സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ബോളിവുഡ് റീമേക്ക് അവകാശം സ്വന്തമാക്കിയത് നടന്‍ ജോണ്‍ അബ്രഹാമിന്റെ നിര്‍മ്മാണ കമ്പനിയാണ്. ജെ.എ എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുമെന്നാണ് ബോളിവുഡില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ബോളിവുഡ് ഹംഗാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
''മിഷന്‍ മംഗള്‍'' എന്ന സിനിമയൊരുക്കിയ ജഗന്‍ ശക്തി അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുമെന്നായിരുന്നു 2022 തുടക്കത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ ജഗന്‍ ശക്തിയുടെ തിരക്കഥയില്‍ ജോണ്‍ എബ്രഹാം തൃപ്തനല്ലാത്തതിനെ തുടര്‍ന്ന് അനുരാഗ് കശ്യപിനെ സംവിധാനത്തിനായി സമീപിച്ചെന്ന് ബോളിവുഡ് മാധ്യമങ്ങള്‍.
ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന എസ്.ഐയെ ആണ് ജോണ്‍ അബ്രഹാം ഹിന്ദിയില്‍ പുനരവതരിപ്പിക്കുക. പൃഥ്വിരാജ് കഥാപാത്രമായി ആരാണ് എത്തുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല. തെലുഗില്‍ ഭീംല നായക് എന്ന പേരിലായിരുന്നു റീമേക്ക്. സൂപ്പര്‍താരം പവന്‍ കല്യാണ്‍ ആണ് ബിജു മേനോന്‍ കഥാപാത്രത്തെ പുനരവതരിപ്പിച്ചത്.
അയ്യപ്പന്‍ നായര്‍ തെലുങ്കില്‍ ഭീംല നായക് ആയി. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനെ റാണ ദഗുബട്ടിയും. വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാല്‍ 15 വര്‍ഷത്തിന് ശേഷം അനുരാഗ് കശ്യപും ജോണ്‍ എബ്രഹാമും കൈകോര്‍ക്കുന്ന ചിത്രവുമായിരിക്കും അയ്യപ്പനും കോശിയും റീമേക്ക്. 2007ല്‍ ''നോ സ്‌മോക്കിംഗ്'' എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായും അവസാനമായും ഒന്നിച്ചത്.
മലയാളം പതിപ്പിനോട് സ്‌ക്രിപ്റ്റ് നീതി പുലര്‍ത്തിയില്ല എന്ന കാരണത്താലാണ് ജഗന്‍ ശക്തിയെ റീമേക്കില്‍ നിന്ന് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കില്‍ ബില്‍ ഹിന്ദി പതിപ്പ് കൃതി സാനണിനെ കേന്ദ്രകഥാപാത്രമാക്കി അനുരാഗ് കശ്യപ് ഒരുക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
അഭിഷേക് ബച്ചനെയാണ് പൃഥ്വിരാജ് അവതരിപ്പിച്ച ഹവീല്‍ദാര്‍ കോശിയെന്ന കഥാപാത്രമായി പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം അഭിഷേക് ബച്ചന്‍ പ്രൊജക്ടില്‍ നിന്ന് പിന്‍മാറി. എക് വില്ലന്‍ റിട്ടേണ്‍സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ച സൗഹൃദത്തില്‍ ജോണ്‍ എബ്രഹാമാണ് അഭിഷേകിന് പകരം അര്‍ജുന്‍ കപൂറിനെ നിര്‍ദേശിച്ചതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജു മേനോന്റെ നിലവിലുള്ള പ്രായത്തേക്കാള്‍ കൂടുതലുള്ള ഒരാളാണ് അയ്യപ്പന്‍ നായര്‍. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീയെ കല്യാണം കഴിച്ച അയ്യപ്പന്‍ നായര്‍. അയ്യപ്പന്‍ നായര്‍ എന്ന് പറയുന്നതിന് പിന്നിലൊരു കഥയുണ്ട്. കറുപ്പിന്റെ രാഷ്ട്രീയം സബ്‌ടെക്സ്റ്റ് ആയി വരുന്നുണ്ട്. വെളുത്ത് സുന്ദരനായ ഒരു നടന് പറ്റില്ല ഈ കഥാപാത്രം. അതാണ് ബിജുമേനോനിലേക്ക് എത്തിയത്.സച്ചി