‘ആടൈ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി നഗ്നയായി അഭിനയിച്ചതില്‍ ഇനി എന്ത് സംഭവിക്കുമെന്നോര്‍ത്ത് ഭയമില്ലെന്ന് നടി അമല പോള്‍. മൂന്ന് വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഈ സിനിമ ചെയ്യാന്‍ ധൈര്യമുണ്ടാവുമായിരുന്നില്ല, പക്ഷേ ഇപ്പോള്‍ ചിത്രം ചെയ്യാനുളള സമയമാണ് എന്ന തിരിച്ചറിവുകൊണ്ടാണ് സിനിമ ചെയ്തതെന്നും അമല പോള്‍ പറഞ്ഞു.
ഒരുപാട് സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു, പക്ഷേ മസാല, ഹൊറര്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ അല്ലെങ്കില്‍ ത്യാഗം ചെയ്യുന്ന അമ്മ അല്ലെങ്കില്‍ ഭാര്യ എന്നിങ്ങനെ സത്യസന്ധമല്ലാത്ത, ക്ലീഷേ കഥകളായിരുന്നു ഭൂരിഭാഗവും. അത്തരം കഥകള്‍ മാത്രമാണ് വരുന്നതെങ്കില്‍ അഭിനയം നിര്‍ത്താന്‍ വരെ ആലോചിച്ചിരുന്നുവെന്നും ആ സമയത്താണ് ആടൈ വരുന്നതെന്നും അമല പറഞ്ഞു. ‘ഫിലിം കമ്പാനിയന്’ നല്‍കിയ അഭിമുഖത്തിലാണ് അമലയുടെ പ്രതികരണം.
നഗ്നയായിട്ടുള്ള സീന്‍ കഴിഞ്ഞപ്പോള്‍ ചെറിയ സമ്മര്‍ദത്തിലായിരുന്നു. സംവിധായകനോട് കരച്ചില്‍ വരുന്നത് പോലെ തോന്നിയെന്ന് പറഞ്ഞു, എന്തോ ഭയം പോലെ, പിന്നെ സമയമെടുത്ത് ആലോചിച്ചു ഈ പേടി എവിടെ നിന്നാണ് വരുന്നതെന്നതെന്ന്. നാളെ എന്ത് സംഭവിക്കുമെന്ന് വിചാരിച്ചാണ് ഈ ഭയം വരുന്നത്, പക്ഷേ നാളെ എന്ത് സംഭവിക്കുമെന്ന് വിധി എഴുതാന്‍ നമ്മളാരാണ് ? ഈ ചിത്രം ചെയ്തത് ഞാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായാത് കൊണ്ടാണ്, അതിന് ഇന്ന് 100 ശതമാനം ചെയ്യുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ മാത്രമേ ചിത്രം നന്നാവു. അതുകൊണ്ട് തന്നെ നാളെയെക്കുറിച്ച് ഭയപ്പെടില്ലെന്ന് തീരുമാനിക്കുകയായിരുന്നുഅമല പോള്‍
ആ രംഗം ഷൂട്ട് ചെയ്ത ടെക്‌നീഷ്യന്‍സ്മാരാരും സിംപതിയോടെ അല്ല നോക്കിയത്, ഒരു മികച്ച,വ്യത്യസ്തമായ സിനിമ ചെയ്യുന്നത് പോലെയാണ് എല്ലാവര്‍ക്കും തോന്നിയത്. തന്റെ ശരീരത്തെക്കുറിച്ച് പൂര്‍ണ്ണ ആത്മ വിശ്വാസമുണ്ടായത് കൊണ്ടാണ് ചിത്രം ചെയ്തതെന്നും അമല വ്യക്തമാക്കി.
മേയാത മാന്‍ എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ രത്നകുമാറാണ് ആടൈ സംവിധാനം ചെയ്യുന്നത്. വി സ്റ്റുഡിയോയ്ക്കു വേണ്ടി വിജി സുബ്രമണ്യന്‍ നിര്‍മ്മിച്ച ' ആടൈ ' ജൂലായ് 19 ന് പ്രദര്‍ശനത്തിനെത്തുന്നൂ. കേരളത്തില്‍ നൂറോളം തിയറ്ററില്‍ ശിവഗിരി ഫിലിംസ്, ഹൈ ലൈറ്റ് ക്രിയേഷന്‍സ് ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് റിലീസ് ചെയ്യുന്നത്.
രമ്യാ സുബ്രമണ്യന്‍, ശ്രീരഞ്ജിനി , വിവേക് പ്രസന്ന, ബിജിലി രമേശ്, ടി. എം. കാര്‍ത്തിക്ക്, കിഷോര്‍ ദേവ്, രോഹിത് നന്ദകുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം , എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, ആക്ഷന്‍ സ്റ്റണ്ണര്‍ സാം, തമിഴ് നാട്ടിലെ പ്രശസ്ത മ്യുസിക്ക് ബാന്റായ പ്രദീപ് 'ഊരുകാ'യാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.