അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ശ്രീനിവാസന്‍ പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നടന്റെ വീടിന് മുന്നില്‍ പ്രതിഷേധം. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ശ്രീനിവാസനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നടന്‍ മാപ്പ് പറയണമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെകെ പ്രസന്നകുമാരി പറഞ്ഞു. കണ്ടനാട് കവലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ 40ഓളം അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. അങ്കണവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ അപമാനിച്ചെന്നായിരുന്നു പരാതി. 'ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്, ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അവരുടെ നിലവാരമേ കുട്ടികള്‍ക്ക് ഉണ്ടാകൂ'- ഇതായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.