2019 മേയ് ദിനത്തില്‍ നടന്‍ ആന്റണി വര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോ വലിയ ചര്‍ച്ചയായിരുന്നു. ഓട്ടോ ഡ്രൈവറായ അപ്പന്‍ വര്‍ഗീസിനെ ഓട്ടോയ്ക്കരികില്‍ നിര്‍ത്തി എടുത്ത ചിത്രമായിരുന്നു മെയ്ദിനത്തില്‍ പെപ്പെ ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവച്ചത്. ഇന്‍സ്റ്റയില്‍ ഫാദര്‍ജിയെന്ന് ചുരുക്കിയപ്പോള്‍ ഫേസ്ബുക്കില്‍ കുഞ്ഞുകുറിപ്പിനൊപ്പമായിരുന്നു ഫോട്ടോ.തൊഴിലാളിദിനാശംസകള്‍.... അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ....' ഇങ്ങനെയായിരുന്നു കുറിപ്പ്. അധ്വാനിയായ അച്ഛനെക്കുറിച്ചുള്ള അഭിമാനം പങ്കിടുന്നതായിരുന്നു കുറിപ്പ്.
ഇപ്പോഴിതാ അപ്പന്‍ ആ പഴയ മേയ്ദിന ഫോട്ടോ ഓര്‍മ്മപ്പെടുത്തിയത് രസകരമായ അനുഭവമാക്കി പങ്കുവച്ചിരിക്കുകയാണ് ആന്റണി വര്‍ഗീസ്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം വീട്ടില്‍ ഓട്ടോ പോര്‍ച്ചില്‍ നിര്‍ത്തി പത്രവായനയില്‍ മുഴുകിയ അപ്പന്റെ പടമാണ് ആന്റണി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ആന്റണി വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അപ്പന്‍ കുറെ നേരമായിട്ടു റൂമില്‍ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാന്‍ ചോയിച്ചു എന്ത് പറ്റിന്ന്... ഉടനെ പറയാ 2 വര്‍ഷം മുന്‍പ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കില്‍ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്... സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയില്‍ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം ... അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി... കണ്ടാല്‍ അപ്പന്‍ അറിയാതെ ഞാന്‍ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുള്‍ അഭിനയം ആണ്.