അന്ന ബെന്നിനെ പ്രധാന കഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാറാസ്'. വ്യക്തി സ്വാതന്ത്രം പ്രമേയമാക്കുന്ന സിനിമ താൻ മുമ്പ്‍ കഥ പറഞ്ഞ രീതികളിൽ നിന്നും തീർത്തും വ്യത്യസ്ഥമാണെന്ന് ജൂഡ് പറയുന്നു. കുട്ടികളോട് ഇഷ്ടമില്ലാത്ത ഒരു പെൺകുട്ടി ആയാണ് ചിത്രത്തിൽ അന്ന എത്തുന്നത്. 'ഓം ശാന്തി ഓശാന'യിലെ ഒരു രംഗത്തിൽ നിന്നാണ് കഥാകൃത്ത് ഈ തീമിലേയ്ക്ക് എത്തുന്നതെന്നും സംവിധായകൻ 'ദ ക്യു'വിനോട് പറഞ്ഞു.
ഈ കഥ കുറച്ച് സീരിയസ് ആണ്, ഹ്യൂമർ പറയാൻ ഇടമില്ല
അന്ന ബെന്നിനെ കേന്ദ്രീകരിച്ച് പോകുന്ന കഥയാണ് 'സാറാസ്'. ഒരു അസിസ്റ്റന്റ് ഡയറക്ടറായാണ് അന്ന എത്തുന്നത്. സണ്ണി വെയ്ൻ ആണ് നായകൻ. എന്റെ കഴിഞ്ഞ രണ്ട് സിനിമകളിലേതുപോലെ ഹ്യൂമർ പറയാൻ ഇടമില്ലാത്ത ഒരു കഥയാണിത്. കുറച്ച് സീരിയസ് ആയ ഒരു വിഷയത്തെ കേന്ദ്രീകരിച്ച് പോകുന്ന സിനിമ. മുൻപ് ചെയ്തിട്ടുളള കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി അന്നയുടെ കോമഡി കഥാപാത്രം എന്നൊന്നും പറയാൻ കഴിയില്ല. 'ഓം ശാന്തി ഓശാന' എന്ന സിനിമയിൽ നസ്രിയ ശരിക്കും തമാശ പറയുന്നില്ല. അവരുടെ അവസ്ഥ കാണുമ്പോൾ നമുക്ക് ചിരി വരുന്നു എന്നതാണ്. അതുപോലെ ഇതിലും അന്നയുടെ ചില പ്രവൃത്തികൾ, വർത്തമാനങ്ങൾ എല്ലാം കാണുമ്പോൾ നമുക്ക് തമാശയായി തോന്നിയേക്കാം. തമാശയിലൂടെ തന്നെയാണ് കഥ പറയുന്നതും, പക്ഷെ 'ഓം ശാന്തി ഓശാന'യുടെ അത്രയും എന്റർടെയ്നിങ് ആയിരിക്കുമെന്ന് തോന്നുന്നില്ല. വ്യക്തി സ്വാതന്ത്യത്തെ കുറിച്ചൊക്കെ പറയുന്ന സിനിമയാണ്. അതിൽ എത്രമാത്രം ഹ്യൂമർ കൊണ്ടുവരാൻ പറ്റുമോ അത്രമാത്രമേ കൊണ്ടുവന്നിട്ടുളളു.
കുട്ടികളെ ഇഷ്ടമല്ലാത്ത സ്ത്രീയ്ക്ക് എന്താണ് കുഴപ്പം?
കുട്ടികളെ ഇഷ്ടമല്ലാത്ത ഒരു സ്ത്രീ കഥാപാത്രമാണ് ഇതിൽ അന്നയുടേത്. ഞാൻ പൊതുവെ കുട്ടികളെ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാളാണ്. എന്നിലുളള വ്യക്തി പറഞ്ഞത് ഇങ്ങനൊരു കഥ ചെയ്യരുത് എന്നാണ്. കുട്ടികളെ ഇഷ്ടമല്ലാത്ത സ്ത്രീ എന്തൊരു സ്ത്രീ ആണ് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ എന്റെ ഇഷ്ടങ്ങളല്ലല്ലോ ശരി, വ്യക്തി സ്വാതന്ത്യം എന്നൊന്ന് ഉണ്ടല്ലോ. എനിക്കിഷ്ടമുളളതെല്ലാം മറ്റുള്ളവരും ഇഷ്ടപ്പെടണമെന്ന് വാശി പിടിക്കാൻ പാടില്ലല്ലോ. ആ രീതിയിലാണ് കഥ പറയുന്നതും. എന്തുകൊണ്ടും പറയേണ്ട വിഷയമാണെന്ന് തോന്നിയിട്ടാണ് ഞാൻ ഈ സിനിമ ചെയ്തത്.
ഈ കഥയുടെ ത്രെഡ് 'ഓം ശാന്തി ഓശാന'യിലെ ഒരു രംഗത്തിൽ നിന്ന്
'2403 ഫീറ്റ്' എന്ന സിനിമ ആയിരുന്നു ഞാൻ ചെയ്യാനിരുന്നത്. അതിന്റെ ഷൂട്ട് തുടങ്ങിയ ശേഷം ലോക്ഡൗൺ വന്ന് അത് മുടങ്ങി. അതിന് ശേഷമാണ് ഇങ്ങനൊരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. ലോക്ഡൗണിൽ ഞാൻ ഉൾപ്പടെ ലോകം മുഴുവൻ ആളുകൾ ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുന്ന സമയത്ത് ഫേസ്ബുക്കിൽ ഞാൻ ഒരു പോസ്റ്റിട്ടു. സിനിമയ്ക്ക് പറ്റിയ കഥകൾ മനസിൽ തോന്നിയാൽ എഴുതി അയക്കൂ, വായിച്ച് നല്ലതെന്ന് തോന്നിയാൽ നമുക്ക് സിനിമയാക്കാം എന്ന്. അന്ന് വന്ന കഥകളിലൊന്ന് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. പക്ഷെ ലോക്ഡൗണിൽ ചെയ്തെടുക്കാൻ പറ്റുന്ന സ്ക്രിപ്റ്റ് ആയിരുന്നില്ല അത്. വേറെ എന്തെങ്കിലും കഥ ഉണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. 'ഓം ശാന്തി ഓശാന'യിൽ ഒരു കുട്ടി തലയിലെ ക്ലിപ് വലിക്കുമ്പോൾ നസ്രിയയുടെ ഒരു എക്സ്പ്രഷനുണ്ട്, അതിൽ നിന്ന് തോന്നിയ ഒരു കഥ അദ്ദേഹം എന്നോട് പറഞ്ഞു. കുട്ടികളെ ഇഷ്ടമല്ലാത്ത ഒരു പെൺകുട്ടി. കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി. ഒരു മാസത്തിൽ സ്ക്രിപ്റ്റ് തയ്യാറായി. അന്നയോട് കഥ പറഞ്ഞപ്പോൾ അവർക്ക് വളരെ ഇഷ്ടപ്പെട്ടു. ഒക്ടോബർ 23ന് പടം തുടങ്ങി നവംബർ 26ന് ഷൂട്ടിങ് പൂർത്തിയാക്കി. ഇപ്പോൾ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുന്നു.
അന്നബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നു. വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ദീഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയാണ് മറ്റ് താരങ്ങൾ. ശാന്ത മുരളിയും പി.കെ മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. കൊച്ചി മെട്രോ, ലുലു മാൾ, വാഗമൺ എന്നിവിടങ്ങാള് പ്രധാന ലൊക്കേഷനുകൾ.