കെ.എം കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെച്ചാണ് അനുരാഗ് കശ്യപ് ചിത്രം കണ്ടത്. യഥാര്‍ത്ഥ സംഭവത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ് പടയെന്നാണ് അനുരാഗ് കശ്യപ് ഇന്‍സ്്റ്റഗ്രാമില്‍ കുറിച്ചത്.
'ഈ സിനിമ ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. തീര്‍ച്ചയായും നിങ്ങളെല്ലാവരും തിയേറ്ററില്‍ തന്നെ കാണാണം. യഥാര്‍ത്ഥ സംഭവത്തിന്റെ ശക്തമായ ആവിഷ്‌കാരം. ഒരു ട്വിസ്റ്റോടുകൂടിയുള്ള മലയാളത്തിന്റെ 'ഡോഗ് ഡേ ആഫ്റ്റര്‍നൂണ്‍' ', എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.
മാര്‍ച്ച് 11നാണ് പട തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. പ്രേക്ഷകരില്‍ നിന്നും സിനിമ മേഖലയില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് കെ എം കമല്‍ പട ഒരുക്കിയിരിക്കുന്നത്. ആദിവാസി ഭൂനിയമം അട്ടിമറിച്ചുള്ള ഭേദഗതിക്കെതിരെയായിരുന്നു അയ്യങ്കാളിപ്പടയുടെ പ്രതിഷേധം.
'രാഷ്ട്രീയം പറയുന്ന സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും മലയാളത്തില്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. അത് കാരണം സിനിമ അതിന് കൂടിയുള്ളൊരു വഴിയാണ്. ഇത് വരെ നടന്നിട്ടുള്ള ചരിത്രം, സമരങ്ങള്‍, ഇനി നടക്കാന്‍ പോകുന്ന സമരങ്ങള്‍ക്ക് കൂടിയുള്ള ട്രിബ്യൂട്ടാണ് ഈ സിനിമ.', എന്നാണ് സംവിധായകന്‍ കമല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്.