പോകുന്ന പടം, ഒപ്പം സൺ പിക്ചേഴ്സ് പോലെയൊരു ബാനർ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഇതിനോട് യെസ് പറയണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. അതിന് ശേഷം അദ്ദേഹം നേരിട്ട് വന്ന് എന്നോട് കഥ പറഞ്ഞു തന്നു. വളരെ രസമായിട്ടാണ് അദ്ദേഹം എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തന്നത്. അപ്പോഴേ ഞാൻ അതിൽ ഓക്കെയായിരുന്നു. എന്റെ കഥാപാത്രം എന്താണ് എന്നതിൽ അദ്ദേഹത്തിന് നല്ല കൃത്യതയുണ്ടായിരുന്നു. ഇത് ചെയ്യണോ വേണ്ടയോ എന്ന തീരുമാനം മുഴുവനായും അദ്ദേഹം എനിക്ക് വിട്ടു തരുകയാണ് ഉണ്ടായത്.
തന്റെ കുടുംബത്തെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചെയ്യുന്ന സാധാരണക്കാരനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് റായൻ. ധനുഷിന്റെ അമ്പതാമത് ചിത്രമായ റായൻ സംവിധാനം ചെയ്തതും ധനുഷ് തന്നെയാണ്. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, കാളിദാസ് ജയറാം, സന്ദീപ് കിഷൻ, സെൽവരാഘവൻ, പ്രകാശ് രാജ്, ദുഷ്‌റ വിജയൻ, നിത്യാ മേനോൻ, അപർണ ബാലമുരളി, അനിഖ സുരേന്ദ്രൻ, എസ് ജെ സൂര്യ, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്.