ഡി സി കോമിക്‌സ് സൂപ്പര്‍ വില്ലനെ പ്രധാന കഥാപാത്രമാക്കി ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത 'ജോക്കര്‍’ ഒക്ടോബര്‍ ആദ്യവാരം തിയേറ്ററുകളിലെത്തുകയാണ്. ജോക്കര്‍ മുഖംമൂടിയും,സമാന വസ്ത്രങ്ങളും ധരിച്ച് വരുന്നവരെ ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ അനുവദിക്കില്ലെന്ന് അമേരിക്കയില് പ്രധാനപ്പെട്ട തിയ്യേറ്റര്‍ ശ്രംഖലകളിലൊന്നായയ ലാന്‍ഡ് മാര്‍ക്ക്‌സ് അറിയിച്ചു. 2012ല്‍ കൊളറാഡോ അറോറ തിയേറ്ററില്‍ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ജോക്കര്‍ മുഖം മൂടികള്‍ വിലക്കിയത്.
യുഎസിലാകെ 52 തിയ്യേറ്ററകളുള്ള ശ്രംഖലയാണ് ലാന്‍ഡ് മാര്‍ക്ക്‌സ്. യുഎസിലെ ഏറ്റവും വലിയ തിയ്യേറ്റര്‍ ശ്രംഖലയായ കന്‍സാസിലെ എഎംസി തിയ്യേറ്റേഴ്‌സ് 2012ലെ കൂട്ടക്കൊലയ്ക്കു പിന്നാലെ തന്നെ മുഖംമൂടികള്‍ ധരിച്ച് തിയ്യേറ്ററിലെത്തുന്നത് വിലക്കിയിട്ടുണ്ട്. 650 തിയ്യേറ്ററുകളുള്ള എഎംസി കോസ്റ്റിയൂം അനുവദിക്കുമെന്നും മുഖംമൂടികള്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2012ല്‍ ജോക്കര്‍ കേന്ദ്ര കഥാപാത്രമാകുന്ന ക്രിസ്റ്റഫര്‍ നൊളാന്‍ ചിത്രം 'ഡാര്‍ക്നൈറ്റ് റൈസസ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ ആയിരുന്നു യുഎസിലെ കൊളറാഡോ അറോറ തിയേറ്ററില്‍ കാഴ്ച്ചക്കാരിലൊരാള്‍ പ്രേക്ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെടിവെയ്പ് നടത്തിയ ജയിംസ് ഹോംസ് എന്ന 24കാരന്‍ താന്‍ ജോക്കര്‍ ആണെന്ന് പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജോക്കര്‍ കഥാപാത്രത്തേപ്പോലെ ജയിംസ് ഹോംസ് മുടി കളര്‍ ചെയ്യുകയുമുണ്ടായിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വീണ്ടുമൊരു ജോക്കര്‍ ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോള്‍ യുഎസിലാകെ സിനിമാ പ്രവര്‍ത്തകരും തിയ്യേറ്റര്‍ ഉടമകളുമെല്ലാം മറ്റൊരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബം ആശങ്ക പങ്കുവെച്ച് ജോക്കറിന്റെ നിര്‍മാതാക്കള്‍ക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് അപകടം നടന്ന അറോറ തിയ്യേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
വെടിവെയ്പ് ആക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കി പ്രസ്താവന പുറത്തുവിട്ടിരിക്കുകയാണ് ജോക്കറിന്റെ നിര്‍മ്മാതാക്കള്‍. അറോറയുള്‍പ്പെടെയുള്ള അക്രമസംഭവങ്ങളിലെ ഇരകള്‍ക്ക് സംഭാവന നല്‍കിയതിന്റെ നീണ്ട ചരിത്രം തന്നെ തങ്ങള്‍ക്കുണ്ടെന്ന് വാര്‍ണര്‍ ബ്രദേഴ്സ് പ്രതികരിച്ചു.
ഒക്ടോബര്‍ നാലിനാണ് ജോക്കര്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുക. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൊവാക്വിന്‍ ഫീനിക്സ് ടിഫ് ട്രിബൂട്ട് ആക്ടര്‍ അവാര്‍ഡിന് അര്‍ഹനാകുകയും ചെയ്തു. ആദ്യം പുറത്തുവന്ന ചില നിരൂപണങ്ങള്‍ ഫീനിക്സിന് ഓസ്‌കാര്‍ അവാര്‍ഡ് പ്രവചിക്കുന്നുണ്ട്.