റിപ്പബ്ലിക് ടിവി ഉടമയും ചാനലിന്റെ പ്രൈം ടൈം അവതാരകനുമായ അര്‍ണോബ് ഗോസ്വാമിക്ക് ഫ്രെയിം ചെയ്ത ചെരിപ്പ് ജേണലിസത്തിന് പുരസ്‌കാരമായി നല്‍കുന്നുവെന്ന് സംവിധായകന്‍ അനുരാഗ് കശ്യപും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയും. കറുപ്പും വെളുപ്പും ഹവായ് ചെരുപ്പുകളുടെ ഓരോ ജോഡി ഫെയിം ചെയ്ത് അവാര്‍ഡഡ് ടു അര്‍ണബ് ഗോസ്വാമി, എന്നും എക്സലന്‍സ് ഇന്‍ ജേണലിസം അവാര്‍ഡ് എന്നും വിശേഷിപ്പിച്ച് റിപ്പബ്ലിക് ടിവി ഓഫീസിന് മുന്നില്‍ നിന്നുള്ള ഫോട്ടോ അനുരാഗ് കശ്യപും കുനാല്‍ കമ്രയും പോസ്റ്റ് ചെയ്തു.
റിപ്പബ്ലിക് ടിവി ഓഫീസിലെ സെക്യൂരിറ്റി പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ലെന്നും കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു. സുശാന്ത് സിംഗ് രജപുതിന്റെ മരണത്തിന് പിന്നാലെ അര്‍ണബ് ഗോസ്വാമി നയിക്കുന്ന ചര്‍ച്ചകളുടെ സ്വഭാവവും ചാനലിന്റെ റിപ്പോര്‍ട്ടിംഗ് രീതിയും വീണ്ടും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒളിനോട്ട സ്വഭാവത്തിലേക്ക് വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്തും, വ്യക്തികളുടെ സ്വകാര്യത പരിഗണിക്കാതെയും വ്യക്തിഹത്യാ സ്വഭാവത്തിലുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
'അവാര്‍ഡ് വിതരണം' ജീവിതത്തിലെ മികച്ച പിറന്നാളാഘോഷങ്ങളിലൊന്നായെന്ന് അനുരാഗ് കശ്യപ് ട്വീറ്റ് ചെയതു. അനുരാഗിന്റെ പിറന്നാളായിരുന്നു സെപ്തംബര്‍ 10ന്. 'പിറന്നാളുകാരന്‍ അനുരാഗ് കശ്യപിനൊപ്പം മികച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്ന അര്‍ണബ് ഗോസ്വാമിക്ക് ഒരു അവാര്‍ഡ് നല്‍കാനായി റിപ്പബ്ലിക്കിന്റെ ഓഫീസില്‍ ചെന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞത് അനുവാദമില്ലാതെ അനുമതി തരില്ലെന്നാണ്,' കുനാല്‍ കമ്ര ഫേസ്ബുക്കില്‍ കുറിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഒരു കേസില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തേണ്ടെന്ന് അര്‍ണബ് ഗോസ്വാമിക്കെതിരെ ശശി തരൂര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്വേഷ പ്രചരണങ്ങളുടയും ധ്രൂവീകരണ രാഷ്ട്രീയത്തിന് കളമൊരുക്കുന്ന റിപ്പോര്‍ട്ടുകളുടെയും പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന ചാനല്‍ കൂടിയാണ് അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവി. ഒരു കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ആരെയങ്കിലും കുറ്റവാളിയെന്ന് മുദ്രകുത്താന്‍ പാടില്ലെന്നും ശശി തരൂരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്ത വ്യക്തമാക്കിയിരുന്നു.