Film News

ന്യൂക്ലിയര്‍ മെഡിസിനില്‍ നിന്ന് സിനിമാ നിര്‍മാണത്തിലേക്ക് ; റിലീസിന് തയ്യാറെടുക്കുന്ന നാല് ചിത്രങ്ങളുമായി ഡോ അജിത് ജോയ്

ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വിചിത്രം. അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കേരളത്തിലെ തന്നെ ആദ്യത്തെ ന്യൂക്ലിയര്‍ മെഡിസിന്‍ സെന്ററായ തിരുവന്തപുരത്തുള്ള ഡി.ഡി.എന്‍.എം.ആര്‍.സി യുടെ സ്ഥാപകനായ ഡോ അജിത് ജോയാണ്. വിചിത്രത്തെ കൂടാതെ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന മുകുന്ദനുണ്ണി അസോസിയേറ്റസ്, വിനയ് ഫോര്‍ട്ടും കലാഭവന്‍ ഷാജോണും പ്രധാനവേഷങ്ങളിലെത്തുന്ന ആട്ടം, ഗുരു സോമസുന്ദരം, ബാലു വര്‍ഗീസ്, കലൈയരശന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചാള്‍സ് എന്റര്‍പ്രൈസസ് എന്നീ ചിത്രങ്ങളും ഡോ അജിത് ജോയിയുടെ നിര്‍മാണത്തില്‍ റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

ന്യൂക്ലിയര്‍ മെഡിസിന്‍ ഫിസീഷ്യനായ ഡോ അജിത് ജോയ് സിനിമ നിര്‍മാണത്തിലേക്കുള്ള വഴിയെക്കുറിച്ച് ദ ക്യുവിനോട് സംസാരിക്കുന്നു.

കല എന്നും ഒപ്പമുണ്ടായിരുന്നു

മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. 'ധര്‍മ' എന്ന പേരില്‍ ഞങ്ങള്‍ക്കൊരു ട്രൂപ്പ് ഉണ്ടായിരുന്നു. കോളേജ് സ്‌കൂള്‍ ഫെസ്റ്റുകളിലൊക്കെ പങ്കെടുക്കുമായിരുന്നു. ചിന്മയ സ്‌കൂളിലായിരുന്നു പഠിച്ചത് , അതുകൊണ്ട് തന്നെ കലാ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും പങ്കാളിയായിരുന്നു. പടം വരയ്ക്കുന്ന ശീലവുമുണ്ടായിരുന്നു. പിന്നീട് അത് കൈയ്യില്‍ നിന്നും പോയി. കോവിഡ് വന്ന സമയത്താണ് വീണ്ടും അതിനുള്ള സാഹചര്യം വീണ്ടും വന്നത്. ഇന്‍ട്രാ -സ്‌കൂള്‍ മത്സരത്തില്‍ ഒരു നാടകത്തില്‍ ചാക്കോപുലയന്‍ എന്ന കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. മരിച്ചു പോയ ആ കഥാപാത്രം തിരികെ വരുന്നതായിരുന്നു അതിന്റെ കഥാ പശ്ചാത്തലം. അന്ന് എനിക്ക് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടിയിരുന്നു. പക്ഷേ, അതൊക്കെ അന്നേ പോയിരുന്നു. പിന്നീട് ഇപ്പോഴാണ് പ്രൊഡക്ഷന്‍ രംഗത്തിലേയ്ക്ക് വരുന്നത്. കല എന്നത് എന്റെ മനസ്സില്‍ പണ്ടു മുതലേ ഉള്ള സംഗതിയാണ് , ഇപ്പോള്‍ സിനിമ ചെയ്യുന്നത് കൊണ്ട് ഇത് പറയുന്നു എന്നത് മാത്രമേയുള്ളൂ.

അച്ചുവുമായി 9 വര്‍ഷത്തെ പരിചയം

എന്ത്് കഥ ഏത് ടൈം പീരീഡില്‍ വരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു സിനിമ നമ്മള്‍ കമ്മിറ്റ് ചെയ്യുന്നത്. വിചിത്രത്തിന്റെ സംവിധായകന്‍ അച്ചുവിനെ എനിക്ക് നേരത്തെ അറിയാം. ഞങ്ങള്‍ തമ്മില്‍ 9 വര്‍ഷത്തെ പരിചയമുണ്ട്. സിനിമയിലേയ്ക്ക് വരുന്നതിനു മുന്നേ തന്നെ എനിക്കൊരു സ്റ്റുഡിയോ ഉണ്ടായിരുന്നു. ഡി.ഡി.ആര്‍.സിയുടെ വര്‍ക്ക്സ് ചെയ്യാന്‍ വേണ്ടിയുള്ളതായിരുന്നു അത്്. അതിനു വേണ്ട ഇന്‍ഫോഗ്രോഫ്കിസ് മുതലായവ ചെയ്യാനുള്ള സ്റ്റുഡിയോയായിരുന്നു അത്. ഇപ്പോഴുള്ള എന്റെ സ്റ്റുഡിയോയില്‍ തന്നെയാണ് വിചിത്രത്തിന്റെ വി.എഫ്.എക്സ് ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ വലിയൊരു കോണ്‍സപ്റ്റിലാണ് ഉള്ളത്. കളറിംഗ് ,വി.എഫ്്. എക്സ് തുടങ്ങിയവ ചെയ്യാന്‍ പറ്റുന്ന ഒരു സ്റ്റുഡിയോ എന്ന നിലയ്ക്കാണ് അത് കണ്‍സീവ് ചെയ്തിരിക്കുന്നത്. അച്ചുവിനെ അതുവഴിയുള്ള പരിചയമാണ്.

ആദ്യം വേണ്ടത് തിരക്കഥയാണ്

സിനിമയ്ക്ക് ആദ്യം വേണ്ടത് തിരക്കഥയാണ്. ആ തിരക്കഥയെ വിഷ്വലാക്കാനുള്ള ഒരു വിന്‍ഡോ ആണ് സിനിമയും അതിനെച്ചുറ്റിപ്പറ്റി വരുന്ന പ്രൊഡക്ഷന്‍ പ്രോസസും. തിരക്കഥയില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. വിചിത്രത്തിന്റെ തിരക്കഥ രസമുള്ളതായിരുന്നു. കുറേയധികം തിരക്കഥകള്‍ ഞാനും അച്ചുവും ചേര്‍ന്ന് വായിച്ചിരുന്നു. അതില്‍ നിന്നുമാണ് ഈ സിനിമ വരുന്നത്.

വിചിത്രത്തിന്റെ സൗണ്ട് എക്സ്പീരിയന്‍സ് ഔട്ട് ഓഫ് വേള്‍ഡ് ആയിരിക്കും

വിചിത്രം വ്യത്യസ്ഥമായ ഒരു സിനിമയാണ്. സിനിമയുടെ ആദ്യപകുതിയില്‍ ഒരു കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ മറ്റൊരു മുഖം സിനിമയ്ക്ക് വരുന്നുണ്ട്. സിനിമാറ്റോഗ്രഫിയിലും, സൗണ്ടിലും ഒക്കെ തന്നെ നല്ല രീതിയില്‍ എഫേര്‍ട്ട് ഇട്ടിട്ടുണ്ട്. അതിന്റെ ഒരു ഫലം കാണാനും ഉണ്ടെന്നാണ് തോന്നുന്നത്. വിചിത്രത്തിന്റെ സൗണ്ട് എക്സ്പീരിയന്‍സ് ഔട്ട് ഓഫ് വേള്‍ഡ് ആയിരിക്കും. അറ്റ്മോസ് ഓഡിയോ ആണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ചിത്രത്തില്‍ പറയുന്ന വിഷയം നമ്മള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഹൊറര്‍ മൂഡ് ആണെന്ന് തോന്നാം പക്ഷേ, പൂര്‍ണ്ണമായും സിനിമ അതല്ല. സിനിമയ്ക്ക് വേറൊരു തലം കൂടെയുണ്ട്.

തിയേറ്ററുകളില്‍ എത്തിക്കുന്നതു വരെ മാത്രമേ പ്രൊഡ്യൂസര്‍ക്ക് റോള്‍ ഉള്ളൂ

തിയേറ്ററുകളില്‍ സിനിമ എത്തിക്കുന്നതു വരെ മാത്രമേ പ്രൊഡ്യൂസര്‍ക്ക് റോള്‍ ഉള്ളൂ. ചിലര്‍ക്ക് ചില സിനിമ ഇഷ്ടമാവില്ല. ചിലര്‍ക്ക് കോമഡിയാവും ഇഷ്ടം, ചിലര്‍ക്ക് ത്രില്ലര്‍ ഇഷ്ടമാവില്ല. ഇതെല്ലാം ആള്‍ക്കാരുടെ പേഴ്സണ്ല്‍ ചോയ്‌സസ് ആണ്. അതില്‍ നമുക്ക് ഒന്നും പറയാനില്ല. പക്ഷേ, നിലവാരമുള്ള ഒരു സിനിമ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. സിനിമ റിലീസായിക്കഴിഞ്ഞാല്‍ ബാക്കിയെല്ലാം പ്രേക്ഷകരുടെ കൈയിലാണ്. ബാക്കിയെല്ലാം തീരുമാനിക്കേണ്ടത് അവരാണ്. അതു വരെ എത്തുന്നതിലുള്ള കാര്യങ്ങളില്‍ ശ്രദ്ധിച്ചിട്ടുണ്ട്.

കോവിഡ് സമയത്തെ ചിത്രീകരണം

വിചിത്രം സിനിമയിലേയ്ക്ക് വന്നാല്‍ ഞങ്ങള്‍ക്ക് ബോണ്‍സായി മരങ്ങള്‍ ആവശ്യമായിരുന്നു, ഒറിജിനല്‍ മരങ്ങളാണ് നിങ്ങള്‍ കാണുന്നത്, ഒരു പഴയ വീട് ആവശ്യമുണ്ടായിരുന്നു, അതും കണ്ടെത്തി. സിനിമയിലെ ആര്‍ട്ട് എപ്പോഴും കോസ്റ്റിലിയാണ്. സെറ്റിലേയ്ക്ക് ചെന്നു കഴിയുമ്പോള്‍ നമ്മള്‍ തീരുമാനിച്ച് വച്ചതൊക്കെ മാറിമറിയാം. പ്രകൃതിയോട് നമുക്ക് മല്ലടിക്കാന്‍ പറ്റില്ല. ഒരു മഴ വന്നാല്‍ നമ്മുടെ തീരുമാനങ്ങളെല്ലാം മാറിമറിയും, എല്ലാം ഓവര്‍ലാപ് ആകും, ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റുകള്‍ മാറാം. അതുകൊണ്ട് ഓവര്‍ലാപിംഗ് വന്ന് കഴിഞ്ഞാല്‍ എന്തു ചെയ്യും എന്ന് കണക്കാക്കി തന്നെ വേണം നമ്മള്‍ ബഡ്ജറ്റ് പ്ലാന്‍ ചെയ്യാന്‍. വിചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് കോവിഡുണ്ട്. എപ്പോള്‍ വേണമെങ്കിലും ഷട്ട് ഡൗണ്‍ വരാം എന്നുള്ള അവസ്ഥയാണ്. അതെല്ലാം കണക്കാക്കി വേണം നമ്മള്‍ സിനിമയുടെ നിര്‍മ്മാണത്തിലേയ്ക്ക് കടക്കാന്‍.

സിനിമ ബിസിനസും ആര്‍ട്ടുമാണ്

സിനിമ ഒരേസമയം ബിസിനസ്സും ആര്‍ട്ടും ആണ്. രണ്ടും തമ്മിലുള്ള ബാലന്‍സ് നമ്മള്‍ കണ്ടെത്തണം. സിനിമ എന്ന ബിസിനസ് നമുക്ക് പ്രോഫിറ്റ് തരുന്ന ഏരിയ തന്നെയാണ്. പക്ഷേ, നമ്മള്‍ അത് കണക്ക് കൂട്ടി ചെയ്യണം. കൃത്യമായ പ്ലാനിംഗോടു കൂടി സമീപിച്ചാല്‍ മാത്രമേ അത് നമുക്ക് വര്‍ക്ക് ആക്കിയെടുക്കാന്‍ പറ്റൂ. പ്രീ പ്രൊഡക്ഷന്‍ സമയത്ത് കൃത്യമായ പ്ലാനിംഗ് ഉണ്ടാകണം. ആദ്യം ,വേണ്ട ബഡ്ജറ്റ് എത്രയെന്ന് തീരുമാനിക്കണം. പിന്നെ അതിലേയ്ക്ക് വേണ്ട കാര്യങ്ങള്‍, അതായത്, എത്ര ക്യാമറകള്‍, എവിടെയൊക്കെയാണ് നമ്മുടെ ലൊക്കേഷന്‍ എന്നതൊക്കെ തീരുമാനിക്കണം. സിനിമ പിക്ചറൈസേഷന്‍ ചെയ്യന്നതിനും വേണ്ടിയുള്ള ഇന്‍സ്ട്രുമെന്റുകള്‍ ഏതൊക്കെയാണെന്നും, അത് എത്ര എണ്ണം നമ്മുടെ ആവശ്യത്തിനനുസരിച്ച് ചെയ്യണം എന്നതൊക്കെ പ്ലാന്‍ ചെയ്യണം. ആര്‍ട്ടിസ്റ്റുകളെ ചൂസ് ചെയ്യുന്നതും ഇതിന്റെ പാര്‍ട്ടാണ്. പ്രീ - പ്രൊഡക്ഷന്‍ പ്രോസസിന് സിനിമയില്‍ വലിയ പങ്കു വഹിക്കാനുണ്ട്. നമ്മള്‍ വിചാരിക്കുന്ന രീതിയില്‍ ചിലപ്പോള്‍ ലാഭം ഉണ്ടായില്ലെങ്കിലും, സിനിമയില്‍ നിന്നും ലാഭം ഉണ്ടാക്കാന്‍ നമുക്ക് പറ്റും.

റിലീസിനൊരുങ്ങുന്നത് നാല് ചിത്രങ്ങള്‍

വിചിത്രമാണ് എന്റെ ആദ്യത്തെ നിര്‍മ്മാണ സംരംഭം. അതു കഴിഞ്ഞ് ഇനി 3 സിനിമകള്‍ കൂടെ വരാനുണ്ട്. ആകെ 4 സിനിമയാണ് ഞാന്‍ നിര്‍മ്മിച്ചത്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് നവംബറില്‍ റിലീസ് ചെയ്യും . വിനീത് ശ്രീനിവാസനെ മുന്‍പ് എങ്ങും കണ്ടിട്ടില്ലാത്ത വിധത്തില്‍ നമ്മള്‍ കാണാന്‍ പോകുന്ന സിനിമ കൂടെയാണിത്. മറ്റൊന്ന് ആട്ടം എന്ന സിനിമയാണ്. വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍, കാന്‍സ് ഫെസ്റ്റിവല്‍ പോലുള്ള സ്ഥങ്ങളിലൊക്കെ റണ്‍ ചെയ്യാന്‍ പോകുന്ന സിനിമയാണിത്. അതെല്ലാം കഴിഞ്ഞ് തിയേറ്റര്‍ റിലീസ് പ്ലാന്‍ ചെയ്യുന്നത്. ഈ സിനിമയും ഡിഫറന്റായ ഒന്നാണ്, വേറിട്ട കഥ പറച്ചില്‍ രീതി തന്നെയാണ് ഇതിലും സ്വീകരിച്ചിട്ടുള്ളത്. ഫെസ്റ്റിവല്‍ അപ്രീസിയേഷന്‍ കിട്ടാന്‍ സാധ്യതയുള്ള സിനിമയായതു കൊണ്ട് അങ്ങനെ കുറച്ചു റണ്‍ ചെയ്യിക്കാം എന്ന് തീരുമാനിച്ചു. ചാള്‍സ് എന്റര്‍പ്രൈസസ് ആണ് മറ്റൊന്ന്. ഗുരു സോമസുന്ദരം, ബാലു വര്‍ഗീസ്, കലൈയരശന്‍ തുടങ്ങിയവര്‍ അഭിനയിച്ച സിനിമയാണ്. 2023 ജനുവരിയോട് കൂടെ സിനിമ റിലീസിന് എത്തിക്കണം എന്നാണ് കരുതുന്നത്.

ഒരു കുടുംബത്തില്‍ നിന്ന് തുടങ്ങി ചെറിയ നിഗൂഢതകളും ഹൊറര്‍ എലമെന്റ്സും ഉള്‍പ്പെടുന്നതാണ് വിചിത്രത്തിന്റെ ട്രെയ്‌ലര്‍. അര്‍ജുന്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ അച്ചു വിജയന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം - ജുബൈര്‍ മുഹമ്മദ് (സ്ട്രീറ്റ് അക്കാഡമിക്‌സ്), പശ്ചാത്തല സംഗീതം -ജുബൈര്‍ മുഹമ്മദ് , സൗണ്ട് ഡിസൈന്‍ ആന്റ് ഫൈന്‍ മിക്‌സ് - വിഷ്ണു ഗോവിന്ദ് , കലാ സംവിധാനം -സുബാഷ് കരുണ്‍ , പി .ആര്‍ .ഓ - ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് -രോഹിത് കെ സുരേഷ് , വസ്ത്രാലങ്കാരം - ദിവ്യ ജോബി. വിതരണം- ജോയ് മൂവി പ്രൊഡക്ഷന്‍സ്. ഒക്ടോബര്‍ പതിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

’വല്ല്യേട്ടൻ’ സിനിമയിലെ അപൂർവ്വ ലൊക്കേഷൻ ചിത്രങ്ങൾ

പെര്‍ത്തില്‍ ആധികാരിക വിജയം, ന്യൂസിലന്‍ഡില്‍ നിന്നേറ്റ പരുക്കിന് കണക്ക് തീര്‍ത്തത് ഓസീസിനോട്; ഈ വിജയം ബുംറയുടേത്

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ലല്ലോ; ഇന്റിമേറ്റ് രംഗങ്ങളിൽ പ്രതികരണവുമായി ദിവ്യപ്രഭ

ആദ്യ ചിത്രത്തിന് ശേഷം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു, സുകുമാറാണ് ജീവിതത്തെ മാറ്റി മറിച്ചത്, ആര്യ ഇല്ലെങ്കിൽ ഞാനില്ല: അല്ലു അർജുൻ

ഫ്യൂഡൽ നായകന്മാരെ ഇപ്പോഴും ജനങ്ങൾക്കിഷ്ടമാണ്, ലൂസിഫർ പോലും അങ്ങനെയുള്ള ഒരു സിനിമയാണ്: ഷാജി കൈലാസ്

SCROLL FOR NEXT