അമലാ പോളിന്റെ കരിയറിലെ നിര്‍ണായ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന തമിഴ് ചിത്രം ആടൈയുടെ റിലീസ് മുടങ്ങി. വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ മോണിംഗ് ഷോയും മീഡിയാ ഷോയും മുടങ്ങുമെന്ന് ഇന്നലെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയുടെ മോണിംഗ് ഷോ നടക്കില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. പണം അടക്കാത്തതിനെ തുടര്‍ന്ന് തിയറ്ററുകളിലേക്ക് സ്‌ക്രീനിംഗിനായുള്ള കീ ഡെലിവറി മെസ്സേജ് ലഭിച്ചിരുന്നില്ല.
പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ പ്രോസസിംഗ് ലാബ് ഉള്‍പ്പെടെയുള്ള പണമടവുകളില്‍ വീഴ്ച വരുന്ന ഘട്ടത്തിലാണ് പൊതുവേ കെഡിഎം ഡെലിവറി ലാബുകളില്‍ നിന്ന് നടക്കാതിരിക്കുന്നത്. കേരളത്തില്‍ തമിഴ് സൂപ്പര്‍താര ചിത്രത്തിന് സമാനമായ രീതിയില്‍ വൈഡ് റിലീസായിരുന്നു നിശ്ചയിച്ചത്. 90നടുത്ത് തിയറ്ററുകളിലാണ് സിനിമ കേരളത്തില്‍ റിലീസ് ചെയ്യാനിരുന്നത്.
മോണിംഗ് ഷോകള്‍ മുടങ്ങുമെന്നും മാറ്റിനിയും സെക്കന്‍ഡ് ഷോയും ഉണ്ടാകുമെന്നും നിര്‍മ്മാതാക്കളുമായും വിതരണക്കാരുമായും അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ റിലീസ് മാറ്റിവയ്ക്കുമെന്നാണ് സൂചന. തമിഴിന് പുറമേ ആന്ധ്രാ, തെലങ്കാന മേഖലയിലും മികച്ച കളക്ഷനും സ്വീകാര്യതയും നിര്‍മ്മാതാക്കള്‍ ലക്ഷ്യമിട്ടിരുന്നു.
പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലെ ഫൈനല്‍ പേയ്‌മെന്റുകള്‍ മുടങ്ങുന്നതിനെ തുടര്‍ന്ന് മുമ്പും നിരവധി സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിലായിട്ടുണ്ട്. വിജയ് സേതുപതി ചിത്രം സിന്ധുബാദ്, വിശാല്‍ ചിത്രം അയോഗ്യ എന്നിവ പ്രഖ്യാപിച്ച ദിവസങ്ങളില്‍ നിന്ന് മാറിയാണ് തിയറ്ററുകളിലെത്തിയത്. അമലാ പോള്‍ ചിത്രം ആടൈ റിലീസ് ഇനി എന്നാണെന്ന് നിര്‍മ്മാതാക്കളോ വിതരണക്കാരോ ഇതുവരെ അറിയിച്ചിട്ടില്ല. സിനിമയുടെ റിലീസ് മുടങ്ങിയതിനെ കുറിച്ചും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
കാത്തിരിപ്പ് അവസാനിക്കുന്നു, സിനിമ തിയറ്ററുകളിലേക്കെത്തുന്നു എന്ന കാപ്ഷനോടെ അമലാ പോള്‍ പോസ്റ്ററും പങ്കുവച്ചിരുന്നു. ആടൈ എന്ന ചിത്രത്തില്‍ നഗ്‌നതാ പ്രദര്‍ശനമാണെന്ന് കാണിച്ച് അമലാ പോളിനെതിരെയും സിനിമയ്‌ക്കെതിരെയും വിമര്‍ശനമുണ്ടായിരുന്നു. അനൈത് മക്കള്‍ കക്ഷി സ്ഥാപക നേതാവ് രാജേശ്വരി പ്രിയ തമിഴ്നാട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും ട്രെയിലറുകളും തടയണമെന്നും അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിലും ടീസറിലുമെല്ലാം അമല അര്‍ധനഗ്‌നയായി പ്രത്യക്ഷപ്പെട്ടിരുന്നു.
മേയാതമന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ റിയലിസ്റ്റിക് ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ.മാനുഷിക വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ തിരക്കഥ അസാധാരണമാണെന്നും അതാണ് സിനിമ തെരഞ്ഞെടുക്കാന്‍ കാരണമെന്നും അമല പറഞ്ഞിരുന്നു.കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി. സ്റ്റുഡിയോസാണ് നിര്‍മ്മാണം.
'ആടൈ' എന്ന തമിഴ് ചിത്രത്തിന് വേണ്ടി നഗ്‌നയായി അഭിനയിച്ചതില്‍ ഇനി എന്ത് സംഭവിക്കുമെന്നോര്‍ത്ത് ഭയമില്ലെന്ന് അമല പോള്‍ മുമ്പ് പറഞ്ഞിരുന്നു.. മൂന്ന് വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഈ സിനിമ ചെയ്യാന്‍ ധൈര്യമുണ്ടാവുമായിരുന്നില്ല, പക്ഷേ ഇപ്പോള്‍ ചിത്രം ചെയ്യാനുളള സമയമാണ് എന്ന തിരിച്ചറിവുകൊണ്ടാണ് സിനിമ ചെയ്തതെന്നും അമല പോള്‍ പറഞ്ഞു.
ഒരുപാട് സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു, പക്ഷേ മസാല, ഹൊറര്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ അല്ലെങ്കില്‍ ത്യാഗം ചെയ്യുന്ന അമ്മ അല്ലെങ്കില്‍ ഭാര്യ എന്നിങ്ങനെ സത്യസന്ധമല്ലാത്ത, ക്ലീഷേ കഥകളായിരുന്നു ഭൂരിഭാഗവും. അത്തരം കഥകള്‍ മാത്രമാണ് വരുന്നതെങ്കില്‍ അഭിനയം നിര്‍ത്താന്‍ വരെ ആലോചിച്ചിരുന്നുവെന്നും ആ സമയത്താണ് ആടൈ വരുന്നതെന്നും അമല പറഞ്ഞു. 'ഫിലിം കമ്പാനിയന്' നല്‍കിയ അഭിമുഖത്തിലാണ് അമലയുടെ പ്രതികരണം.