Film News

ഗോള്‍ഡന്‍ കോമ്പോ, അല്‍ഫോണ്‍സ് പുത്രന്‍-പൃഥ്വിരാജ്-നയന്‍താര ചിത്രത്തിന് തുടക്കം

അല്‍ഫോണ്‍സ് പുത്രന്‍ ആറ് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമ ആലുവയില്‍ തുടങ്ങി. പൃഥ്വിരാജ് സുകുമാരനും നയന്‍താരയുമാണ് പ്രധാന താരങ്ങള്‍. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് തിരക്കഥ. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും തരംഗം തീര്‍ത്ത പ്രേമം എന്ന സിനിമക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. നേരത്തെ ഫഹദ് ഫാസിലിനെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി പാട്ട് എന്ന സിനിമ അല്‍ഫോണ്‍സ് അനൗണ്‍സ് ചെയ്തിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രോ ഡാഡി പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് സുകുമരാന്‍ ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നത്. നിഴല്‍ എന്ന സിനിമക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രവുമാണ് ഗോള്‍ഡ്.

അല്‍ഫോണ്‍സ് പുത്രന്‍ അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ ദ ക്യുവിനോട് പറഞ്ഞത് (2020 June)

പ്രേമം റിലീസ് ചെയ്ത് അഞ്ച് വര്‍ഷമായി, നേരം ഒരു എക്സ്പിരിമെന്റല്‍ ചിത്രമായി ചെയ്തതാണെന്ന് അല്‍ഫോണ്‍സ് പറഞ്ഞിട്ടുണ്ട്. പക്ഷേ പ്രേമം വമ്പന്‍ ഹിറ്റും ട്രെന്‍ഡ് സെറ്ററുമായി, മലയാളത്തില്‍ ആ സിനിമയൊരു ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്തു. പ്രേമം എന്ന സിനിമയുടെ ഹ്യൂജ് സക്സസ് അടുത്ത സിനിമയിലേക്കുള്ള ദൂരം കൂട്ടിയിട്ടുണ്ടോ?

പ്രേമം എന്ന സിനിമയിലേക്ക് എത്താന്‍ ഒരുപാട് സമയം എടുത്തിരുന്നു. സിനിമ പഠിക്കാന്‍ തുടങ്ങി പതിനഞ്ചാം വര്‍ഷത്തിനിപ്പുറം ആണ് പ്രേമം ചെയ്യാന്‍ കഴിഞ്ഞത്. അതിനുശേഷം കല്യാണം നടന്നു. രണ്ട് കുട്ടികളുണ്ടായി. പുതിയൊരു ലൈഫ് തുടങ്ങി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. അതിനിടയില്‍ കാളിദാസിനെ വെച്ച് മ്യൂസിക്കല്‍ ഫിലിം ചെയ്തിരുന്നു. മമ്മൂട്ടി-അരുണ്‍ വിജയ് ഒന്നിക്കുന്ന ഒരു തമിഴ് സിനിമ മുംബൈയില്‍ വെച്ച് പ്ലാന്‍ ചെയ്തിരുന്നു. ലാലേട്ടനെ വെച്ച് മറ്റൊരു കഥ. അങ്ങനെ പല പല പരിപാടികള്‍ പരീക്ഷിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ മ്യൂസിക്കുമായി ബന്ധപ്പെട്ട ഒരു കഥയുമായി മുന്നോട്ടുപോകുന്നു. ഒരു മ്യൂസിക് ഡയറക്ടറെ കുറിച്ചോ മ്യൂസിക്കുമായി ബന്ധപ്പെട്ട മറ്റാരെയെങ്കിലും കുറിച്ചോ ഒരു കഥ പറയുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും മ്യൂസിക് കുറച്ചൊക്കെ പഠിച്ചിരിക്കണമല്ലോ. ഇതിന് മുമ്പ് കണ്ടിരിക്കുന്ന പല സിനിമകളിലും വ്യക്തിയെ പുറത്തുനിന്ന് മാത്രം വീക്ഷിച്ചിട്ട് എടുക്കുന്ന രീതിയാണ് കണ്ടിട്ടുള്ളത്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയവയിലെ ഇംഗ്ലീഷ് സിനിമകളും സീരിസുകളും കാണുന്ന ശീലം പണ്ട് നമുക്കിവിടെ ഉണ്ടായിരുന്നില്ല. അതുപോലൊരു ഓഡിയന്‍സിന് മുന്നിലേക്ക് സിനിമയുമായി വരുമ്പോള്‍ കുറേക്കൂടി ഹോംവര്‍ക്ക് എടുക്കേണ്ടി വരും

അല്‍ഫോണ്‍സ് സംസാരിക്കുമ്പോള്‍ സിനിമ സീനുകള്‍, പാട്ടുകള്‍, കാരക്ടര്‍, ഡയലോഗുകള്‍, ഫ്രെയിമുകള്‍, ആംഗിള്‍ എല്ലാം വിശദീകരിച്ചാണ് സംസാരിക്കുന്നത്. സിനിമകള്‍ അത്ര സൂക്ഷ്മമായി നിരീക്ഷിച്ചുതുടങ്ങിയത് എങ്ങനെയാണ്? ഒരു ഫിലിം മേക്കറാവണം എന്നൊരു തീരുമാനം ഉണ്ടാകുന്നത് എപ്പോഴാണ്?

ഫിലിം മേക്കറെന്ന ആഗ്രഹം തുടങ്ങിയത് ഡിഗ്രി കഴിഞ്ഞ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതിന് ശേഷമാണ്. അതിന് മുമ്പ് ആക്ടര്‍ ആവണമെന്നായിരുന്നു ആഗ്രഹം. പല സിനിമകളിലും ജൂനിയര്‍ ആര്‍ടിസ്റ്റാവാന്‍ നോക്കി. നടന്നില്ല. നമ്മള്‍ കരുതുന്ന രീതിയിലൊരു ഡയലോഗ് കിട്ടാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിയും. പിന്നീട് സിനിമ ഉണ്ടാകുന്നത് എങ്ങനെ എന്നറിയാനുളള ആഗ്രഹം തോന്നിത്തുടങ്ങി. അവിടെ നിന്ന് എഡിറ്റിംഗ് പിന്നെ ഡയറക്ഷന്‍. ബോയ്ഫ്രണ്ട് എന്ന സിനിമയിലാണ് ആദ്യമായിട്ട് വര്‍ക്ക് ചെയ്യുന്നത്. മൂന്ന് ആഴ്ച്ചയോളം ആ സിനിമയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ ബേസിക് മുതല്‍ പഠിക്കണമെന്ന് തോന്നി. കാരണം സിനിമാസെറ്റുകളില്‍ നിന്ന് എനിക്ക് പഠിക്കാനാകില്ലെന്ന് മനസിലായി. പലരും അങ്ങനെ പഠിച്ച് കയറിവന്നവരാണ്.

പക്ഷെ എനിക്കത് പറ്റില്ല. ഞാന്‍ കുറച്ച് സ്ലോ ആണ്. എന്താണ് ചെയ്യുന്നതെന്ന് മനസിലായില്ലെങ്കില്‍ പണി എടുക്കാന്‍ തോന്നില്ല. നമ്മള്‍ സിനിമ കാണേണ്ടത് ഓരോ ഫ്രെയിമിലൂടെയാണെന്നൊക്കെ പഠിച്ചത് പിന്നീട് ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെന്നതിന് ശേഷമാണ്. ക്യാമറ, ലൈറ്റിംങ് അങ്ങനെ ഓരോരോ ചെറിയ കാര്യങ്ങളിലൂടെ സിനിമയെ പഠിപ്പിച്ചുതന്ന ഒരിടമാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. അവിടെനിന്നായിരിക്കാം എനിക്കീ ഡീറ്റെയ്‌ലിംങ് കിട്ടിയത്, സിനിമയെ ഇങ്ങനെ കാണണം എന്ന് പഠിപ്പിച്ച അധ്യാപകരില്‍ നിന്നായിരിക്കാം.

ഒരു കഥ കയ്യിലെത്തുമ്പോള്‍ ഇതൊരു സിനിമയാക്കാം എന്ന് അല്‍ഫോണ്‍സ് എന്ന സംവിധായകന് തോന്നുന്നത് എപ്പോഴാണ്?

എത്ര ആഗ്രഹിച്ചാലും ചില കാര്യങ്ങള്‍ നടക്കണമെന്നില്ല. കുളമാകാറാണ് പതിവ്. ചിലതൊക്കെ ശരിയാകും. എന്റെ കഥ മനസിലാക്കി അത് ചെയ്യാന്‍ ഒരു പ്രൊഡ്യൂസര്‍ തയ്യാറായപ്പോഴാണ് നേരം സംഭവിക്കുന്നത്. അതുപോലെ തന്നെ അന്‍വര്‍ റഷീദ് എന്ന നിര്‍മ്മാതാവ് എനിക്ക് തന്ന ഫ്രീഡത്തില്‍ നിന്നാണ് പ്രേമം ഉണ്ടാകുന്നത്. എല്ലാവര്‍ക്കും കണ്ട് രസിക്കാന്‍ പറ്റുന്ന ഒരു സിനിമ, നിന്റെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്‌തെടുക്ക്, എന്നൊരു പ്രചോദനം എനിക്ക് അവിടെ നിന്നും കിട്ടിയിരുന്നു. അവിടെയാണ് ശരിക്കും ഒരു സിനിമ ഉത്ഭവിക്കുന്നത്. സിനിമയുടെ ചെലവുകള്‍ മനസിലാക്കി, വേണ്ട രീതിയില്‍ കാശ് മുടക്കി, നമ്മളെ അതിലേയ്ക്ക് ഇടപെടുത്താതെ, ബുദ്ധിമുട്ടിയ്ക്കാതെ, കൂടെ നില്‍ക്കുന്ന ഒരു പ്രൊഡ്യൂസര്‍ തന്നെയാണ് നമ്മളൊക്കെ കാണുന്ന ഈ സിനിമ എന്ന സ്വപ്നത്തിന്റെ കാരണക്കാരന്‍. അല്ലെങ്കില്‍ അത് വെറും പേപ്പര്‍ മാത്രമാണല്ലോ. അതുകൊണ്ട് അവിടെയാണ് എനിക്ക് ശരിക്കുമൊരു പോസിറ്റീവ് എനര്‍ജി വരുന്നത്. ഈ സിനിമ നന്നായിക്കാണാന്‍ നമ്മളെപ്പോലെ തന്നെ ആഗ്രഹിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട് എന്നറിയുമ്പോഴാണ് പടം നല്ല ഉഷാറാക്കാം എന്ന വിശ്വാസം വരുന്നത്.

അല്‍ഫോണ്‍സും കാര്‍ത്തിക് സുബ്ബരാജും നളന്‍ കുമരസ്വാമിയും മണികണ്ഠനുമെല്ലാം 'നാളെ ഇയക്കുനര്‍' പ്രോഗ്രാമിലൂടെ വന്നവരാണ്. അങ്ങനെ വന്ന സംവിധായകരെല്ലാം ഐഡന്റിറ്റിയുള്ള തീം സെലക്ഷനും വിഷ്വല്‍ ഐഡിയയും ഉള്ളവരാണ്. ആ പ്രോഗ്രാമും സൗഹൃദവും എങ്ങനെയാണ് നിങ്ങളെ പരസ്പരം സ്വാധീനിച്ചിട്ടുള്ളത്.

നേരം എന്ന ഷോര്‍ട്ഫിലിമാണ് സൗഹൃദത്തിന്റെ തുടക്കം. ശബരീഷ് വര്‍മ്മയാണ് അതിലെ നായകന്‍. ക്യാമറ ചെയ്തിരുന്നത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണശങ്കര്‍ ആണ്, കിച്ചു. കിച്ചുവിന് പകരം അതില്‍ അന്ന് അഭിനയിച്ചിരുന്നത് നേരത്തിന്റെയും പ്രേമത്തിന്റെയുമെല്ലാം സിനിമാറ്റോഗ്രഫി ചെയ്തിരുന്ന ആനന്ദാണ്. വില്ലന്‍ വിജയ് സേതുപതി ആയിരുന്നു. സൗണ്ട് വിഷ്ണു, ശങ്കര്‍. ഇപ്പോള്‍ അയ്യപ്പനും കോശിയും വരെ കുറേ സിനിമകള്‍ അവര്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ഈ ഷോര്‍ട്ഫിലിം കണ്ടിട്ട് മണികണ്ഠന്‍, കാക്കാമുട്ടൈ സിനിമയുടെ സംവിധായകന്‍ എന്നെ വിളിച്ചു. അവരന്ന് സിനിമയില്‍ കയറിയിട്ടില്ല. ഇതുപോലെ ഷോര്‍ട് ഫിലിമുകളെക്കെ ചെയ്തിട്ടുണ്ട്. 'കാര്‍ത്തിക് സുബ്ബരാജ് എന്നൊരു ഡയറക്ടറുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് ഷോര്‍ട്ഫിലിം ഞങ്ങള്‍ ചെയ്തു, ഇനിയും രണ്ടണ്ണം ചെയ്യാനുണ്ട്. നാളെ ഇയക്കുനര്‍ എന്നൊരു പ്രോഗ്രാമിന് വേണ്ടിയാണ്. നിങ്ങളൊന്ന് വരുമോ, നിങ്ങടെ എഡിറ്റിംഗ് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു' എന്നാണ് അന്ന് മണികണ്ഠന്‍ എന്നോട് ഫോണിലൂടെ പറഞ്ഞത്. അവര്‍ക്ക് ഓരോരുത്തര്‍ക്കും സിനിമയോടുള്ള ആത്മാര്‍ത്ഥത അവിടെ ചെന്നപ്പോള്‍ എനിക്ക് മനസിലായി. രാവണം, തുറു എന്നീ രണ്ടു ഷോര്‍ട്ഫിലിമുകള്‍ അവര്‍ എടുത്തുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സിനിമയെ പറ്റി നല്ല ധാരണയുണ്ടായിരുന്നു. പക്ഷെ എഡിറ്റിംഗില്‍ അറിവുണ്ടായിരുന്നില്ല. അവിടെനിന്നും കൂട്ടുകെട്ട് മെല്ലെ വളര്‍ന്ന് മണ്കണ്ഠന്റെ 'വിന്റ്' എന്ന ഷോര്‍ട്ഫിലിം എഡിറ്റ് ചെയ്യിപ്പിച്ചു. പിന്നീട് കാര്‍ത്തിക് സുബ്ബരാജ്, നളന്‍ കുമാരസ്വാമി എന്നിവരുടെ ഷോര്‍ട്ഫിലിമുകളും എഡിറ്റ് ചെയ്യിപ്പിച്ചു.

ഞാന്‍ സംവിധാനം ചെയ്ത സിനിമ ഞാന്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ മറ്റൊരാള്‍ സംവിധാനം ചെയ്ത സിനിമ ഞാന്‍ എഡിറ്റ് ചെയ്തിട്ടില്ല. ഇവര്‍ മൂന്നുപേരും ആയിട്ടുള്ള കൂട്ടുകെട്ടില്‍ എനിക്കതിന് സാധിച്ചു. മൂന്ന് തരത്തിലുള്ള ഫിലിം മേക്കഴ്‌സിനെയാണ് ഞാനവിടെ പരിചയപ്പെട്ടത്. നല്ല ഡയലോഗ്‌സിലും സ്‌ക്രിപ്റ്റിലുമാണ് നളന്റെ കഴിവ്. ബ്രില്ല്യന്റ് സ്‌ക്രിപ്റ്റ് ആണ് കാര്‍ത്തിക് സുബ്ബരാജിന്റെ ശക്തി. മണികണ്ഠന്‍ ഒരു ക്യാമറാമാന്‍ കൂടി ആണ്. മേക്കിംങിലാണ് അദ്ദേഹം കൂടുതല്‍ മികച്ചുനില്‍ക്കുന്നത്. സിനിമയുടെ പ്രൊസസ് എങ്ങനെയാണെന്നും സ്‌ക്രിപ്റ്റ് എങ്ങനെ വരണമെന്നും ഇവരില്‍ നിന്നാണ് ഞാന്‍ പഠിച്ചത്.

പ്രേമം അടിമുടി ഉടച്ചുവാര്‍ത്ത ചില മേഖലകളുണ്ട് സിനിമയില്‍. സൗണ്ട് ഡിസൈന്‍, മ്യൂസിക് ഇവയ്‌ക്കൊക്കെ പോപ്പുലര്‍ സിനിമയില്‍ വലിയ സാധ്യതയുണ്ടെന്ന് പ്രേമം ഇവിടെയുള്ള ഓരോ ഫിലിം മേക്കേഴ്‌സിനേയും ബോധ്യപ്പെടുത്തിയിരുന്നു. പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചെറിയ കഥാപാത്രങ്ങളുടെ വരെ പ്രവര്‍ത്തികളിലെ ഡീറ്റെയ്‌ലിങ്, സ്‌ക്രിപ്റ്റിന് അപ്പുറം ഇതിലെല്ലാം ഒരു സൂക്ഷ്മത വരുത്തിയത് എങ്ങനെയാണ്?

ചില കഥാപാത്രങ്ങള്‍ നമ്മള്‍ കരുതിയിരുന്ന രീതിയില്‍ തന്നെ ചെയ്യുന്നതാവും നന്നാവുക. ചിലത് ആക്ടേഴ്‌സ് അവരുടേതായ ശൈലിയില്‍ കൊണ്ടുവരുമ്പോള്‍ നന്നായേക്കാം. നേരത്തില്‍ ഷമ്മിച്ചേട്ടന്റെ ഡയലോഗ് അതങ്ങനെതന്നെ വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷെ ചിലതൊക്കെ അങ്ങനെ ആയിരുന്നില്ല. പ്രേമത്തില്‍ ഷറഫ് പറയുന്ന ഡയലോഗ് അവന്‍ സ്വയം വരുത്തിയ ചില തിരുത്തലുകളില്‍ നിന്നുണ്ടായതാണ്. അത് വര്‍ക്കാവുമെന്ന് ഞാനപ്പോഴേ പറഞ്ഞു.

അല്‍ഫോണ്‍സ് എന്ന ഡയറക്ടര്‍ക്കൊപ്പം എഡിറ്ററുടെ കാഴ്ച കൂടി നേരത്തിലും പ്രേമത്തിലും വിസിബിളാണ്. ഷൂട്ട് ചെയ്യുന്ന സമയത്ത് സീനുകള്‍ ഓപ്ഷനായി ചെയ്തിരുന്നോ?

എടുത്തിട്ട് ഉപയോഗിക്കാതെപോയ ഒരുപാട് സീനുകളുണ്ട്. നൂറ്റമ്പതോളം ചിത്രശലഭങ്ങള്‍ യുസി കോളേജിന് മുന്നിലെ ഒരു മരത്തിന് ചുറ്റും പറക്കുന്ന വീഡിയോ എടുത്തുവെച്ചിട്ടുണ്ട്. അത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആണോ എന്ന് കാണുന്നവര്‍ തെറ്റിദ്ധരിക്കുമോ എന്നതായിരുന്നു എന്റെ പേടി. പ്രേമത്തില്‍ കഥ പറയുന്ന ഓരോ കാലഘട്ടത്തെയും ബന്ധിപ്പിച്ചിരുന്നത് നടി സേതുലക്ഷ്മി ചേച്ചിയുടെ നരേഷനിലൂടെ ആയിരുന്നു. ഒരുപാട് നാളുകള്‍കൊണ്ട് പല ഇടങ്ങളില്‍ നിന്നായി ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ആയിരുന്നു അത്. പിന്നീട് പലരുടേയും അഭിപ്രായങ്ങള്‍ കൊണ്ട് മാറ്റിവെച്ചതാണ്. അത് സിനിമയില്‍ കൊണ്ടുവരാന്‍ പറ്റാത്തതില്‍ എനിക്കിപ്പോഴും വിഷമമുണ്ട്. ഞാന്‍ ഡയറക്ടറാണെങ്കില്‍ കൂടി ഇത് വേണ്ട എന്ന് നാലുപേര്‍ പറഞ്ഞാല്‍ എനിക്ക് സ്വാഭാവികമായും അത് മാറ്റാന്‍ തോന്നിയേക്കാം. അങ്ങനെ പലതും കട്ട് ചെയ്യേണ്ടിവന്നു. ചിലതൊന്നും ഈ സിനിമയ്ക്ക് ആവശ്യമുള്ളതായിരുന്നില്ല, ചിലതൊക്കെ അത്യാവശ്യമുള്ളതായിരുന്നു.

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT