മലൈക്കോട്ടൈ വാലിബന്റെ ഹിന്ദി വേർഷനിൽ തനിക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപ് ആണെന്ന് നടൻ മോഹൻലാൽ. അദ്ദേഹം എന്നെ വിളിച്ച് ഈ സിനിമ ചെയ്യാം, ഈ സിനിമയിൽ ഭാഗമാകുന്നതിൽ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. ഇത്തരത്തിൽ ഒരു സിനിമ അദ്ദേഹം കണ്ടിട്ടില്ല എന്നാണ് തന്നോട് പറഞ്ഞതെന്നും മോഹൻലാൽ പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ നിർമിക്കുന്ന ചിത്രം ജനുവരി 25 ന് തിയറ്ററുകളിലെത്തും.
മോഹൻലാൽ പറഞ്ഞത് :
അനുരാഗ് കശ്യപ് ആണ് ഹിന്ദി വേർഷനിൽ എനിക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്. ശബ്ദം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അദ്ദേഹം ഈ സിനിമ കണ്ടു. അദ്ദേഹം എന്നെ വിളിച്ച് ഞാൻ ഈ സിനിമ ചെയ്യാം, ഈ സിനിമയിൽ ഭാഗമാകുന്നതിൽ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. അദ്ദേഹം പറയുന്നത് ഇങ്ങനെയൊരു സിനിമ ഞാൻ കണ്ടിട്ടില്ല എന്നാണ്. അങ്ങനെ സിനിമയുമായി ബന്ധപ്പെട്ടവർക്ക് വളരെ രസകരമായി തോന്നുന്ന ചിത്രമാകും മലൈക്കോട്ടൈ വാലിബൻ.
ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തോ, നാട്ടുരാജ്യങ്ങളുടെ കാലത്തോ നടന്നിരുന്നൊരു കഥയെന്ന ഫീൽ ആണ് ട്രെയിലറിലെ വിഷ്വലുകളിലുള്ളത്. കൂറ്റൻ കോട്ടയും വിദേശ പടയാളികളും പടയൊരുക്കവുമെല്ലാം ട്രെയിലറിൽ കാണാം. കളരിയെക്കുറിച്ചും മല്ലനെ വരവേൽക്കുന്ന പടക്കളത്തെക്കുറിച്ചും എതിരാളികൾക്കായുള്ള കാത്തിരിപ്പിക്കുറിച്ചുമെല്ലാം ട്രെയിലറിലെ നരേഷനിൽ കാണാം.
ഒരു അമർചിത്രകഥ വായിക്കുന്നത് പോലെയാണ് മലൈക്കോട്ടൈ വാലിബൻ. ഈ കഥ എവിടെ വേണമെങ്കിലും നടക്കാവുന്നതാണ്. ത്രില്ലറാണ്, ആക്ഷൻ ഫിലിം ആണ് എന്ന തരത്തിൽ ഴോണർ സ്പെസിഫിക് ആക്കാതെ പറയാനാണ് ഞങ്ങൾ ശ്രമിച്ചിരിക്കുന്നത് എന്നാണ് ചിത്രത്തെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്. ഈ ഴോണറിൽ ഉള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും കാലങ്ങളും ദേശങ്ങളും ഇല്ലാത്തൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബനെന്നും മോഹൻലാൽ ചിത്രത്തിന്റെ പ്രസ് മീറ്റിൽ പറഞ്ഞത്. ഒരു കഥ പറയുമ്പോൾ എന്തൊക്കെ വേണോ അതെല്ലാം ഈ സിനിമയിലുണ്ട്. അതിൽ പ്രണയമുണ്ട്, വിരഹമുണ്ട്, ദുഖമുണ്ട്, അസൂയയുണ്ട്, സന്തോഷമുണ്ട്, പ്രതികാരമുണ്ട് തുടങ്ങിയ ഹ്യൂമൻ ഇമോഷൻസ് എല്ലാമുള്ള സിനിമയാണിത്.
നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്.