അജഗജാന്തരം എന്ന സിനിമയ്്ക്ക് വേണ്ടി വിജയ് ചിത്രം മാസ്റ്ററില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം വേണ്ടെന്ന് വെച്ചെന്ന് നടന്‍ ആന്റണി വര്‍ഗീസ്. മാസ്റ്ററിലേക്ക് വിളിക്കുന്നത് അജഗജാന്തരത്തിന്റെ ചിത്രീകരണത്തിന്റെ സമയത്താണ്. അപ്പോള്‍ അജഗജാന്തരം ഷൂട്ട് താത്കാലികമായി നിര്‍ത്തി മാസ്റ്റര്‍ ഷൂട്ടിന് പോകണമായിരുന്നു. അത് എന്തുകൊണ്ടോ താന്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് പെപ്പെ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.
'ചാന്‍സ് ഒരുപാട് വന്നിരുന്നു. വിജയ്‌യുടെ മാസ്റ്ററില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. വലിയ ആഗ്രഹമായിരുന്നു ചെയ്യണമെന്ന്. പക്ഷെ മാസ്റ്ററും അജഗജാന്തരത്തിന്റെ ഡേറ്റുമായി ക്ലാഷ് വന്നു. മാസ്റ്റര്‍ ചെയ്യണമെങ്കില്‍ ഞാന്‍ അജഗജാന്തരത്തിന്റെ ചിത്രീകരണത്തിനിടയില്‍ പോയി ചെയ്യണമായിരുന്നു. അങ്ങന വന്നപ്പോള്‍ അത് വേണ്ടെന്ന് വെച്ചു. ഒരു കണക്കിന് അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം അജഗജാന്തരം ചിത്രീകരണം പൂര്‍ത്തിയായി 8 ദിവസത്തിന് ശേഷമാണ് കൊറോണ വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരിക്കലും അത്രയും ആള്‍ക്കൂട്ടത്തെ വെച്ച് സിനിമ ചെയ്യാന്‍ സാധിക്കില്ല. പിന്നെ നമ്മള്‍ നന്നായി അഭിനയിച്ചാല്‍ ഇനിയും സിനിമകള്‍ വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.' - എന്നാണ് പെപ്പെ പറഞ്ഞത്.
അതേസമയം, അജഗജാന്തരം ഡിസംബര്‍ 23നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. നിലവില്‍ മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. കൊവിഡ് മൂലം രണ്ട് വര്‍ഷത്തോളമായി മലയാളികള്‍ക്ക് നഷ്ടപ്പെട്ട ഉത്സവപ്പറമ്പുകളുടെ ആരവം അക്ഷരാര്‍ഥത്തില്‍ തിയേറ്ററിലെത്തിക്കാന്‍ അജഗജാന്തരത്തിന് സാധിച്ചുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ക്കും പശ്ചാത്ത സംഗീതത്തിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സ്വാതന്ത്ര്യം അര്‍ത്ഥരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് അജഗജാന്തരം. ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം.
അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് തിരക്കഥ. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.