ആനിമൽ എന്ന ചിത്രം ഹിന്ദി സിനിമയുടെ യഥാർത്ഥ ഗെയിം ചേഞ്ചർ ചിത്രമാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. ഈ കാലഘട്ടത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന കലാകാരനാണ് സന്ദീപ് റെഡ്ഡി വാങ്ക എന്നും അദ്ദേഹത്തിനോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞ വെെകുന്നേരം മനോഹരമായിരുന്നു എന്നും അനുരാഗ് കശ്യപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചോ ആര് എന്ത് പറയുന്നു എന്ന് ഞാൻ ചിന്തിക്കുന്നില്ല എന്നും തനിക്ക് അദ്ദേഹത്തെ കാണണമായിരുന്നു, അദ്ദേഹത്തോട് ചോദിക്കാൻ തനിക്ക് ചോദ്യങ്ങളുണ്ടായിരുന്നു എന്നും അനുരാഗ് കശ്യപ് പറഞ്ഞു. രണ്ട് തവണ കണ്ട ആനിമൽ എന്ന ചിത്രത്തെക്കുറിച്ച് താൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം ഉത്തരം നൽകി എന്നും നിങ്ങൾ നിങ്ങളായി ഇരിക്കുന്നതിനും ക്ഷമയോടെയിരിക്കുന്നതിനും നന്ദിയുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു. സന്ദീപ് റെഡ്ഡി വാങ്കയോടൊപ്പമുള്ള ചിത്രവും അനുരാഗ് കശ്യപ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
അനുരാഗ് കശ്യപിന്റെ പോസ്റ്റ്:
സന്ദീപ് റെഡ്ഡി വാങ്കയുമായി ഒരു നല്ല സായാഹ്നം ആസ്വദിച്ചു. ഇപ്പോൾ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന ചലച്ചിത്രകാരനാണ് അദ്ദേഹം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഏറ്റവും സത്യസന്ധനും സുന്ദരനുമായ മനുഷ്യനാണ്. അദ്ദേഹത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചോ ആരെങ്കിലും ആര് എന്ത് പറയുന്നു എന്ന് ഞാൻ ചിന്തിക്കുന്നില്ല. എനിക്ക് ആ മനുഷ്യനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു, എനിക്ക് ചോദ്യങ്ങളുണ്ടായിരുന്നു, ഞാൻ യഥാർത്ഥത്തിൽ രണ്ടുതവണ കണ്ട അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. നിങ്ങൾ നിങ്ങളായിരിക്കുന്നതിനും ക്ഷമയോടെയിരിക്കുന്നതിനും നന്ദി. ഞാൻ ആദ്യമായി അനിമൽ കണ്ടിട്ട് 40 ദിവസങ്ങളും രണ്ടാമത് കണ്ടിട്ട് 22 ദിവസവും. ഹിന്ദി സിനിമയുടെ യഥാർത്ഥ ഗെയിം ചേഞ്ചർ, അതിന്റെ സ്വാധീനം (നല്ലതോ ചീത്തയോ) നിഷേധിക്കാനാവാത്ത ഒരു സിനിമ. ഒപ്പം അതെല്ലാം വളരെ ധെെര്യത്തോടെ സ്വീകരിക്കുന്ന സിനിമാക്കാരൻ. അവനോടൊപ്പം ചെലവഴിച്ച മഹത്തായ സായാഹ്നം.
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത രൺബീർ കപൂർ നായകനായെത്തിയ ചിത്രമായിരുന്നു ആനിമൽ. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഡിസംബർ 1 ന് റിലീസ് ചെയ്തപ്പോൾ സമ്മിശ്ര പ്രതികരണമാണ് നിരൂപകരിൽ സൃഷ്ടിച്ചിരുന്നത് എങ്കിലും ബോക്സ് ഓഫീസിൽ 900 കോടിയും കടന്ന് ചിത്രം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും ത്രിപ്തി ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.